image

23 Jan 2024 6:18 AM GMT

Regulators

748 കോടി രൂപയെച്ചൊല്ലി സീയും സോണിയും നിയമപോരാട്ടത്തിലേക്ക്

MyFin Desk

zee-sony split leads to complex legal battles
X

Summary

  • പരസ്പരം പഴിചാരി ഇരു കമ്പനികളും
  • പാലിക്കാത്ത വ്യവസ്ഥകള്‍ സോണി വ്യക്തമാക്കിയില്ലെന്ന് സീ
  • നഷ്ടപരിഹാര ഡിമാന്‍ഡിനെ സീ നിയമപരമായി നേരിടും


സീ എന്‍റര്‍ടെയ്മെന്‍റ്സുമായുള്ള ലയന കരാര്‍ അവസാനിപ്പിക്കുന്നതായി സോണി ഗ്രൂപ്പ് പ്രഖ്യാപിച്ചതോടെ കളമൊരുങ്ങുന്നത് സങ്കീര്‍ണമായ നിയമ പോരാട്ടങ്ങള്‍ക്ക്. 748 കോടി രൂപയാണ് ടെര്‍മിനേഷന്‍ ഫീസായി സോണി ആവശ്യപ്പെട്ടിട്ടുള്ളത്. രണ്ടു വര്‍ഷത്തിലധികം നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവിലാണ് തങ്ങളുടെ ഇന്ത്യന്‍ ബിസിനസ് സീയുമായി ലയിപ്പിക്കാനുള്ള നീക്കം സോണി അവസാനിപ്പിച്ചത്.

കരാര്‍ വ്യവസ്ഥകള്‍ പാലിക്കാന്‍ സീ എന്‍റര്‍ടെയ്ന്‍മെന്‍റ്സ് തയാറായില്ലെന്ന് കാണിച്ചാണ് ടെര്‍മിനേഷന്‍ ലെറ്റര്‍ നല്‍കിയിട്ടുള്ളത്. തൊണ്ണൂറ് മില്യണ്‍ ഡോളര്‍ അഥവാ എഴുന്നൂറ്റി നാല്‍പ്പത്തെട്ട് കോടി രൂപ സീ നഷ്ടപരിഹാരമായി നല്‍കണമെന്നും സോണി ആവശ്യപ്പെടുന്നു. ഇത് ഇരു കമ്പനികളും തമ്മിലുള്ള സങ്കീര്‍ണമായ നിയമ പോരാട്ടങ്ങളിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കരാര്‍ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടി ഇരു കമ്പനികള്‍ക്കും പരസ്പരം പഴിചാരി ആര്‍ബിട്രേഷന്‍ ട്രൈബ്യൂണലിനെ സമീപിക്കാവുന്നതാണ്.

സോണി മുന്നോട്ടുവെച്ചിട്ടുള്ള ഡിമാന്‍ഡിനെതിരേ നിയമ നടപടികള്‍ക്ക് തയാറെടുക്കുകയാണെന്ന് ഇതിനകം സീ വ്യക്തമാക്കിയിട്ടുണ്ട്. സീ സിഇഒ പുനീത് ഗോയങ്കക്കെതിരേ സെബി നടത്തുന്ന അന്വേഷണമാണ് ലയന ചര്‍ച്ചകളെ വഴിമുട്ടിച്ച പ്രധാന കാരണം. ലയന കമ്പനിയുടെ നേതൃസ്ഥാനത്ത് ഗോയങ്കയെ അംഗീകരിക്കാന്‍ സോണി തയാറായില്ല.

സോണി ഇതിനകം സിംഗപ്പൂരിലെ ആര്‍ബിട്രേഷന്‍ കോടതിയെ സമീപിച്ചുകഴിഞ്ഞുവെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഏതെല്ലാം വ്യവസ്ഥകളാണ് പാലിക്കപ്പെടാത്തതെന്ന് സോണി ടെര്‍മിനേഷന്‍ ലെറ്ററില്‍ ചൂണ്ടിക്കാണിച്ചിട്ടില്ലെന്നാണ് സീ വാദിക്കുന്നത്.