image

20 Dec 2023 12:50 PM IST

News

കൃഷി, കര്‍ഷക ക്ഷേമ വകുപ്പ് വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നു

MyFin Desk

department of agriculture and farmers welfare implements various schemes
X

Summary

  • കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്
  • കോള്‍ഡ് സ്‌റ്റോറേജുകള്‍ സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായം
  • പ്രകൃതിക്ഷോഭം മൂലം വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ഇന്‍പുട്ട് സബ്‌സിഡി


കൃഷി, കര്‍ഷക ക്ഷേമ വകുപ്പ് (DA&FW) വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നു. ദേശീയ ഭക്ഷ്യസുരക്ഷാ മിഷന്‍ (NFSM), ഹോര്‍ട്ടികള്‍ച്ചറിന്റെ സംയോജിത വികസന മിഷന്‍ (MIDH), രാഷ്ട്രീയ കൃഷി വികാസ് യോജന (RKVY), ദേശീയ സുസ്ഥിര കാര്‍ഷിക മിഷന്‍ (NMSA) തുടങ്ങിയ പദ്ധതികളാണു നടപ്പിലാക്കുന്നത്.

ഉല്‍പ്പാദനം, ഉല്‍പ്പാദന ക്ഷമത എന്നിവ വര്‍ധിപ്പിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനുമാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്.

കേന്ദ്ര ഗവണ്‍മെന്റിന്റെയും സംസ്ഥാനങ്ങളുടെയും യോജിച്ച ശ്രമങ്ങളുടെ ഫലമായി 2022-23 കാലയളവില്‍ 329.69 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങളുടെ റെക്കോര്‍ഡ് ഉല്‍പ്പാദനമാണ് ഉണ്ടായത്.

പ്രകൃതി ദുരന്തങ്ങള്‍ മൂലമുള്ള വിളനാശത്തില്‍ നിന്ന് കര്‍ഷകര്‍ക്ക് സാമ്പത്തിക സംരക്ഷണം ഉറപ്പാക്കുകയും ആധുനിക കാര്‍ഷിക രീതികള്‍ പിന്തുടരാനും അവ നടപ്പിലാക്കാനും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന പദ്ധതി (പിഎംഎഫ്ബിവൈ).

പ്രകൃതിക്ഷോഭം മൂലം 33 ശതമാനവും അതില്‍ കൂടുതലും വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് എന്‍ഡിആര്‍എഫ്/ എസ്ഡിആര്‍എഫ് മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഇന്‍പുട്ട് സബ്‌സിഡി ലഭിക്കും.

കാലാവസ്ഥാ വ്യതിയാനത്തിനെതിരായ കാര്‍ഷിക മേഖലയുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനായി 2011-ല്‍ 'നാഷണല്‍ ഇന്നൊവേഷന്‍സ് ഇന്‍ ക്ലൈമറ്റ് റെസിലന്റ് അഗ്രികള്‍ച്ചര്‍' (എന്‍ഐസിആര്‍എ) എന്ന ഒരു പദ്ധതി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് (ഐസിഎആര്‍) ആരംഭിച്ചു.

വരള്‍ച്ച, വെള്ളപ്പൊക്കം, മഞ്ഞ്, ചൂട് തരംഗങ്ങള്‍ തുടങ്ങിയ അതിരൂക്ഷമായ കാലാവസ്ഥയെ നേരിടാന്‍ ജില്ലകളെയും പ്രദേശങ്ങളെയും സഹായിക്കുന്നതിനും രാജ്യത്തെ ദുര്‍ബല പ്രദേശങ്ങളെ അഭിസംബോധന ചെയ്യുന്നതിനും കാലാവസ്ഥാ പ്രതിരോധശേഷിയുള്ള കൃഷി വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണു പദ്ധതി ലക്ഷ്യമിടുന്നത്.

മണ്‍സൂണ്‍ പാറ്റേണ്‍ ഓരോ തവണയും പ്രവചനാതീതമാവുകയാണ്. വര്‍ദ്ധിച്ചുവരുന്ന ഈ പ്രവണതയ്‌ക്കെതിരെ കാര്‍ഷിക മേഖലയുടെ പ്രതിരോധം വര്‍ദ്ധിപ്പിക്കുന്നതിന്, 2014 മുതല്‍ 2023 വരെയുള്ള കാലയളവില്‍ വരള്‍ച്ച/ ഈര്‍പ്പം എന്നിവ ഉള്‍പ്പെടെ വിവിധ കാര്‍ഷിക കാലാവസ്ഥാ സാഹചര്യങ്ങള്‍ക്കായി 2380 ഉയര്‍ന്ന വിളവ് തരുന്ന വയല്‍വിളകളുടെ / സങ്കരയിനങ്ങള്‍ ഐസിഎആര്‍ പുറത്തിറക്കിയിട്ടുണ്ട്.

128 ധാന്യങ്ങള്‍, 22 എണ്ണക്കുരുക്കള്‍, 34 പയര്‍വര്‍ഗ്ഗങ്ങള്‍, 9 നാരുകള്‍, 29 പഞ്ചസാര വിളകള്‍ എന്നിവയാണ് ഐസിആര്‍ പുറത്തിറക്കിയ സങ്കരയിനങ്ങള്‍.

കൂടാതെ, 46 നെല്ല്, 2 ചോളം, 1 ചേമ്പ്, 5 ചണം, 1 നെല്ല്, 17 കരിമ്പ് എന്നിവയുള്‍പ്പെടെ 72 വെള്ളപ്പൊക്കം/വെള്ളം കെട്ടിനില്‍ക്കുന്നതിനെ പ്രതിരോധിക്കുന്ന വയല്‍വിളകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഡ്രൈലാന്‍ഡ് അഗ്രികള്‍ച്ചര്‍ (ICAR-CRIDA) കാലാവസ്ഥയുമായി ബന്ധപ്പെട്ട വെല്ലുവിളികളുടെ ആഘാതം ലഘൂകരിക്കുന്നതിനായി 650 ജില്ലകള്‍ക്കായി ജില്ലാ കാര്‍ഷിക പദ്ധതി (DACP) വികസിപ്പിക്കുകയും എല്ലാ സംസ്ഥാന കൃഷി വകുപ്പുകളിലേക്കും വ്യാപിപ്പിക്കുകയും ചെയ്യുന്നു.

പദ്ധതിയില്‍ സാങ്കേതിക ഇടപെടലുകള്‍ നടത്താറുണ്ട്.

കൃഷി, കര്‍ഷക ക്ഷേമ വകുപ്പ് സംസ്ഥാനങ്ങള്‍ക്ക് ബോധവല്‍ക്കരണ കാമ്പെയ്ന്‍ സൃഷ്ടിക്കുന്നതിനും പ്രാദേശിക ആവശ്യങ്ങള്‍ക്കനുസരിച്ച് കണ്ടിജന്‍സി പ്ലാന്‍ നടപ്പിലാക്കുന്നതിനുമായി സംസ്ഥാനങ്ങള്‍ക്ക് ഉപദേശം നല്‍കുന്നു.

സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ രാജ്യത്തെ പ്രധാനപ്പെട്ട 150 റിസര്‍വോയറുകളുടെ തത്സമയ സംഭരണ നില നിരീക്ഷിക്കുകയും എല്ലാ വ്യാഴാഴ്ചയും പ്രതിവാര ബുള്ളറ്റിന്‍ ഇറക്കുകയും ചെയ്യുന്നു.

പ്രതിവാര ബുള്ളറ്റിന്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ജലവിഭവ വകുപ്പുകളുമായി പങ്കിടുകയും സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്റെ വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യുന്നുമുണ്ട്.

കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ദുരന്തസാഹചര്യങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിനുമായി രാജ്യത്തെ റിസര്‍വോയര്‍ സംഭരണത്തിന്റെ സ്ഥിതി അവലോകനം ചെയ്യുന്നതിനായി ഇന്റര്‍ മിനിസ്റ്റീരിയല്‍ ക്രോപ്പ് വെതര്‍ വാച്ച് ഗ്രൂപ്പിനും ഈ പ്രതിവാര ബുള്ളറ്റിന്‍ നല്‍കുന്നു.

കോള്‍ഡ് സ്‌റ്റോറേജുകള്‍ സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായം

ഹോര്‍ട്ടികള്‍ച്ചറല്‍ ഉല്‍പന്നങ്ങള്‍ക്കായി ശീതീകരണ സംഭരണികള്‍ സ്ഥാപിക്കുന്നതിന് കഴിഞ്ഞ അഞ്ച് വര്‍ഷം സാമ്പത്തിക സഹായം നല്‍കി.

2015-ല്‍ നബാര്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വീസസ് 'ഓള്‍ ഇന്ത്യ കോള്‍ഡ്‌ചെയിന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കപ്പാസിറ്റി ' എന്ന വിഷയത്തില്‍ നടത്തിയ പഠനമനുസരിച്ച്, 351.00 ലക്ഷം മെട്രിക് ടണ്‍ ആയിരുന്നു ആവശ്യമായി വന്ന കോള്‍ഡ് സ്‌റ്റോറേജുകളുടെ ശേഷി. എന്നാല്‍ 318.23 ലക്ഷം മെട്രിക് ടണ്ണിന്റെ ശേഷിയാണ് 2014-ല്‍ ഉണ്ടായിരുന്നത്.

ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്, നിലവില്‍ 394.17 ലക്ഷം മെട്രിക് ടണ്‍ ശേഷിയുള്ള 8653 കോള്‍ഡ് സ്‌റ്റോറേജുകള്‍ രാജ്യത്തുണ്ട്.

ഹോര്‍ട്ടികള്‍ച്ചറല്‍ ഉല്‍പന്നങ്ങള്‍ക്കായി ശീതീകരണ സംഭരണികള്‍ സ്ഥാപിക്കുന്നതിന് സാമ്പത്തിക സഹായം ലഭ്യമാകുന്ന വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കുന്നു.

കാര്‍ഷിക/ഹോര്‍ട്ടികള്‍ച്ചര്‍ ഉല്‍പന്നങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍, കോള്‍ഡ് സ്‌റ്റോറേജിന് പുറമെ, പ്രീകൂളിംഗ് യൂണിറ്റ്, കോള്‍ഡ് റൂം, പാക്ക് ഹൗസുകള്‍, ഇന്റഗ്രേറ്റഡ് പാക്ക് ഹൗസ്, പ്രിസര്‍വേഷന്‍ യൂണിറ്റ്, റീഫര്‍ ട്രാന്‍സ്‌പോര്‍ട്ട്, റൈപ്പനിംഗ് ചേംബര്‍ തുടങ്ങിയവ സ്ഥാപിക്കുന്നതിനും സാമ്പത്തിക സഹായം നല്‍കുന്നു. മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഓഫ് ഹോര്‍ട്ടികള്‍ച്ചറിന് (എംഐഡിഎച്ച്) കീഴിലാണു സഹായം നല്‍കുന്നത്.