1 Jan 2023 5:53 AM
ന്യൂ ഇയറില്‍ ഡ്രീം 11 തന്നെ താരം; അവധിയിലുള്ളവരെ തിരികെ വിളിച്ചാല്‍ ലക്ഷം രൂപ പിഴ
MyFin Desk
Summary
- ജീവനക്കാരുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.
ശരാശരി തൊഴില്‍ സമയത്തിനും മുകളില്‍ 'നടുവൊടിഞ്ഞ്' പണിയെടുക്കണം എന്ന് ആവശ്യപ്പെടുന്ന കമ്പനികള്‍ക്ക് (കോര്‍പ്പറേറ്റുകളടക്കം) ഇന്ത്യന്‍ ഫാന്റസി സ്‌പോര്‍ട്ട്‌സ് പ്ലാറ്റ്‌ഫോമായ ഡ്രീം ഇലവന്റെ കമ്പനി നയങ്ങള്‍ കൂടി പാഠമാക്കാം. അവധിയില്‍ പ്രവേശിച്ചിരിക്കുന്ന സഹപ്രവര്‍ത്തകരെ ഓഫീസിലെ ഏതെങ്കിലും ഒരു ആവശ്യത്തിനായി തിരികെ വിളിച്ചാല്‍ ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കും (വിളിക്കുന്ന ജീവനക്കാരനില്‍ നിന്നും) എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത് .
ഇതോടെ ജീവനക്കാരുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. അവധിയില്‍ പോയി മണിക്കൂറുകുകള്‍ക്കുള്ളില്‍ തിരികെ വിളിക്കുകയോ അല്ലെങ്കില്‍ ഓണ്‍ലൈനില്‍ എത്രയും വേഗം കണക്ടാകുകയോ വേണം എന്ന് ആവശ്യപ്പെട്ട് തൊഴിലിടങ്ങളിലെ സമ്മര്‍ദ്ദം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഡ്രീം 11ന്റെ മാതൃകാപരമായ നീക്കം.
അവധിയില്‍ പോയാല്‍ വാട്‌സാപ്പ് സന്ദേശങ്ങള്‍, ഫോണ്‍ കോള്‍ എന്നിങ്ങനെ ജോലി സംബന്ധമായി വരുന്ന 'നിര്‍ദ്ദേശങ്ങള്‍ക്ക്' ആ സമയം പ്രതികരിക്കേണ്ടതില്ലെന്നും ജീവനക്കാരെ കമ്പനി അറിയിച്ചു. കീഴുദ്യോഗസ്ഥര്‍ക്ക് ഇത്തരത്തില്‍ സമ്മര്‍ദ്ദം കൊടുക്കുന്ന ഉയര്‍ന്ന പോസ്റ്റിലുള്ള ആളുകള്‍ക്കാകും ഈ നീക്കം കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ സാധ്യത.
രാജ്യത്തെ ചില കോര്‍പ്പറേറ്റുകളില്‍ തൊഴില്‍ സമയം പിന്നിട്ടിട്ടും ജോലി ചെയ്യണമെന്ന് ആവശ്യപ്പെടുന്ന രീതി നിലനില്‍ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി തൊഴില്‍ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇന്‍ ല്‍ ഉള്‍പ്പടെ കുറിപ്പുകള്‍ വന്നിരുന്നു. ഡ്രീം 11 ഇപ്പോള്‍ എടുത്തിരിക്കുന്ന നിലപാട് സ്വാഗതാര്‍ഹമാണെന്നാണ് സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായം ഉയരുന്നത്.