21 Jan 2024 4:08 PM IST
Summary
- ഗോയങ്ക മാറാന്‍ തയാറല്ലെങ്കില്‍ എജിഎം വിളിച്ചുചേര്‍ത്തേക്കും
- സെബിക്ക് കത്തയച്ചത് എല്‍ഐസി ഉള്‍പ്പടെയുള്ള നിക്ഷേപകര്‍
- സോണി ലയനത്തില്‍ നിന്ന് പിന്‍മാറാന്‍ തയാറാകുന്നതായി റിപ്പോര്‍ട്ടുകള്‍
സോണി ഗ്രൂപ്പുമായുള്ള ലയന ചർച്ചകള്‍ സ്തംഭനാവസ്ഥയിലായത് ന്യൂനപക്ഷ ഓഹരി ഉടമകളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കാണിച്ച് സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡിന്റെ ചില സ്ഥാപന നിക്ഷേപകര്‍ മാർക്കറ്റ് റെഗുലേറ്ററിന് കത്തയച്ചു. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ , ഐസിഐസിഐ പ്രുഡൻഷ്യൽ, അമൻസ ഹോൾഡിംഗ്‌സ്, നിപ്പോൺ ഇന്ത്യ, പ്ലൂട്ടസ് ഗ്രൂപ്പ് എന്നീ നിക്ഷേപകര്‍ കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. സീയില്‍ മൊത്തം 23.5 ശതമാനത്തിലധികം ഓഹരി പങ്കാളിത്തമാണ് ഈ നിക്ഷേപകര്‍ക്ക് ഉള്ളത്.
ലയന കമ്പനിയുടെ നേതൃത്വം പുനീത് ഗോയങ്ക ഏറ്റെടുക്കുന്നതിനുള്ള സോണിയുടെ വിസമ്മതാണ് ലയനത്തിന് പ്രധാന തടസ്സമായി നില്‍ക്കുന്നത്. ഗോയങ്കക്കെതിരായ സെബി അന്വേഷണമാണ് ഇതിന് കാരണമായി സോണി ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ കരാര്‍ പ്രകാരം ഗോയങ്ക തന്നെ സിഇഒ ആകണമെന്ന് സീ വാദിക്കുന്നു.
ലയനത്തിന് സാധ്യമായ സമയം തീരും മുമ്പ് സീയുടെ സിഇഒ, എംഡി എന്നീ സ്ഥാനങ്ങളില്‍ നിന്ന് പുനിത് ഗോയങ്ക ഒഴിയാന്‍ തയാറാകണമെന്നാണ് സ്ഥാപന നിക്ഷേകര്‍ താല്‍പ്പര്യപ്പെടുന്നത്. ഇതിന് ഗോയങ്ക തയാറായില്ലെങ്കില്‍ ഗോയങ്കയെയും മറ്റ് ചില ഡയറക്ടർമാരെയും നീക്കം ചെയ്യുന്നതിനായി അസാധാരണമായ പൊതുയോഗം (ഇജിഎം) വിളിക്കാൻ ഇവര്‍ സെബിയെ സമീപിക്കും.
ഇന്ത്യൻ നിയമങ്ങൾ പ്രകാരം, മൊത്തം കുറഞ്ഞത് 10 ശതമാനം ഉടമസ്ഥതയുള്ള ഓഹരി ഉടമകള്‍ക്ക് ഇജിഎം വിളിക്കാൻ അവകാശമുണ്ട്. ഇതിനുള്ള അഭ്യർത്ഥന ലഭിച്ച തീയതി മുതൽ 21 ദിവസത്തിനുള്ളിൽ യോഗം വിളിക്കാന്‍ ബോര്‍ഡ് ബാധ്യസ്ഥമാണ്. ഭൂരിഭാഗം ഓഹരിയുടമകളും അംഗീകരിക്കുന്ന പ്രമേയം നടപ്പാക്കുകയും വേണം.