13 Aug 2024 7:50 AM
Summary
- ദേവദൂതന്‍ കേളത്തില്‍നിന്നുമാത്രം വാരിയത് നാല് കോടിക്ക് മുകളില്‍
- ആഗോള കളക്ഷന്‍ അഞ്ചുകോടി കടന്നു
- സ്ഫടികം തീയേറ്ററിലെത്തിയപ്പോള്‍ വന്ന ചെലവ് ഒരു കോടിയോളം രൂപ
മലയാള സിനിമാരംഗത്ത് ചിത്രങ്ങളുടെ റീ റിലീസ് സമീപകാലത്തായി ചരിത്രം സൃഷ്ടിക്കുകയാണ്. ഏറെ പരിശ്രങ്ങള്‍ക്കൊടുവില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ മുമ്പ് എത്തിയ ചിത്രങ്ങളാണ് ഇങ്ങനെ ഡിജിറ്റല്‍ സാങ്കേതിക വിദ്യയില്‍ സ്‌ക്രീനിലെത്തിയത്. ചിലത് റിലീസ് സമയത്ത് പരാജയപ്പെട്ടതായിരുന്നു. ചിലത് വന്‍വിജയം അന്ന് നേടിയെടുത്തതും.
സ്ഫടികം, ദേവദൂതന്‍ തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്. ഒരു പഴയ സിനിമ 4കെ യിലേക്ക് മാറ്റുന്നതിന് ഏകദേശം അഞ്ചുലക്ഷം രൂപയാണ് ചെലവ് വരിക. എന്നാല്‍ അത് തീയേറ്റര്‍ റിലീസിനായി തയ്യാറാക്കുമ്പോള്‍ ചെലവ് വര്‍ധിക്കും. സ്ഫടികം തീയേറ്ററിലെത്തിയപ്പോള്‍ അതിനുവന്ന ചെലവ് ഏതാണ്ട് ഒരു കോടിയോളം രൂപയായിരുന്നു.
പഴയ സിനിമ പുതിയ സാങ്കേതിക വിദ്യയിലൂടെ കടന്നുവന്നത് കാണാന്‍ പ്രേക്ഷകര്‍ക്ക് ഒരു കൗതുകം തന്നെയുണ്ട്. അത് പ്രത്യേകിച്ചും മികവുറ്റ സിനിമകളാകുമ്പോള്‍ കാണികളുടെ തിരക്കേറുകയും ചെയ്യും.
റീ റിലീസ് നടത്തിയ ദേവദൂതന്‍ യഥാര്‍ത്ഥ റിലീസിന് പരാജയപ്പെട്ട ചിത്രമായിരുന്നു. അതിനാല്‍ ഒരു സാമ്പത്തിക നേട്ടം പ്രതീക്ഷിച്ചല്ല അണിയറ ശില്‍പ്പികള്‍ ഈ ചിത്രം റീ റിലീസിംഗിന് ഒരുക്കിയത്. മികവാര്‍ന്ന ഒരു ചലച്ചിത്രം ഇന്നത്തെ തലമുറയ്ക്ക് കാണാന്‍ ഒരു അവസരം ഒരുക്കിക്കൊടുക്കുകയായിരുന്നു അവര്‍. സിനിമയുടെ നിര്‍മ്മാതാവുതന്നെ രണ്ടാം വരവില്‍ ഒരു സാമ്പത്തിക നേട്ടം പ്രതീക്ഷിക്കുന്നില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പുതുതലമുറ ചിത്രത്തെ ഇരുകൈയ്യും നീട്ടി വരവേല്‍ക്കുന്ന കാഴ്ചയാണ് പിന്നെ കണ്ടത്.
2000ത്തിലാണ് ദേവദൂതന്‍ റിലീസ് ചെയ്തിരുന്നത്. അന്നത് പരാജയപ്പെട്ടു. അതേസമയം മോഹന്‍ലാല്‍ തന്നെ അഭിനയിച്ച് ആവര്‍ഷം തന്നെ പുറത്തിറങ്ങിയ നരസിംഹം വന്‍ ഹിറ്റുമായിരുന്നു.
ജൂലൈ 26നാണ് ദേവദൂതന്‍ റീ റിലീസ് ചെയ്തത്. തുടക്കത്തില്‍ റിലീസ് ചെയ്ത കേന്ദ്രങ്ങളുടെ എണ്ണം അണിയറപ്രവര്‍ത്തകര്‍ക്ക് പിന്നീട് വര്‍ധിപ്പിക്കേണ്ട സാഹചര്യം വാര്‍ത്തയായിരുന്നു.
ചിത്രത്തിന്റെ സംഗീതം അന്നേ ഹിറ്റായിരുന്നു. ഇപ്പോള്‍ കണക്കുകള്‍ പ്രകാരം ദേവദൂതന്‍ കേളത്തില്‍നിന്നുമാത്രം വാരിയത് നാല് കോടിക്ക് മുകളിലാണ്. വിദേശ കേന്ദ്രങ്ങളിലെ കണക്കുകള്‍ കൂടി ചേര്‍ക്കുമ്പോള്‍ അത് 5 കോടിയും കടന്നു. ഒരു മലയാളം റീ റീലിസ് ചിത്രം നേടുന്ന ഉയര്‍ന്ന തുകയാണിത്.
റീ റിലീസ് ചെയ്യുന്ന രണ്ടാമത്തെ മോഹന്‍ലാല്‍ ചിത്രമാണ് ദേവദൂതന്‍. 1995 ല്‍ ആദ്യമായി പുറത്തിറങ്ങിയ ഭദ്രന്‍ സംവിധാനം ചെയ്ത കള്‍ട്ട് ക്ലാസിക് സ്ഫടികത്തിന്റെ ഡിജിറ്റലായി പുനര്‍നിര്‍മ്മിച്ച 4കെ ഡോള്‍ബി അറ്റ്മോസ് പതിപ്പ് 2023-ല്‍ വീണ്ടും പുറത്തിറങ്ങി. നടന്റെ കരിയറിലെ നാഴികക്കല്ലായിരുന്നു സ്ഫടികം. ഇത് നിരൂപകവും വാണിജ്യപരവുമായ വിജയമായിരുന്നു. കൂടാതെ ആടു തോമ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ മോഹന്‍ലാലിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്തു. എന്നാല്‍ രണ്ടാം വരവ് ചിത്രത്തെ സാമ്പത്തികമായി സഹായിച്ചു എന്ന് പറയാനാവില്ല.
മുമ്പ് വന്‍ ഹിറ്റായിരുന്ന മണിച്ചിത്രത്താഴ് ഈ മാസം 17ന് റീ റിലീസ് ചെയ്യും എന്നും വര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഇതോടെ മുമ്പ് ഹിറ്റായി മാറിയ നിരവധി ചിത്രങ്ങള്‍ വീണ്ടും റിലീസിംഗ് നടത്തണമെന്ന് ആരാധകര്‍ ആവശ്യപ്പെടുകയാണ്.
രജനികാന്തിന്റെ ബാഷയും വിജയ് തരംഗമാക്കിയ ഗില്ലിയും റീ റിലീസിംഗില്‍ ചലനം സൃഷ്ടിച്ച ചിത്രങ്ങളാണ്.