2 Aug 2023 5:21 AM GMT
ധനലക്ഷ്മി ബാങ്കിന്റെ അറ്റാദായം 7% ഉയര്‍ന്ന് 28.3 കോടി രൂപയില്‍, അറ്റ എന്‍പിഎ 1.09 ശതമാനം കുറഞ്ഞു
MyFin Bureau
Summary
- അവലോകന പാദത്തില്‍ ബാങ്കിന്റെ ആകെ വരുമാനം 341.40 കോടി രൂപ ബാങ്കിന്റെ പ്രൊവിഷന്‍ കവറേജ് റേഷ്യോ 90.79 ശതമാനം
കൊച്ചി: തൃശൂര്‍ ആസ്ഥാനമായുള്ള ധനലക്ഷ്മി ബാങ്ക് ജൂണില്‍ അവസാനിച്ച പാദത്തില്‍ 28.30 കോടി രൂപയുടെ അറ്റാദയം രേഖപ്പെടുത്തി. 2022-23 വര്‍ഷത്തിലെ ഇതേ കാലയളവില്‍ ബാങ്കിന്റെ നഷ്ടം 26.43 കോടി രൂപയായിരുന്നു. വാര്‍ഷികടിസ്ഥാനത്തില്‍ 7.07 ശതമാനം വളര്‍ച്ചയാണ ബാങ്ക് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നിരുന്നാലും 2023 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ അറ്റാദയം 38.17 കോടി രൂപയായി ഉയര്‍ന്നിരുന്നു. അതായത് തുടര്‍ച്ചയായി, നടപ്പുവര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ബാങ്കിന്റെ ലാഭത്തില്‍ ഇടിവുണ്ടായി.
കേരളത്തിലെ നാല് പ്രധാന ബാങ്കുകളില്‍ ഏറ്റവും ചെറുതാണ് ധനലക്ഷമി ബാങ്ക്. അവലോകന പാദത്തിലെ ബാങ്കിന്റെ ആകെ വരുമാനം 341.40 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ പാദത്തിലെ ആകെ വരുമാനം 236.82 കോടി രൂപയായിരുന്നു. അവലോകന പാദത്തിലെ ബാങ്കിന്റെ ആകെ ചെലവ് മുന്‍ വര്‍ഷം ഇതേ പാദത്തിലെ 241.84 കോടി രൂപയില്‍ നിന്നും 283.46 കോടി രൂപയായി ഉയര്‍ന്നു. ജൂണില്‍ അവസാനിച്ച പാദത്തില്‍ കിട്ടാക്കടങ്ങള്‍ക്കും, അടിയന്തര സാഹചര്യങ്ങള്‍ക്കുമായി ബാങ്ക് 27.64 കോടി രൂപ മാറ്റിവെച്ചിരുന്നു. ഇത് താരതമ്യേന വലിയ തുകയായതിനാല്‍ അറ്റ നിഷ്‌ക്രിയ ആസ്തി ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചു.
മൊത്ത നിഷ്‌ക്രിയ ആസ്തി മുന്‍ വര്‍ഷം ഇതേ കാലയളവിലെ 6.35 ശതമാനത്തില്‍ നിന്നും 5.21 ശതമാനമായി കുറയ്ക്കാനും ബാങ്കിന് കഴിഞ്ഞു. എന്നാല്‍ ഇത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തിലെ 5.19 ശതമാനത്തെക്കാള്‍ അല്‍പ്പം ഉയര്‍ന്നതാണ്. അറ്റ നിഷ്‌ക്രിയ ആസ്തി വാര്‍ഷികാടിസ്ഥാനത്തില്‍ 2.69 ശതമാനത്തില്‍ നിന്നും 1.09 ശതമാനത്തിലേക്ക് കുറഞ്ഞു. തുടര്‍ച്ചയായി അറ്റ നിഷ്‌ക്രിയ ആസ്തി 1.16 ശതമാനം കുറഞ്ഞു.
2023 ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച് ഇന്‍ഡസ്ട്രിയില്‍ ബാങ്കിന് 90.79 ശതമാനം എന്ന ഉയര്‍ന്ന പ്രൊവിഷന്‍ കവറേജ് റേഷ്യോയുണ്ട്. 2023 ജൂണ്‍ 30 വരെ ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം (സിഎആര്‍) 12.57 ശതമാനം എന്ന താഴ്ന്ന നിലയിലാണ്. അതിനാല്‍, ബാങ്കിന് പുതിയ മൂലധനം നല്‍കേണ്ടി വന്നേക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.