image

25 March 2025 10:07 AM

News

സ്ത്രീകള്‍ക്ക് സൗജന്യ യാത്രാ കാര്‍ഡുകളുമായി ഡെല്‍ഹി

MyFin Desk

സ്ത്രീകള്‍ക്ക് സൗജന്യ യാത്രാ കാര്‍ഡുകളുമായി ഡെല്‍ഹി
X

Summary

  • നിലവിലുള്ള പിങ്ക് ടിക്കറ്റ് സമ്പ്രദായത്തിന് പകരമാണിത്
  • ഗതാഗത മേഖലയ്ക്ക് നീക്കിവെച്ചത് 12,952 കോടി രൂപ


സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര ലഭിക്കുന്നതിനായി ഡല്‍ഹി സര്‍ക്കാര്‍ യാത്രാ കാര്‍ഡുകള്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത പ്രഖ്യാപിച്ചു. നിലവിലുള്ള പിങ്ക് ടിക്കറ്റ് സമ്പ്രദായത്തിന് പകരമായാണ് ഇത്.

തലസ്ഥാനത്തെ പൊതുഗതാഗതവും നഗര മൊബിലിറ്റിയും മെച്ചപ്പെടുത്തുന്നതിനായി ഗതാഗത മേഖലയ്ക്ക് 12,952 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്ന് ധനകാര്യ വകുപ്പ് കൂടി വഹിക്കുന്ന മുഖ്യമന്ത്രി 2025-26 ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പ്രഖ്യാപിച്ചു.

സൗജന്യ ബസ് സര്‍വീസുകള്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് സുഗമവും അഴിമതി രഹിതവുമായ അനുഭവം ഉറപ്പാക്കാന്‍, നിലവിലുള്ള പിങ്ക് ടിക്കറ്റുകള്‍ക്ക് പകരമായി പുതിയ ഡിജിറ്റല്‍ ട്രാവല്‍ കാര്‍ഡ് കൊണ്ടുവരുമെന്ന് ഗുപ്ത പറഞ്ഞു.

'ഈ കാര്‍ഡ് സ്ത്രീകള്‍ക്ക് പൊതു ബസുകളില്‍ എപ്പോള്‍ വേണമെങ്കിലും സ്വതന്ത്രമായി യാത്ര ചെയ്യാന്‍ അനുവദിക്കും. ടിക്കറ്റിംഗുമായി ബന്ധപ്പെട്ട അഴിമതി ഇല്ലാതാക്കും,' മികച്ച കാര്യക്ഷമതയ്ക്കായി മുഴുവന്‍ സംവിധാനവും ഡിജിറ്റൈസ് ചെയ്യുമെന്നും അവര്‍ പറഞ്ഞു.

ഡല്‍ഹിയില്‍ നിലവില്‍ 2,152 ഇലക്ട്രിക് ബസുകളുണ്ടെന്നും 2025-26 ആകുമ്പോഴേക്കും 5,000-ത്തിലധികം പുതിയ ബസുകള്‍ കൂടി ഈ ഫ്‌ലീറ്റില്‍ ഉള്‍പ്പെടുത്തുമെന്നും അവര്‍ എടുത്തുപറഞ്ഞു.

നഗരത്തിലെ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിനായി ലക്ഷ്യമിട്ടുള്ള നഗര ഗതാഗത പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ 1,000 കോടി രൂപ അനുവദിച്ചതായും ഡല്‍ഹി മെട്രോ വികസനത്തിനായി 2,929 കോടി രൂപ നീക്കിവച്ചതായും രേഖ ഗുപ്ത പ്രഖ്യാപിച്ചു.

ടാക്‌സി, ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ ജോലി സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും മെച്ചപ്പെട്ട പിന്തുണാ സംവിധാനങ്ങള്‍ നല്‍കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഒരു ക്ഷേമബോര്‍ഡ് സ്ഥാപിക്കാനുള്ള പദ്ധതികളും മുഖ്യമന്ത്രി വെളിപ്പെടുത്തി.

അതേസമയം,കഴിഞ്ഞ ബജറ്റില്‍ ഗതാഗത മേഖലയ്ക്കുള്ള ഡല്‍ഹി സര്‍ക്കാരിന്റെ വിഹിതം 9,337 കോടി രൂപയായിരുന്നു.