9 May 2023 4:03 PM
Summary
- തടസമില്ലാത്ത, അനായാസമായ , സമയം ലാഭിക്കാന്‍ കഴിയുന്ന യാത്ര സാധ്യമാവും
- ക്യുആര്‍ കോഡ് ടിക്കറ്റുകള്‍ നിലവില്‍ വന്നത് തിങ്കളാഴ്ച മുതൽ
- ടോക്കണ്‍ സംവിധാനം നിര്‍ത്തലാക്കുമെന്നു ഡിഎംആര്‍സി
മെട്രോ യാത്രക്കാര്‍ക്കായി ക്യുആര്‍ കോഡുള്ള പേപ്പര്‍ ടിക്കറ്റുകള്‍ പുറത്തിറക്കിയിരിക്കുകയാണ് ഡല്‍ഹി മെട്രോ റെയ്ല്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി).
ഇപ്പോള്‍ യാത്രക്കാര്‍ ടോക്കണും സ്മാര്‍ട്ട് കാര്‍ഡുമാണ് ഉപയോഗിച്ചുവരുന്നത്. ക്യുആര്‍ കോഡുള്ള പേപ്പര്‍ ടിക്കറ്റ് നിലവില്‍വരുന്നതോടെ തടസമില്ലാത്ത, അനായാസമായ , സമയം ലാഭിക്കാന്‍ കഴിയുന്ന യാത്ര സാധ്യമാകുമെന്നും ഡിഎംആര്‍സി പറഞ്ഞു.
ക്യുആര്‍ കോഡ് ടിക്കറ്റ് സൗകര്യം നടപ്പിലാക്കാനായി ഡിഎംആര്‍സി എഎഫ്‌സി (ഓട്ടോമാറ്റിക് ഫെയര്‍ കളക്ഷന്‍) ഗേറ്റുകളും കസ്റ്റമര്‍ കെയര്‍ കൗണ്ടറുകളും സമീപകാലത്ത് അപഗ്രേഡ് ചെയ്തിരുന്നു.തിങ്കളാഴ്ച മുതല്‍ ക്യുആര്‍ കോഡ് ടിക്കറ്റുകള്‍ നിലവില്‍ വന്നു.പേപ്പര്‍ ടിക്കറ്റുകള്‍ പരിസ്ഥിതി സൗഹാര്‍ദ്ദമാണെന്നതും ഒരു പ്രത്യേകതയാണ്.
ഓരോ സ്‌റ്റേഷനിലും യാത്രക്കാര്‍ക്ക് പ്രവേശിക്കാനും, പുറത്തേയ്ക്ക് ഇറങ്ങാനുമായി ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്ന സംവിധാനമുള്ള രണ്ട് വീതം ഗേറ്റുകളാണുള്ളതെന്ന് ഡിഎംആര്‍സി അറിയിച്ചു.സമീപഭാവിയില്‍ തന്നെ ടോക്കണ്‍ സംവിധാനം നിര്‍ത്തലാക്കുമെന്നും ഡിഎംആര്‍സി വ്യക്തമാക്കി. ഈ മാസം അവസാനത്തോടെ മൊബൈല്‍ ക്യുആര്‍ ടിക്കറ്റുകള്‍ ലോഞ്ച് ചെയ്യാനും ഡിഎംആര്‍സിക്ക് പദ്ധതിയുണ്ട്.