image

29 March 2023 11:29 AM

News

വേദാന്ത ലിമിറ്റഡിന്റെ റേറ്റിംഗ് നെഗറ്റീവ് ആക്കി ക്രിസിൽ

MyFin Desk

vedanta limited
X

Summary

  • ലാഭ വിഹിത ഇനത്തിൽ 40000 കോടി രൂപയിലധികം നൽകി
  • 'സ്റ്റേബിൾ' എന്നതിൽ നിന്ന് 'നെഗറ്റീവ്' ആക്കി ക്രിസിൽ


വേദാന്ത ലിമിറ്റഡിന്റെ ടെം ലോണുകളുടെയും കടപ്പത്രങ്ങളുടെയും 'റേറ്റിംഗ്' പരിഷ്കരിച്ച് റേറ്റിംഗ് ഏജൻസി ക്രിസിൽ. സ്റ്റേബിൾ എന്നതിൽ നിന്ന് നെഗറ്റീവായാണ് കുറച്ചത്. നടപ്പു സാമ്പത്തിക വർഷത്തിലെയും, അടുത്ത സാമ്പത്തിക വർഷത്തിലെയും പണ മിച്ചതിന്റെ അനുപാതം കുറച്ചു കൊണ്ടുള്ള കുറഞ്ഞ സാമ്പത്തിക സ്ഥിതിയും, പ്രതീക്ഷിച്ചതിലും ഉയർന്ന ബാധ്യതയുമാണ് റേറ്റിംഗ് പരിഷ്കരിക്കുന്നതിനു കാരണം . കമ്പനിയുടെ മാതൃ കമ്പനിയായ വേദാന്ത റിസോഴ്സിന്റെ (വിആർഎൽ ) കാലാവധി പൂർത്തിയാകാറായ ബാധ്യതയിലേക്കായി, ലാഭ വിഹിത ഇനത്തിൽ വലിയൊരു തുക നൽകുന്നുണ്ട്. ഇതാണ് നിലവിലെ മാറ്റത്തിനു കാരണം.

ദീർഘകാല ബാധ്യതയിലേക്കും, കടപ്പത്രങ്ങൾക്കുമായി "AA " റേറ്റിങ്ങും, ഹ്രസ്വ കാല ബാധ്യതകൾക്ക് "A1 +" റേറ്റിംഗുമാണ് നൽകിയത്.

വേദാന്ത റിസോഴ്സിന്റെ 3 ബില്യൺ ഡോളറിന്റ്റെ ബാധ്യതകൾ, 2024 , 2025 സാമ്പത്തിക വർഷങ്ങളിൽ പൂർത്തിയാകും. ഇതിൽ 1 .7 ബില്യൺ ഡോളറിന്റെ ബാധ്യതയുടെ കാലാവധി അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ പൂർത്തിയാകും.

ഈ ബാധ്യത തിരിച്ചടക്കുന്നതിനുള്ള വായ്പക്കായി പല ബാങ്കുകളുമായും കമ്പനി ചർച്ചയിലാണ്. ഏപ്രിലിന്റെ ആദ്യമോ, ഈ മാസം അവസാനമോ ആയി അത് ചർച്ചകൾ അന്തിമമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചർച്ചകൾ മന്ദഗതിയിലായതിനാലാണ് വേദാന്ത ഉയർന്ന ഡിവിഡന്റ് നൽകുന്നതിന് തീരുമാനിച്ചത്. ഇത് വേദാന്ത ലിമിറ്റഡിന്റെ പണം കുറച്ചു.

നടപ്പു സാമ്പത്തിക വർഷത്തിൽ, വേദാന്ത ലിമിറ്റഡിന്റെ ഉപ സ്ഥാപനമായ ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡ് നൽകിയ ലാഭ വിഹിതം ഉൾപ്പെടെ, 40,000 കോടി രൂപയിലധികമാണ് ലാഭവിഹിത ഇനത്തിൽ നൽകിയത്. ഇത് കമ്പനിയുടെ ക്യാഷ് ബാലൻസ് 20,000 കോടി രൂപയിൽ കുറയുന്നതിന് കാരണമായി.

വായ്പ തിരിച്ചടക്കുന്നതിന് എടുക്കാൻ ശ്രമിക്കുന്ന വായ്പകൾ വൈകുകയാണെങ്കിൽ, വിആർഎല്ലിന് പൂർണമായും വേദാന്ത ലിമിറ്റഡ് നൽകുന്ന ലാഭ വിഹിതത്തെ ആശ്രയിക്കേണ്ടി വരും. എന്നാൽ നിലവിൽ വേദാന്ത ആലിമിറ്റഡിന് വി ആർ എല്ലിന്റെ സമീപ കാലത്ത് കാലാവധി പൂർത്തിയാകാറായ ബാധ്യതകൾ അടക്കുന്നതിനുള്ള ക്യാഷ് ബാലൻസ് മാത്രമാണ് ഉള്ളത്. അതിനാൽ റേറ്റിങ് കൂടുതൽ നിർണായകമായേക്കാമെന്ന് ക്രിസിൽ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിക്കുള്ളിൽ പൂർത്തിയാക്കേണ്ട ബാധ്യതകൾ നിർബന്ധമായും അടക്കേണ്ടതുണ്ട്. അതിനാൽ വിആർഎൽ മറ്റൊരു വായ്പ എടുത്ത് കുറച്ചധികം ബാധ്യതകൾ അടച്ചു തീർത്തേക്കാം. എന്നാലും രണ്ടാം പകുതിക്കു ശേഷം കൃത്യ സമയത്തു തന്നെ വായ്പകൾ അടച്ചു തീർക്കാൻ പറ്റുമോ എന്നത് വെല്ലുവിളി ഉയർത്തുന്നതാണ്. പ്രത്യേകിച്ചും വിആർ എല്ലിന് തിരിച്ചടക്കാനുള്ള വായ്പ കിട്ടുന്നത് നിലവിലെ സാഹചര്യത്തിൽ ദുഷ്കരമാണ്.