17 Feb 2023 11:35 AM IST
ട്വിറ്ററിന്റെ മുംബൈ, ഡെല്‍ഹി ഓഫീസുകള്‍ പൂട്ടി; വര്‍ക്ക് ഫ്രം ഹോം മതിയെന്ന് മസ്‌ക്
MyFin Desk
Summary
- ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 90 ശതമാനം ജീവനക്കാരേയും കമ്പനി കഴിഞ്ഞ മൂന്ന് മാസത്തിനിടെ പിരിച്ചുവിട്ടിരുന്നു.
ഡെല്‍ഹി: ട്വിറ്ററിന്റെ ഇന്ത്യയിലെ മൂന്ന് ഓഫീസുകളില്‍ രണ്ടെണ്ണം അടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി എലോണ്‍ മസ്‌ക്. രണ്ട് ഓഫീസുകളിലും ജോലി ചെയ്തിരുന്ന ജീവനക്കാരോട് വര്‍ക്ക് ഫ്രം ഹോം രീതിയിലേക്ക് മാറുവാനും നിര്‍ദ്ദേശമുണ്ട്. ഡെല്‍ഹിയിലും മുംബൈയിലും പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ അടയ്ക്കുവാനാണ് നിര്‍ദ്ദേശം.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 90 ശതമാനം ജീവനക്കാരേയും കമ്പനി കഴിഞ്ഞ മൂന്ന് മാസത്തിനിടെ പിരിച്ചുവിട്ടിരുന്നു. ബാക്കി 10 ശതമാനം പേര്‍ മൂന്ന് ഓഫീസുകളിലായി ജോലി ചെയ്ത് വരുന്നതിനിടയിലാണ് വര്‍ക്ക് ഫ്രം ഹോം എന്ന രീതിയിലേക്ക് മാറ്റിയത്. ബെംഗലൂരുവില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് ഉടന്‍ മാറ്റില്ലെന്നാണ് സൂചന.
മസ്‌ക് ഒന്നാമനാകുമോ ?
ലോകത്തെ ഏറ്റവും സമ്പന്നരായ വ്യക്തികളില്‍ ഒന്നാമന്‍ എന്ന സ്ഥാനം വീണ്ടും ടെസ്ല സ്ഥാപകന്‍ എലോണ്‍ മസ്‌കിന് ലഭിക്കുമെന്ന് സൂചന. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ടെസ്ലയുടെ നേട്ടത്തില്‍ 74 ശതമാനം വര്‍ധനയുണ്ടായതോടെയാണ് വൈകാതെ തന്നെ മസ്‌ക് ഒന്നാം സ്ഥാനത്തേക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുകളും വരുന്നത്.
ആഡംബര ഉത്പന്നങ്ങളുടെ നിര്‍മ്മാതാക്കളായ എല്‍വിഎംഎച്ചിന്റെ സിഇഒ ബര്‍ണാര്‍ഡ് അര്‍ണോള്‍ട്ടാണ് ഇപ്പോള്‍ ലോക ശതകോടീശ്വരന്മാരില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഈ വര്‍ഷം ഇതുവരെയുള്ളതിലെ കണക്ക് പ്രകാരം 19,650 കോടി യുഎസ് ഡോളറാണ് എലോണ്‍ മസ്‌കിന്റെ ആസ്തി മൂല്യം. 21,370 കോടി യുഎസ് ഡോളറാണ് ബര്‍ണാര്‍ഡ് അര്‍ണോള്‍ട്ടിന്റെ ആസ്തി മൂല്യമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.