20 Dec 2022 3:32 PM IST
2021ല്‍ ഇന്ത്യന്‍ ജിഡിപിയില്‍ യൂട്യൂബര്‍മാരുടെ സംഭാവന 10,000 കോടി, സൃഷ്ടിച്ചത് 7.5 ലക്ഷം തൊഴില്‍: കളിയല്ല യൂട്യൂബ്
MyFin Desk
Summary
- കോവിഡ് കാലത്ത് യൂട്യൂബ് വരുമാനം സംബന്ധിച്ച വ്യവസ്ഥകള്‍ കമ്പനി പരിഷ്‌ക്കരിച്ചെങ്കിലും വ്യൂവേഴ്‌സിന്റെ എണ്ണം ദിനം പ്രതി വര്‍ധിക്കുന്നതിനാല്‍ ഇവരുടെ വരുമാനം കാര്യമായി ഇടിയുന്നില്ല.
ഇന്ത്യയുടെ ജിഡിപിയിലേക്ക് 10,000 കോടി രൂപ വരാന്‍ കാരണമായ കമ്പനി, 7.5 ലക്ഷം മുഴുവന്‍ സമയ ജോലിയ്ക്ക് കാരണമായ പ്ലാറ്റ്‌ഫോം, യൂട്യൂബിന് രാജ്യത്തുള്ള ജനപ്രീതി വര്‍ധിക്കാന്‍ ഇത്രയൊക്കെ മതിയെന്ന് തോന്നുന്നെങ്കില്‍ തെറ്റി. വീഡിയോ നിര്‍മ്മാണത്തിലൂടെ സ്വന്തം കാലില്‍ നില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും, ആ ലക്ഷ്യം സാക്ഷാത്ക്കരിക്കാനായി തിരിച്ചടികള്‍ക്കിടയിലും പിടിച്ചു നില്‍ക്കുന്നവര്‍ക്കും പ്രതീക്ഷ നല്‍കുന്ന അറിയിപ്പുകള്‍ കമ്പനി ഇറക്കി കഴിഞ്ഞു. ഇവ അറിയും മുന്‍പ് യൂട്യൂബ് എന്ന ഓണ്‍ലൈന്‍ തൊഴില്‍ദാതാവ് കേരളത്തിലുള്‍പ്പടെ നല്‍കുന്ന സംഭാവന എന്താണ് വ്യക്തമായി അറിയണം.

ഇന്ത്യയും യൂട്യൂബും
ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് നടത്തിയ പഠനപ്രകാരം 2021ല്‍ മാത്രം 10,000 കോടി രൂപയാണ് യൂട്യൂബ് വരുമാനം മൂലം രാജ്യത്തെ ജിഡിപിയിലേക്ക് എത്തിയത്. 2020ല്‍ ഇന്ത്യയുടെ ജിഡിപിയിലേക്ക് 6,800 കോടി രൂപയാണ് യൂട്യൂബ് വരുമാനത്തിലൂടെ എത്തിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഏറ്റവുമധികം വരുമാനം നേടുന്ന ഇന്ത്യന്‍ യൂട്യൂബര്‍മാരുടെ പട്ടിക നോക്കിയാല്‍ തന്നെ മനസിലാകും വീഡിയോ നിര്‍മ്മാണത്തിലൂടെ ഇന്ത്യയിലേക്ക് ഒഴുകുന്ന ഡോളറിന്റെ ഏകദേശ കണക്ക്. രാജ്യത്തെ ഏറ്റവും വരുമാനമുള്ള യൂട്യൂബറായ കാരി മിനാട്ടിയുടെ പ്രതിമാസ വരുമാനം 16 ലക്ഷം രൂപയാണ് (2022 ഓഗസ്റ്റിലെ കണക്ക് പ്രകാരം).
പ്രതിവര്‍ഷം എല്ലാം കൂടി 4 കോടി രൂപ വരുമാനമുള്ള ഈ 23കാരന്റെ ആസ്തി എന്നത് 23 കോടി രൂപയാണ്. അതും യൂട്യുബില്‍ നിന്നും മാത്രം സമ്പാദിച്ചത്. രാജ്യത്തെ മറ്റ് യൂട്യൂബര്‍മാരുടെ വരുമാനവും മുകളിലേക്ക് തന്നെയാണ്. ഇവരുടെ ആസ്തി കണക്ക് സംബന്ധിച്ച് അടുത്തിടെ വന്ന റിപ്പോര്‍ട്ട് ഇക്കാര്യം വ്യക്തമാക്കുന്നു. അമിത് ഭഡനാ (63 ലക്ഷം യുഎസ് ഡോളര്‍), ഭുവന്‍ ഭം (40 ലക്ഷം യുഎസ് ഡോളര്‍), ആശിഷ് ചന്‍ചലനി (4 കോടി യുഎസ് ഡോളര്‍), ഗൗരവ് ചൗധരി (4.5 കോടി യുഎസ് ഡോളര്‍) എന്നിങ്ങനെ പോകുന്നു കണക്കുകള്‍.

വ്യുവേഴ്‌സ് പെരുകുന്നു
ഇത്തരത്തിലുള്ള ഓരോ ചാനലിനും കുറഞ്ഞത് 10 ലക്ഷം മുതല്‍ 2 കോടി വരെ സബ്‌സ്‌ക്രൈബേഴ്‌സും ഉണ്ട്. കോവിഡ് കാലത്ത് യൂട്യൂബ് വരുമാനം സംബന്ധിച്ച വ്യവസ്ഥകള്‍ കമ്പനി പരിഷ്‌ക്കരിച്ചെങ്കിലും വ്യൂവേഴ്‌സിന്റെ എണ്ണം ദിനം പ്രതി വര്‍ധിക്കുന്നതിനാല്‍ ഇവരുടെ വരുമാനം കാര്യമായി ഇടിയുന്നില്ല. മാത്രമല്ല ഇത്തരം ചാനലുകളുടെ കണ്ടന്റുകളില്‍ യൂട്യൂബ് പരസ്യങ്ങള്‍ വരുന്നതിന് പുറമേയാണ് ഇതിലെ വ്‌ളോഗേഴ്‌സ് തന്നെ മറ്റ് പരസ്യങ്ങള്‍ ഉള്‍പ്പെടുത്തി കാശു വാരുന്നത്. ഇങ്ങനെ 'സ്വന്തം നിലയില്‍' പരസ്യം പിടിച്ച് നേടുന്ന വരുമാനം സംബന്ധിച്ച് കണക്കുകള്‍ ഇതു വരെ പുറത്ത് വന്നിട്ടില്ല.

കണ്ടന്റ് മുഖ്യം, പുത്തന്‍ ഫീച്ചറുകളും വരുന്നു
യൂട്യൂബ് കണ്ടന്റുകളില്‍ ഏറ്റവുമധികം പ്രിയം പാചക വീഡിയോകള്‍ക്കാണ്, രണ്ടാം സ്ഥാനത്ത് യാത്രകളാണ്. യൂട്യൂബിന്റെ ആകെ വ്യൂവര്‍ഷിപ്പില്‍ ഈ രണ്ട് ടോപ്പിക്കുകളും നല്‍കുന്ന സംഭാവന ചെറുതല്ല. ഇവ കഴിഞ്ഞ് മാത്രമേ ആരോഗ്യം, സിനിമ, വാര്‍ത്ത, പാട്ട്, തുടങ്ങിയവയ്‌ക്കൊക്കെ സ്ഥാനമുള്ളൂ. യൂട്യൂബ് വീഡിയോകളില്‍ ആളുകള്‍ ഓടിച്ച് വിടാതെ കാണുന്നതും പാചകവും യാത്രയുമാണെന്നും മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഭാഷയ്ക്ക് ഏറെ പ്രാധാന്യം ഉള്ളത് കൊണ്ട് തന്നെ നിര്‍മ്മിത ബുദ്ധിയും മെഷീന്‍ ലേണിംഗും ഉപയോഗിച്ച് ഓട്ടോ വോയിസ് ട്രാന്‍സ് ലേറ്റര്‍ ഉള്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് യൂട്യൂബ്. എലൗഡ് എന്ന ഡബ്ബിംഗ് സൊല്യൂഷന്‍സ് പ്രോഗ്രാം ഉപയോഗിച്ചാകും ഈ സേവനം കൊണ്ടുവരിക എന്നാണ് സൂചന. വ്യൂവേഴ്‌സിനായി വീഡിയോ രൂപത്തിലുള്ള കോഴ്‌സുകള്‍ നിര്‍മ്മിക്കുന്നതിനായി 'കോഴ്‌സസ്' എന്ന പ്ലാറ്റ്‌ഫോമും ഉടന്‍ അവതരിപ്പിക്കും എന്ന് യൂട്യൂബ് അധികൃതര്‍ അറിയിച്ചു.

കേരളത്തിലുമുണ്ട് യൂട്യൂബ് 'ലക്ഷപ്രഭുക്കള്‍'
കേരളത്തില്‍ നിന്നാരംഭിച്ച് ലോകം മുഴുവന്‍ ശ്രദ്ധ നേടിയ ചാനലുകളുമുണ്ട്. കരിക്ക്, എം ഫോര്‍ ടെക്ക്, വില്ലേജ് ഫുഡ് ചാനല്‍ (ഫിറോസ് ചുട്ടിപ്പാറ), അര്‍ജ്യു, ടെക്ക് ട്രാവല്‍ ഈറ്റ് (സുജിത്ത് ഭക്തന്‍), മല്ലു ട്രാവലര്‍ എന്നിവയൊക്കെ 10 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സുള്ള മലയാളം യൂട്യൂബ് ചാനലുകളാണ്. ഇവയുടെ വരുമാനം സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ നിലവില്‍ ലഭ്യമല്ല എങ്കിലും പ്രതിമാസം മൂന്നു ലക്ഷം മുതല്‍ 8 ലക്ഷം വരെ ഇവര്‍ സമ്പാദിക്കുന്നുവെന്ന് വിദഗ്ധരുടെ അഭിപ്രായം. വ്യക്തികള്‍ നടത്തുന്നതിന് പുറമേ കേരളത്തിലെ ടിവി ചാനലുകളുടേയും മറ്റ് സംരംഭങ്ങളുടേയും ചാനലുകളും മികച്ച വരുമാനം നേടുന്നുണ്ട്.