image

11 March 2025 12:05 PM IST

News

ഡെല്‍ഹിക്ക് ശ്വാസം മുട്ടുന്നു; ഏറ്റവും മലിനമായ തലസ്ഥാനമെന്ന് റിപ്പോര്‍ട്ട്

MyFin Desk

delhi is suffocating, report says it is the most polluted capital
X

Summary

  • ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ പതിമൂന്നും ഇന്ത്യയില്‍
  • പട്ടികയില്‍ ഒന്നാമത് അസമിലെ ബൈര്‍ണിഹട്ട്
  • ഇന്ത്യ ലോകത്തിലെ ഏറ്റവും മലിനമായ അഞ്ചാമത്തെ രാജ്യം


ഇന്ത്യ മലിനീകരണംകൊണ്ട് പൊറുതിമുട്ടുകയാണെന്ന് റിപ്പോര്‍ട്ട്. ഡെല്‍ഹിയാണ് ഏറ്റവും മലിനമായ തലസ്ഥാന നഗരം. കൂടാതെ ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ പതിമൂന്നും ഇന്ത്യയിലാണെന്നും അസമിലെ ബൈര്‍ണിഹട്ടാണ് പട്ടികയില്‍ ഒന്നാമതെന്നും റിപ്പോര്‍ട്ട് പറയുന്നു. സ്വിസ് എയര്‍ ക്വാളിറ്റി ടെക്നോളജി കമ്പനിയായ ഐക്യുഎയറിന്റെ 2024 ലെ ലോക വായു ഗുണനിലവാര റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പരാമിര്‍ശിച്ചിട്ടുള്ളത്.

ഇന്ത്യ 2024 ല്‍ ലോകത്തിലെ ഏറ്റവും മലിനമായ അഞ്ചാമത്തെ രാജ്യമായി മാറി. 2023-ല്‍ രാജ്യം മൂന്നാം സ്ഥാനത്തായിരുന്നു. ഇവിടെ നേരിയ പുരോഗതി കൈവരിച്ചു. അയല്‍രാജ്യമായ പാക്കിസ്ഥാനിലെ നാല് നഗരങ്ങളും ചൈനയിലെ ഒരു നഗരവും ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ ഉള്‍പ്പെടുന്നു.

ഡല്‍ഹിയിലെ വായു മലിനീകരണം കൂടുതല്‍ വഷളായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ ഡല്‍ഹിയിലെ ബൈര്‍ണിഹട്ട്, പഞ്ചാബിലെ മുള്ളന്‍പൂര്‍, ഫരീദാബാദ്, ലോണി, ഗുരുഗ്രാം, ഗംഗാനഗര്‍, ഗ്രേറ്റര്‍ നോയിഡ, ഭിവാഡി, മുസാഫര്‍നഗര്‍, ഹനുമാന്‍ഗഡ്, നോയിഡ എന്നിവ ഉള്‍പ്പെടുന്നു.

മൊത്തത്തില്‍, 35 ശതമാനം ഇന്ത്യന്‍ നഗരങ്ങളും അനുവദനീയമായ പരിധിയുടെ പത്ത് മടങ്ങിലധികം മലിനീകരണം ഉള്‍ക്കൊള്ളുന്നവയാണ്. പട്ടികയില്‍ ഒന്നാമതെത്തിയ ബൈര്‍ണിഹട്ടില്‍ ഉയര്‍ന്ന തോതിലുള്ള മലിനീകരണം പ്രാദേശിക ഫാക്ടറികളില്‍ നിന്നുള്ള ഉദ്വമനം മൂലമാണ് സംഭവിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം വര്‍ഷം മുഴുവനും ഡല്‍ഹി ഉയര്‍ന്ന വായു മലിനീകരണത്താല്‍ വലയുകയാണ്. ശൈത്യകാലത്ത് പ്രശ്‌നം കൂടുതല്‍ വഷളാകുകയും ചെയ്യും. കൂടാതെ പ്രാദേശിക മലിനീകരണ സ്രോതസ്സുകള്‍ വായുവിന്റെ ഗുണനിലവാരം അപകടകരമാക്കുന്നു.

വായു മലിനീകരണം ഇന്ത്യയില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നമായി തുടരുന്നു. ഇത് മനുഷ്യരുടെ ആയുര്‍ദൈര്‍ഘ്യം ഏകദേശം 5.2 വര്‍ഷമാണ് കുറയ്ക്കുന്നത്. 2009 മുതല്‍ 2019 വരെ ഇന്ത്യയില്‍ ഓരോവര്‍ഷവും സംഭവിച്ച 1.5 ദശലക്ഷം മരണങ്ങള്‍ മലിനീകരണവുമായി ബന്ധപ്പെട്ടതാണെന്ന് ലാന്‍സെറ്റ് പ്ലാനറ്ററി ഹെല്‍ത്ത് പഠനം പറയുന്നു.

വായു ഗുണനിലവാര ഡാറ്റ ശേഖരണത്തില്‍ ഇന്ത്യ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്‍ മുഖ്യ ശാസ്ത്രജ്ഞയും ആരോഗ്യ മന്ത്രാലയ ഉപദേഷ്ടാവുമായ സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. നഗരങ്ങളില്‍, പൊതുഗതാഗതം വികസിപ്പിക്കുന്നതും ചില കാറുകള്‍ക്ക് പിഴ ചുമത്തുന്നതും മലിനീകരണം കുറയ്ക്കുന്നതിന് സഹായകമാകും. എമിഷന്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കേണ്ടത് നിര്‍ണായകമാണ്', ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ മുന്‍ ഡയറക്ടര്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു.