image

24 May 2023 10:21 AM

Corporates

ഏറ്റവും വലിയ ധനികന്‍ ബെര്‍ണാഡ് അര്‍നോള്‍ട്ടിന്റെ സമ്പത്തില്‍ ഇടിവ്

MyFin Desk

decline wealth richest man bernard arnault
X

Summary

  • എല്‍വിഎംഎച്ചിന്റെ ഓഹരി വിലയില്‍ ഇടിവ് നേരിട്ടതോടെ അര്‍നോള്‍ട്ടിന്റെ മൊത്തം ആസ്തി മൂല്യത്തില്‍ ഇടിവുണ്ടായി
  • ഇലോണ്‍ മസ്‌കിന്റെ ആസ്തി മൂല്യമായി കണക്കാക്കുന്നത് 180 ബില്യന്‍ ഡോളറാണ്
  • ക്രിസ്റ്റ്യന്‍ ഡിയോര്‍ ഹോള്‍ഡിംഗ് കമ്പനിയില്‍ 97.5% ഓഹരിയുണ്ട് അര്‍നോള്‍ട്ടിന്


ലോകത്തിലെ ഏറ്റവും വലിയ ധനികന്‍ ബെര്‍ണാഡ് അര്‍നോള്‍ട്ടിന്റെ ആസ്തിമൂല്യത്തില്‍ 11 ബില്യന്‍ ഡോളറിന്റെ ഇടിവ് ചൊവ്വാഴ്ച (മെയ് 23) നേരിട്ടു. യുഎസില്‍ സര്‍ക്കാര്‍ ചെലവിടല്‍ മന്ദഗതിയിലാകുന്നതോടെ ലക്ഷ്വറി സാധനങ്ങള്‍ക്ക് ഡിമാന്‍ഡ് കുറയുമെന്ന ആശങ്കയെ തുടര്‍ന്നാണ് അര്‍നോള്‍ട്ടിന്റെ ആസ്തിയില്‍ ഇടിവുണ്ടാകാന്‍ കാരണം. ആഡംബര ബ്രാന്‍ഡായ ലൂയി വ്യുട്ടന്‍ (Louis Vuitton) ഹാന്‍ഡ് ബാഗ്, ക്രിസ്റ്റ്യന്‍ ഡിയോര്‍ (Christian Dior) ഉള്‍പ്പെടെയുള്ളവ പുറത്തിറക്കുന്ന എല്‍വിഎംഎച്ചിന്റെ (LVMH) സ്ഥാപകനാണ് ഫ്രഞ്ചുകാരനായ അര്‍നോള്‍ട്ട്. പാരീസില്‍ അര്‍നോള്‍ട്ടിന്റെ എല്‍വിഎംഎച്ചിന്റെ ഓഹരികള്‍ അഞ്ച് ശതമാനം ഇടിഞ്ഞു. ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണിത്. ഇതാണ് അര്‍നോട്ടിന്റെ ആസ്തിമൂല്യത്തെ ബാധിച്ചത്.

2023 വര്‍ഷത്തിന്റെ തുടക്കത്തില്‍ അര്‍നോള്‍ട്ടിന്റെ സമ്പത്തില്‍ വലിയ ഉയര്‍ച്ച രേഖപ്പെടുത്തിയിരുന്നു. മൂന്നു വര്‍ഷക്കാലം നീണ്ടുനിന്ന കോവിഡ്-19 നിയന്ത്രണങ്ങള്‍ ചൈനയില്‍ നീക്കം ചെയ്യുമെന്നും അതുവഴി ലക്ഷ്വറി ബ്രാന്‍ഡുകള്‍ക്ക് വന്‍തോതില്‍ ഡിമാന്‍ഡ് ഉണ്ടാകുമെന്ന അനുമാനത്തെ തുടര്‍ന്ന് അര്‍നോള്‍ട്ടിന്റെ ഉള്‍പ്പെടെയുള്ള ആഡംബര കമ്പനികളുടെ ഓഹരി വിലയില്‍ ഉയര്‍ച്ച കൈവരിച്ചിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍ വിപണിമൂല്യം 500 ബില്യന്‍ ഡോളറിനു മുകളില്‍ വരുന്ന ആദ്യ യൂറോപ്യന്‍ കമ്പനിയെന്ന നേട്ടത്തിനും എല്‍വിഎംഎച്ച് അര്‍ഹമായിരുന്നു. ഇതേ മാസം ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കിനും ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനും ശേഷം 200 ബില്യന്‍ ഡോളര്‍ ആസ്തിയുള്ള മൂന്നാമത്തെ വ്യക്തിയായി അര്‍നോള്‍ട്ട് മാറിയിരുന്നു.

എന്നാല്‍ ചൊവ്വാഴ്ച എല്‍വിഎംഎച്ചിന്റെ ഓഹരി വിലയില്‍ ഇടിവ് നേരിട്ടതോടെ അര്‍നോള്‍ട്ടിന്റെ മൊത്തം ആസ്തി മൂല്യത്തില്‍ 11.2 ബില്യന്‍ ഡോളറിന്റെ ഇടിവുണ്ടായി.

ബ്ലൂംബെര്‍ഗ് ബില്യനെയേഴ്‌സ് ഇന്‍ഡകസ് പ്രകാരം, ഇപ്പോള്‍ അര്‍നോള്‍ട്ടിന്റെ ആസ്തി മൂല്യമായി കണക്കാക്കുന്നത് 192 ബില്യന്‍ ഡോളറാണ്. ടെസ്‌ല, ട്വിറ്റര്‍, സ്‌പേസ് എക്‌സ് കമ്പനികളുടെ സിഇഒയായ ഇലോണ്‍ മസ്‌കിന്റെ ആസ്തി മൂല്യമായി കണക്കാക്കുന്നത് 180 ബില്യന്‍ ഡോളറാണ്.

ക്രിസ്റ്റ്യന്‍ ഡിയോര്‍ ഹോള്‍ഡിംഗ് കമ്പനിയില്‍ 97.5% ഓഹരിയുണ്ട് അര്‍നോള്‍ട്ടിന്. എല്‍വിഎംഎച്ചിലെ 41.4 ശതമാനം ഓഹരികളും ക്രിസ്റ്റിയന്‍ ഡിയോറാണ് സ്വന്തമാക്കിയിരിക്കുന്നത്. അര്‍നോള്‍ട്ടിന്റെ സമ്പാദ്യത്തിന്റെ പ്രധാന ഉറവിടവും ക്രിസ്റ്റ്യന്‍ ഡിയോറാണ്. 2022-ലെ കണക്ക്പ്രകാരം എല്‍വിഎംഎച്ചിന്റെ വരുമാനം 83.4 ബില്യന്‍ ഡോളറാണ്.