4 Sept 2023 11:26 AM IST
Summary
ഓഹരി വിഹിതം 80.5 ശതമാനത്തിലേക്ക് ഉയര്‍ന്നു
യുഎസ് റീട്ടെയിൽ ഭീമനായ വാൾമാർട്ട് ഇന്ത്യയിലെ തങ്ങളുടെ ഇ-കൊമേഴ്‌സ് അനുബന്ധ സ്ഥാപനമായ ഫ്ലിപ്പ്കാർട്ടിലെ ഓഹരി പങ്കാളിത്തം വർദ്ധിപ്പിച്ചു. 2023 ജൂലൈ 31 വരെയുള്ള ആറ് മാസത്തിനിടെ നിയന്ത്രണാധികാരമില്ലാത്ത ഓഹരിയുടമകളിൽ നിന്ന് ഓഹരികൾ സ്വന്തമാക്കാൻ 3500 കോടി യുഎസ് ഡോളർ (ഏകദേശം 28,953 കോടി രൂപ) വാള്‍മാര്‍ട്ട് നല്‍കി.
കൂടാതെ, ഇക്കാലയളവില്‍ ഉപകമ്പനിയായ ഫോണ്‍പേ-യുടെ പുതിയ റൗണ്ട് ഇക്വിറ്റി ഫണ്ടിംഗുമായി ബന്ധപ്പെട്ട് കമ്പനിക്ക് 700 മില്യൺ ഡോളർ ലഭിച്ചതായും യുഎസ് സെക്യൂരിറ്റീസ് & എക്‌സ്‌ചേഞ്ച് കമ്മീഷനില്‍ നടത്തിയ ഫയലിംഗില്‍ കമ്പനി വ്യക്തമാക്കി.
പുതിയ ഇടപാടുകളിലൂടെ ഫ്ലിപ്പ്കാർട്ടിൽ വാൾമാർട്ടിന്റെ മൊത്തം ഓഹരി വിഹിതം 80.5 ശതമാനത്തിലേക്ക് ഉയര്‍ന്നതായാണ് കണക്കാക്കുന്നത്. ഹെഡ് ഫണ്ടായ ടൈഗർ ഗ്ലോബൽ, ആക്‌സൽ പാർട്‌ണേഴ്‌സ് എന്നിവയിൽ നിന്ന് വാൾമാർട്ട് ഓഹരികൾ വാങ്ങി. കൂടാതെ, ഫ്ലിപ്പ്കാർട്ട് സഹസ്ഥാപകൻ ബിന്നി ബൻസാലിൻ്റെ കൈവശമുണ്ടായിരുന്ന ബാക്കി ഓഹരികളും യുഎസ് റീട്ടെയിൽ വമ്പന്‍ ഏറ്റെടുത്തു.
ഫ്ലിപ്പ്കാർട്ടിനെ ഏറ്റെടുത്തതിലൂടെ വാൾമാർട്ടിന് ഭൂരിഭാഗം ഓഹരികള്‍ സ്വന്തമാക്കാനായ ഡിജിറ്റൽ പേയ്‌മെന്റ് കമ്പനിയാണ് ഫോണ്‍പേ. 2018-ലാണ് ഫ്ലിപ്കാർട്ടിന്റെ 77 ശതമാനം ഓഹരികൾ ഏറ്റെടുത്ത് കമ്പനിയുടെ ഭൂരിപക്ഷ ഓഹരി ഉടമയായി വാള്‍മാര്‍ട്ട് മാറിയത്. അടുത്തു തന്നെ ഫ്ലിപ്‍കാര്‍ട്ടിന്‍റെ ലിസ്‍റ്റിംഗ് നടത്തുന്നതിനും വാള്‍മാര്‍ട്ട് പദ്ധതിയുണ്ട്.