image

10 Nov 2023 3:25 PM

News

ഹീറോ ചെയര്‍മാന്‍ മുഞ്ജലിനെതിരെയുള്ള കേസ് ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തു

MyFin Desk

delhi high court stayed the case against hero chairman munjal
X

ഹീറോ മോട്ടോകോര്‍പ്പ് ചെയര്‍മാന്‍ പവന്‍ മുഞ്ജലിനെതിരെ വിദേശ കറന്‍സി ഇടപാടുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) രജിസ്റ്റര്‍ ചെയ്ത കേസ് ഡല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു.

കസ്റ്റംസ്, എക്‌സൈസ്, സര്‍വീസ് ടാക്‌സ് അപ്പലേറ്റ് ട്രൈബ്യൂണല്‍ (സിസ്റ്റാറ്റ്) എന്നിവര്‍ ഇതേ വസ്തുതകളുടെ അടിസ്ഥാനത്തില്‍ മുഞ്ജലിനെ കുറ്റവിമുക്തനാക്കിയിട്ടുണ്ടെന്നും ഇത് വിചാരണ കോടതിക്ക് മുമ്പാകെ വെളിപ്പെടുത്തിയിട്ടില്ലെന്നും നവംബര്‍ മൂന്നിലെ ഇടക്കാല ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കി.

ഹര്‍ജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഉന്നയിച്ച വാദങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, പ്രത്യേകിച്ചും ഒരു കാരണവും നല്‍കാതെയാണ് സമന്‍സ് ഉത്തരവ് പാസാക്കിയതെന്ന് മനസിലാകും. ഈ വസ്തുത കണക്കിലെടുക്കുമ്പോള്‍, പ്രഥമദൃഷ്ട്യാ ഈ വിഷയം പരിഗണിക്കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെടുന്നുവെന്നും ജസ്റ്റിസ് സൗരഭ് ബാനര്‍ജി പറഞ്ഞു.

അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച 2023 ജൂലൈ ഒന്നിലെ ഉത്തരവിന്റെ പ്രവര്‍ത്തനവും പരാതിക്കാരനുമായി ബന്ധപ്പെട്ട് എസിഎംഎം ക്വായ്ക്ക് മുമ്പാകെ തീര്‍പ്പുകല്‍പ്പിക്കാത്ത എല്ലാ നടപടികളും അടുത്ത വാദം കേള്‍ക്കുന്ന തീയതിയായ 2024 ഫെബ്രുവരി 21 വരെ ഹൈക്കോടതി സ്റ്റേ ചെയ്തു.

നിരോധിത വസ്തുക്കള്‍ അതായത് വിദേശ കറന്‍സി കൈവശം വയ്ക്കല്‍, അനധികൃതമായി കയറ്റുമതി ചെയ്യല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി പി കെ മുഞ്ജല്‍, സെംപ്ലെ എന്ന മൂന്നാം കക്ഷി സേവന ദാതാവായ കമ്പനി, അമിത് ബാലി, ഹേമന്ത് ദഹിയ, കെ ആര്‍ രാമന്‍ എന്നിവര്‍ക്കെതിരെ ഡിആര്‍ഐ കഴിഞ്ഞ വര്‍ഷം പ്രോസിക്യൂഷന് പരാതി നല്കിയിരുന്നു.

എസിഎംഎമ്മിന് മുമ്പാകെ തീര്‍പ്പുകല്‍പ്പിക്കാത്ത പരാതിയും വിചാരണ കോടതി ജൂലൈയില്‍ പുറപ്പെടുവിച്ച ഉത്തരവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഞ്ജല്‍ നല്‍കിയ ഹര്‍ജിയിലാണ് നവംബര്‍ മൂന്നിന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.