14 Nov 2023 3:08 PM IST
Summary
- നവംബര്‍ 7നാണ് എഫ്‍ഐആര്‍ രജിസ്‍റ്റര്‍ ചെയ്തത്
- ബോളിവുഡ് നടൻ സാഹിൽ ഖാനും പ്രതിപ്പട്ടികയില്‍
- മഹാദേവ് ആപ്പിന് അടുത്തിടെ കേന്ദ്രം വിലക്കേര്‍പ്പെടുത്തിയിരുന്നു
മഹാദേവ് ബുക്കിംഗ് ആപ്പുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിന്‍റെ എഫ്ഐആറില്‍ പ്രമുഖ ആയുര്‍വേദ ഗ്രൂപ്പായ ഡാബറിന്‍റെ തലവന്‍മാരും. ഡാബർ ഗ്രൂപ്പ് ചെയർമാൻ മോഹിത് വി. ബർമൻ, ഡയറക്ടർ ഗൗരവ് വി. ബർമൻ, ബോളിവുഡ് നടൻ സാഹിൽ ഖാന്‍ എന്നിവരുള്‍പ്പടെ 31 പ്രതികളാണ് മുബൈ പൊലീസ് നവംബര്‍ 7 ന് രജിസ്‍റ്റര്‍ ചെയ്ത എഫ്‍ഐആറില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
വാതുവെപ്പ് ആപ്പ് വഴി കബളിപ്പിച്ച് ആയിരക്കണക്കിന് ആളുകളില്‍ നിന്ന് 15,000 കോടിയിലധികം രൂപ തട്ടിയെടുത്തെന്ന് ആരോപിച്ച് സാമൂഹിക പ്രവർത്തകനായ പ്രകാശ് ബങ്കാറാണ് മാട്ടുംഗ പോലീസിൽ ആദ്യം പരാതി നല്‍കിയത്. ഇന്ത്യൻ ശിക്ഷാ നിയമം, ചൂതാട്ട നിയമം, ഐടി നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് മാട്ടുംഗ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്.
മഹാദവ് ആപ്പിന് രാഷ്ട്രീയ നേതാക്കളുമായും സിനിമാ താരങ്ങളുമായും കോര്‍പ്പറേറ്റ് വ്യക്തിത്വങ്ങളുമായും ഉള്ള ബന്ധത്തെ കുറിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
പത്ത് ദിവസം മുമ്പ്, ഇഡിയുടെ അപേക്ഷ പ്രകാരം, മഹാദേവ് ആപ്പ് ഉൾപ്പടെ 22 അനധികൃത വാതുവെപ്പ് സൈറ്റുകൾക്ക് കേന്ദ്രം വിലക്കേര്‍പ്പെടുത്തിയിരുന്നു. ഭിലായ് ആസ്ഥാനമായുള്ള സൗരഭ് ചന്ദ്രക്കറും രവി ഉപ്പലും കൂട്ടാളികളും ചേര്‍ന്ന് നടത്തുന്ന മഹാദേവ് ആപ്പിന് അന്താരാഷ്ട്ര 'ഹവാല' സംഘങ്ങളുമായി ബന്ധമുണ്ടെന്നും ഇഡി ആരോപിക്കുന്നു.