20 Feb 2023 7:45 AM
Summary
- ടിസിഎസ് യുകെയിലെ സാമ്പത്തിക സേവന കമ്പനിയായ ഫീനിക്സ് ഗ്രൂപ്പുമായി 5986 കോടി രൂപയുടെ (600 മില്യണ്‍ ജിബിപി ) കരാറിലേര്‍പ്പെടുന്നതായി ഏതാനും ദിവസം മുന്‍പ് പ്രഖ്യാപിച്ചിരുന്നു.
മുംബൈ: ആഗോളതലത്തില്‍ ടെക്ക് കമ്പനികളുള്‍പ്പടെ കൂട്ടപ്പിരിച്ചുവിടല്‍ ശക്തമാക്കുമ്പോള്‍ ജീവനക്കാര്‍ക്ക് അനുകൂലമായ നിലപാടുമായി ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്). ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ടിസിഎച്ച് എച്ച ആര്‍ ഹെഡ് മിലിന്ദ് ലക്കാദ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. മറ്റ് കമ്പനികളില്‍ നിന്നും തൊഴില്‍ നഷ്ടമായ ജീവനക്കാരെ ടിസിഎസില്‍ നിയമിക്കുന്ന കാര്യം പരിഗണനയിലാണെന്നും, തൊഴില്‍നൈപുണ്യമുള്ളവരെ വളര്‍ത്തിയെടുക്കുന്നതാണ് ടിസിഎസിന്റെ രീതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസ് യുകെയിലെ സാമ്പത്തിക സേവന കമ്പനിയായ ഫീനിക്സ് ഗ്രൂപ്പുമായി 5986 കോടി രൂപയുടെ (600 മില്യണ്‍ ജിബിപി ) കരാറിലേര്‍പ്പെടുന്നതായി ഏതാനും ദിവസം മുന്‍പ് പ്രഖ്യാപിച്ചിരുന്നു. ടിസിഎസ് അവരുടെ ബാങ്കിങ് സോഫ്റ്റ് വെയറായ 'ബാങ്ക്‌സ് ' പ്ലാറ്റ്ഫോം ഉപയോഗിച്ച് ഫീനിക്സിന്റെ 'റീഅഷ്വര്‍ ബിസിനസ്' ഡിജിറ്റലായി പരിവര്‍ത്തനം ചെയ്യും. അഡ്മിനിസ്‌ട്രേഷന്‍ സേവനങ്ങള്‍ ഉള്‍പ്പെടെ എന്‍ഡ്-ടു-എന്‍ഡ് ബിസിനസ് പരിവര്‍ത്തനത്തിനുള്ള കരാറാണിതെന്നും കമ്പനി പ്രസ്താവിച്ചു.
ആഗോള പ്രതിസന്ധികള്‍ ഐടി കമ്പനികളുടെ ഭാവിയെ ആശങ്കയിലാഴ്ത്തിയ സമയത്താണ് ഇത്തരത്തില്‍ ഒരു കരാര്‍ ലഭിക്കുന്നതെന്ന് കമ്പനി പറഞ്ഞു. ഫീനിക്‌സ് ഗ്രൂപ്പിന്റെ റീ അഷൂര്‍ ബിസ്സിനസ്സ് പ്രവര്‍ത്തനങ്ങളുടെ പരിവര്‍ത്തനം, ഫീനിക്‌സ് ഗ്രൂപ്പിന്റെ മറ്റ് ബിസിനസ്സ് കൈകാര്യം ചെയ്യാന്‍ ഉപയോഗിക്കുന്ന 'ബാങ്ക്‌സ് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ പൈതൃക ബിസിനസിന്റെ ഏകീകരണം എന്നിവയാണ് കരാറില്‍ ഉള്‍പ്പെടുന്നത്.
റീഅഷൂറിന്റെ 3 മില്യണിലധികം വരുന്ന പോളിസികളുടെ ഭരണ നിര്‍വഹണവും, സേവനങ്ങളും യുകെയിലുള്ള ടിസിഎസ്സിന്റെ ഉപ സ്ഥാപനമായ ദിലിജന്റ നിയന്ത്രിക്കും. ഇതിലൂടെ എന്‍ഡ്-ടു-എന്‍ഡ് ഉപഭോക്തൃ സേവനത്തെ പരിവര്‍ത്തനം ചെയ്യാന്‍ ഫീനിക്സിനെ സഹായിക്കുമെന്ന് ടിസിഎസ് അധികൃതര്‍ വ്യക്തമാക്കി.