31 July 2023 12:02 PM IST
Summary
- നല്ലൊരു നേട്ടം സമ്പാദിച്ചാണ് ടൈഗര്‍ ഗ്ലോബലിന്‍റെ പടിയിറക്കം
- 3500 കോടി ഡോളര്‍ മൂല്യം ഫ്ലിപ്‍കാര്‍ട്ടിന് കണക്കാക്കിയാണ് ഇടപാട് നടന്നത്
- 2009-ലാണ് ഫ്ലിപ്‍കാര്‍ട്ടില്‍ ടൈഗര്‍ ഗ്ലോബല്‍ നിക്ഷേപം നടത്തിയത്
ഇന്ത്യയിലെ ഇ-കൊമേഴ്സ് വമ്പന്‍ ഫ്ലിപ്‍കാർട്ടില്‍ അവശേഷിച്ചിരുന്ന ഓഹരിപങ്കാളിത്തവും വിറ്റതായി ടൈഗർ ഗ്ലോബൽ മാനേജ്‌മെന്‍റ്. മുഖ്യ ഓഹരിയുടമയായ വാള്‍മാര്‍ട്ടിന് 140 കോടി ഡോളറിനാണ് ഓഹരികള്‍ കൈമാറിയത്. ഇതോടെ ഫ്ളിപ്‍കാര്‍ട്ടിലെ വാള്‍മാര്‍ട്ടിന്‍റെ ഓഹരി പങ്കാളിത്തം 72 ശതമാനത്തില്‍ നിന്ന് 77 ശതമാനത്തിലേക്ക് ഉയര്‍ന്നു. 3500 കോടി ഡോളര്‍ മൂല്യം ഫ്ലിപ്‍കാര്‍ട്ടിന് കണക്കാക്കിയാണ് ഇടപാട് നടന്നതെന്ന് ടൈഗര്‍ ഗ്ലോബല്‍ തങ്ങളുടെ നിക്ഷേപകര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. 2021 ലെ ഫണ്ടിംഗ് റൗണ്ടിൽ ഫ്ലിപ്പ്കാർട്ടിന് ഏകദേശം 3800 കോടി ഡോളറിന്റെ മൂല്യം ടൈഗര്‍ ഗ്ലോബല്‍ നല്‍കിയിരുന്നു.
ഈ വില്‍പ്പനയിലൂടെ സമാഹരിച്ച പണം മണി മാനേജ്മെന്‍റ് സ്ഥാപനമായ ടൈഗര്‍ ഗ്ലോബലിന് പണലഭ്യത ദുഷ്കരമായ ഘട്ടത്തില്‍ നിക്ഷേപകര്‍ക്ക് വിതരണം ചെയ്യുന്നതിന് സഹായകമാകും. ഇന്ത്യൻ സ്റ്റാർട്ടപ്പിലെ തങ്ങളുടെ ദീർഘകാല നിക്ഷേപത്തിൽ നിന്ന് നല്ലൊരു നേട്ടം സമ്പാദിച്ചാണ് ടൈഗര്‍ ഗ്ലോബല്‍ പുറത്തേക്കിറങ്ങുന്നത്. 2009-ൽ 42 ദശലക്ഷം ഡോളറിന്റെ മൂല്യം ഫ്‌ളിപ്‍കാര്‍ട്ടിന് കണക്കാക്കിയാണ് സീരീസ് ബി റൗണ്ടിലേക്ക് 8.6 മില്യൺ ഡോളർ കമ്പനി നിക്ഷേപിച്ചത്. പിന്നീട് 2010-നും 2015-നും ഇടയിൽ 1.2 ബില്യൺ ഡോളർ നിക്ഷേപം കൂടി നടത്തി.
2017-ൽ,ഫ്ലിപ്‍കാർട്ടില്‍ തങ്ങള്‍ക്കുള്ള ഓഹരിയുടെ ഒരു ഭാഗം സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് കോർപ്പറേഷന് ടൈഗര്‍ ഗ്ലോബല്‍ വിറ്റു, ഒരു വർഷത്തിനുശേഷം അതിലേറേ ഓഹരികള്‍ വാൾമാർട്ടിനും വിറ്റു. മൊത്തത്തിൽ, ഫ്ലിപ്പ്കാർട്ടിലെ നിക്ഷേപം 3.5 ബില്യൺ ഡോളർ നേട്ടമുണ്ടാക്കാൻ സഹായിച്ചുവെന്നാണ് നിക്ഷേപകര്‍ക്ക് അയച്ച കത്തില്‍ ടൈഗര്‍ ഗ്ലോബല്‍ പറയുന്നത്.
2018ല്‍ 1600 കോടി രൂപയുടെ നിക്ഷേപം നടത്തിയാണ് ഫ്ളിപ്‍കാര്‍ട്ടിന്‍റെ ഭൂരിപക്ഷ ഓഹരികള്‍ ആഗോള റീട്ടെയില്‍ വമ്പനായ വാള്‍മാര്‍ട്ട് കരസ്ഥമാക്കിയത്. നേരത്തേ മൂലധന സ്ഥാപനമായ ആക്സലും ഫ്ലിപ്‍കാര്‍ട്ടിലെ തങ്ങളുടെ 1 ശതമാനം ഓഹരി പങ്കാളിത്തം വാള്‍മാര്‍ട്ടിന് വിറ്റിരുന്നു.