image

13 May 2023 1:24 PM GMT

News

വ്യാവസായിക വളര്‍ച്ചയില്‍ ഇടിവ്; ഉല്‍പ്പാദന സൂചിക അഞ്ചുമാസത്തെ താഴ്ന്ന നിരക്കില്‍

MyFin Desk

വ്യാവസായിക വളര്‍ച്ചയില്‍ ഇടിവ്; ഉല്‍പ്പാദന  സൂചിക അഞ്ചുമാസത്തെ താഴ്ന്ന നിരക്കില്‍
X

Summary

  • വൈദ്യുതി പ്രതിസന്ധി വളര്‍ച്ച നിയന്ത്രിച്ചു
  • ഉപഭോക്തൃ ഉല്‍പ്പന്ന രംഗത്തും തളര്‍ച്ച
  • ഖനനമേഖലയില്‍ വളര്‍ച്ച രേഖപ്പെടുത്തി


ഇന്ത്യയിലെ വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ച മാര്‍ച്ചില്‍ അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 1.1 ശതമാനത്തിലേക്ക് കുറഞ്ഞതായി വകുപ്പ് മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രധാനമായും വൈദ്യുതി, ഉൽപ്പാദന മേഖലകളിലെ മോശം പ്രകടനമാണ് ഇതിനു കാരണമായതെന്ന് വെള്ളിയാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

വ്യാവസായിക ഉല്‍പ്പാദന സൂചിക (ഐഐപി) പ്രകാരം ഫെബ്രുവരിയിലെ വളര്‍ച്ച 5.6 ശതമാനത്തില്‍ നിന്ന് 5.8 ശതമാനമായി പരിഷ്‌ക്കരിച്ചിട്ടുണ്ട്.

2022 ഒക്ടോബറിൽ 4.1 ശതമാനം എത്തിയതാണ് ഇതിന് മുമ്പത്തെ ഏറ്റവും കുറഞ്ഞ വളർച്ച.

2022-23 സാമ്പത്തിക വർഷത്തിൽ, ഐഐപിയുടെ വളർച്ച മുൻവർഷത്തെ 11.4 ശതമാനത്തിൽ നിന്ന് 5.1 ശതമാനമായി കുറഞ്ഞു.

വ്യാവസായിക ഉൽപ്പാദന സൂചികയുടെ അടിസ്ഥാനത്തിൽ കണക്കാക്കിയ ഫാക്ടറി ഉൽപ്പാദന വളർച്ച 2022 മാർച്ചിൽ 2.2 ശതമാനമായിരുന്നു. വൈദ്യുതി ഉത്പാദനം 6.1 ശതമാനം വളർച്ചയിൽ നിന്ന് 2023 മാർച്ചിൽ 1.6 ശതമാനം കുറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഉയര്‍ന്ന ഉല്‍പ്പാദന നിരക്ക് രാജ്യത്ത് ദൃശ്യമായിരുന്നു. കോവിഡിനുശേഷമുള്ള തിരിച്ചുവരവ് വ്യാവസായികമേഖലക്ക് പുത്തന്‍ ഉണര്‍വ് നല്‍കിയിരുന്നു.

ഫെബ്രുവരിയിലെ ഉല്‍പ്പാദന വര്‍ധനവ് വാര്‍ഷികാടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ 0.5 ശതമാനം മാത്രമാണ്.

ഫെബ്രുവരിയിലെ 8.2 ശതമാനം വര്‍ധനയുമായി താരതമ്യം ചെയ്യുമ്പോള്‍ വൈദ്യുതി ഉല്‍പ്പാദനം 1.6 ശതമാനം കുറവ് രേഖപ്പെടുത്തി. ഇത് വളര്‍ച്ച മന്ദഗതിയിലാക്കി.

ഖനന മേഖലയില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മേഖലയില്‍ പ്രതിവര്‍ഷം 6.8 ശതമാനവും മാസാടിസ്ഥാനത്തില്‍ 19.3 ശതമാനവും വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഇന്‍ഫ്രാസ്ട്രക്ചര്‍ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം ഫെബ്രുവരിയിലെ 8.4 ശതമാനത്തില്‍ നിന്ന് 5.4 ശതമാനം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഫെബ്രുവരിയില്‍ ഈ രംഗത്തെ മുന്നേറ്റം 10.5 ശതമാനമായിരുന്നു.

എന്നാല്‍ ഏറ്റവും മോശം പ്രകടനം ഉപഭോക്തൃ ഉല്‍പ്പന്ന രംഗത്താണ് ഉണ്ടായത്.

ഡ്യൂറബിള്‍സ്, നോണ്‍ ഡ്യൂറബിള്‍സ് എന്നിവയുടെ ഉല്‍പ്പാദനം മാര്‍ച്ചില്‍ യഥാക്രമം 8.4 ശതമാനവും 3.1 ശതമാനവും കുറഞ്ഞു.

ഇന്റര്‍മീഡിയറ്റ് ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് പ്രകടനത്തില്‍ എന്തെങ്കിലും പുരോഗതി കാണിച്ചത്, അവയുടെ ഉല്‍പ്പാദനം ഒരു ശതമാനം വര്‍ധിച്ചു. ഇവിടെ ഫെബ്രുവരിയേക്കാള്‍ മികച്ച പ്രകടനം മേഖല കാഴ്ചവെച്ചു.

മാര്‍ച്ചില്‍ വ്യാവസായിക വളര്‍ച്ച കുറയുമെന്നായിരുന്നു നിഗമനം എങ്കിലും അത് പ്രതീക്ഷിച്ചതിലും മോശമായി.

എട്ട് പ്രധാന വ്യവസായങ്ങളുടെ (ഐസിഐ) സംയോജിത സൂചിക 2023 മാര്‍ച്ചില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 3.6 ശതമാനം വര്‍ധിച്ചതായി ഏപ്രില്‍ അവസാനം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. അതേ സമയം സിമന്റ്, വൈദ്യുതി, ക്രൂഡ് ഓയില്‍ എന്നിവയുടെ ഉല്‍പ്പാദനം അവലോകന കാലയളവില്‍ കുറഞ്ഞു.