13 Jun 2023 3:05 PM IST
Summary
- ഉത്തരവ് 7 ദിവസത്തിനകം ഡയറക്റ്റര്‍ ബോര്‍ഡ് മുമ്പാകെ വെക്കണം
- ചന്ദ്രയയ്ക്കും ഗോയങ്കയ്ക്കും എതിരേ അന്വേഷണം തുടങ്ങിയത് 2019 നവംബറിൽ
- ഫണ്ടുകള്‍ വകമാറ്റിയതില്‍ ഇരുവര്‍ക്കും പങ്കെന്ന് സെബി
ലിസ്റ്റഡ് കമ്പനികളില്‍ മുഖ്യ പദവികള്‍ വഹിക്കുന്നതില്‍ നിന്നും വിലക്കിയ സെബി ഇത്തരവിനെതിരേ സീ എന്‍റര്‍ടെയ്ന്‍മെന്‍റ്സ് എന്‍റര്‍പ്രൈസസ് പ്രൊമോട്ടര്‍മാര്‍ സെക്യൂരിറ്റീസ് അപ്പെലെറ്റ് ട്രൈബ്യൂണലിനെ (എസ്എടി) സമീപിച്ചു. എസ്സെല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സുഭാഷ് ചന്ദ്രയും, സീ എംഡിയും സിഇഒയുമായ പുനിത് ഗോയങ്കയും നല്‍കിയ അപ്പീല്‍ ജൂണ്‍ 15ന് എസ്എടി പരിഗണിക്കും.
വിപണി നിയന്ത്രകരായ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടില്ലെന്നും നിരോധനം നടപ്പാക്കുന്നതിന് അടിയന്തിരമായി എന്തെങ്കിലും കാരണം സൂചിപ്പിച്ചിട്ടില്ലെന്നും പ്രൊമോട്ടർമാരുടെ അഭിഭാഷകൻ പറഞ്ഞു. സെബിയുടെ ഉത്തരവിനെ തുടര്‍ന്ന് കമ്പനിയുടെ ഓഹരി വിലയിൽ കുത്തനെ ഇടിവുണ്ടാക്കിയതായി അഭിഭാഷകൻ ചൂണ്ടിക്കാണിച്ചു.
അതിനിടെ സെബിയുടെ ഉത്തരവ് കമ്പനിയുടെ ഡയറക്റ്റര്‍ ബോര്‍ഡ് അവലോകനം ചെയ്യുകയാണെന്ന് സീ എന്റർടൈൻമെന്റ് ചെയർമാൻ ആർ ഗോപാലൻ വ്യക്തമാക്കി. കമ്പനിയുടെ സ്ഥാപകൻ എന്ന നിലയിൽ സുഭാഷ് ചന്ദ്ര നല്‍കിയ സുപ്രധാന സംഭാവനയെയും വളര്‍ച്ചയിലും മൂല്യ നിര്‍മാണത്തിലും ശ്രദ്ധയൂന്നിക്കൊണ്ട് പുനിത് ഗോയങ്ക നല്‍കിയ നേതൃത്വത്തെയും ബോര്‍ഡ് വിലമതിക്കുന്നുവെന്നും ഒരു പ്രസ്താവനയിലൂടെ അദ്ദേഹം വ്യക്തമാക്കി.
പ്രമോട്ടർമാർ സീയുടെയും മറ്റ് എസ്സെൽ സ്ഥാപനങ്ങളുടെയും ഫണ്ടുകളും ആസ്തികളും കരസ്ഥമാക്കിയെന്നാണ് സെബി തിങ്കളാഴ്ച പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ പറയുന്നത്. ഏഴ് ദിവസത്തിനകം ഈ ഉത്തരവ് ഡയറക്ടർ ബോർഡിന് മുമ്പാകെ വെക്കണമെന്നാണ് സീയോട് സെബി നല്‍കിയിട്ടുള്ള നിര്‍ദേശം. ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് സുഭാഷ് ചന്ദ്രയ്ക്കും ഗോയങ്കയ്ക്കും സെബി 21 ദിവസത്തെ സമയം നൽകിയിട്ടുണ്ട്.
2019 നവംബറിൽ കമ്പനിയിൽ നിന്ന് രണ്ട് സ്വതന്ത്ര ഡയറക്ടർമാർ രാജിവച്ചതിനെ തുടർന്നാണ് സെബി പ്രൊമോട്ടര്‍മാര്‍ക്കെതിരായ അന്വേഷണം ആരംഭിച്ചത്. ബോർഡിന്റെ അനുമതിയില്ലാതെയാണ് വായ്പകൾ പുനഃക്രമീകരിച്ചതെന്ന് ഡയറക്ടർമാരിൽ ഒരാൾ ആരോപിച്ചു. ഫണ്ടുകൾ വകമാറ്റിയതില്‍ വിലക്കപ്പെട്ട പ്രൊമോട്ടര്‍മാര്‍ക്ക് പങ്കുണ്ടെന്ന് സെബി നിരീക്ഷിച്ചു. സീയിൽ നിന്നോ എസ്സൽ ഗ്രൂപ്പിന്റെ ലിസ്‌റ്റഡ് കമ്പനികളിൽ നിന്നോ ഉത്ഭവിക്കുന്ന ഫണ്ടുകള്‍ പ്രൊമോട്ടർ കുടുംബത്തിന്റെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള വിവിധ സ്ഥാപനങ്ങളിലൂടെ കടന്നുപോകുകയും ഒടുവിൽ സീയിൽ തന്നെ എത്തുകയും ചെയ്തുവെന്നാണ് സെബി കണ്ടെത്തിയിട്ടുള്ളത്.