image

21 Jan 2023 9:14 AM

Corporates

ഭാഷ ഏതായാലും പ്രശ്‌നമില്ല, പരിഭാഷയ്ക്കുള്ള ടൂളും ട്വിറ്ററിലെത്തുമെന്ന് മസ്‌ക്

MyFin Desk

translator tool in twitter
X

Summary

  • മറ്റ് നാടുകളിലെ സംസ്‌കാരത്തിനും ഭാഷയ്ക്കും കൂടുതല്‍ ഖ്യാതി ലഭിക്കുന്നതിന് ഫീച്ചര്‍ വഴി വയ്ക്കും.


സാമ്പത്തിക ഞെരുക്കം രൂക്ഷമാകുന്നതിനിടയില്‍ ഉപഭോക്താക്കള്‍ക്കിടയില്‍ സ്വീകാര്യത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവുമായി പുത്തന്‍ ഫീച്ചര്‍ ഇറക്കാന്‍ ട്വിറ്റര്‍. പല ഭാഷകളില്‍ 'വൈറലാകുന്ന' ട്വീറ്റുകള്‍ മറ്റ് രാജ്യങ്ങളിലുള്ളവര്‍ക്ക് മനസിലാക്കുന്നതിനായി ട്രാന്‍സ്‌ലേഷന്‍ (പരിഭാഷ) ഫീച്ചര്‍ ഉള്‍പ്പെടുത്തുമെന്ന് കമ്പനി സിഇഒ എലോണ്‍ മസ്‌കാണ് ട്വീറ്റ് വഴി അറിയിച്ചത്. മറ്റ് നാടുകളിലെ സംസ്‌കാരത്തിനും ഭാഷയ്ക്കും കൂടുതല്‍ ഖ്യാതി ലഭിക്കുന്നതിന് ഫീച്ചര്‍ വഴി വയ്ക്കും.

അടുത്തിടെ കമ്പനിയില്‍ നടന്ന കൂട്ടപ്പിരിച്ചുവിടലുകളടക്കം ട്വിറ്ററിന്റെ പ്രതിച്ഛായയ്ക്ക് മങ്ങല്‍ ഏല്‍പ്പിച്ചിരുന്നു. ഇതോടെ ഒട്ടേറെ ഉപഭോക്താക്കളാണ് പ്ലാറ്റ്‌ഫോമില്‍ നിന്നും അക്കൗണ്ട് ഡിലീറ്റ് ചെയ്തത്. പരസ്യവരുമാനത്തെ ഉള്‍പ്പടെ ഇത് സാരമായി ബാധിച്ചു തുടങ്ങിയതോടെയാണ് ഉപഭോക്താക്കളുടെ എണ്ണം താഴേയ്ക്ക് പോകാതിരിക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള പുത്തന്‍ ഫീച്ചറുകള്‍ ട്വിറ്റര്‍ അവതരിപ്പിച്ച് തുടങ്ങിയത്.

പുതിയ ഫീച്ചര്‍ വരുമെന്ന് അറിയിപ്പുണ്ടെങ്കിലും ഇത് നടപ്പാക്കാന്‍ ഏതാനും മാസങ്ങള്‍ എടുത്തേക്കും. സാമ്പത്തിക പരാധീനതകള്‍ കമ്പനിയെ സാരമായി ബാധിച്ചു തുടങ്ങിയതിന് പിന്നാലെ ഏതാനും ദിവസം മുന്‍പ് കമ്പനിയിലെ ഫര്‍ണിച്ചറുകളടക്കം ഓണ്‍ലൈനില്‍ ലേലത്തിന് വെച്ചിരുന്നു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച മുതല്‍ കമ്പനിയുടെ ആസ്ഥാനത്ത് നടത്തിയ 'ഓണ്‍ലൈന്‍ ലേലത്തില്‍' ലോഗോയുടെ ശില്‍പം വരെ വിറ്റുപോയെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഏകദേശം 27 മണിക്കൂറോളമാണ് ലേലം നീണ്ടത്. ഹെറിട്ടേജ് ഗ്ലോബല്‍ പാര്‍ട്ട്ണറിന്റെ നേതൃത്വത്തിലായിരുന്നു ലേലം. ആകെ 631 വസ്തുക്കളാണ് ലേലത്തില്‍ വിറ്റതെന്നും ഓഫിസിലെ അധിക ഉപകരണങ്ങളും അനാവശ്യ വസ്തുക്കളുമായിരുന്നു ഇവയെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. കമ്പനിയിലെ അടുക്കളയില്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ വരെ വിറ്റുപോയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഒരു ലക്ഷം ഡോളറിനാണ് ട്വിറ്റര്‍ ലോഗോ ശില്‍പം വിറ്റുപോയത്. നാല് അടിയോളം ഉയരമുള്ളതാണിത്. ഇത് വാങ്ങിയെ വ്യക്തിയെ പറ്റി വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ട്വിറ്റര്‍ പക്ഷിയുടെ ഒരു നിയോണ്‍ ഡിസ്‌പ്ലേയ്ക്ക് ലേലത്തില്‍ 40,000 ഡോളര്‍ ലഭിച്ചു. എന്നാല്‍ സാമ്പത്തിക ഞെരുക്കം കാരണമാണ് വസ്തുക്കള്‍ വിറ്റഴിക്കുന്നതെന്ന ആരോപണം ഹെറിറ്റേജ് ഗ്ലോബല്‍ പാര്‍ട്നര്‍ തള്ളി.

ട്വിറ്റര്‍ ഏറ്റെടുക്കുന്നതിനായി ഏകദേശം 13 ബില്യണ്‍ യുഎസ് ഡോളര്‍ വായ്പ എടുത്തതിന്റെ ആദ്യ പലിശയടവിന്റെ സമയത്ത് തന്നെ കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്ത് വന്നത് മസ്‌കിന് തിരിച്ചടിയായിരുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ ട്വിറ്ററിന്റെ വരുമാനം 40 ശതമാനം ഇടിഞ്ഞുവെന്ന് പ്ലാറ്റ്ഫോര്‍മര്‍ മീഡിയയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ട്വിറ്ററില്‍ നിന്നും പിരിച്ചുവിട്ട തൊഴിലാളികള്‍ക്ക് ആഴ്ച്ചകളേറെ പിന്നിട്ടിട്ടും പിരിച്ചുവിടല്‍ വേതനം (സെവറന്‍സ് പേ) നല്‍കിയിട്ടില്ലെന്ന് ഏതാനും ദിവസം മുന്‍പ് റിപ്പോര്‍ട്ട് വന്നിരുന്നു.

ഒരു തൊഴിലിടത്തില്‍ നിന്നും ഒരു തൊഴിലാളിയെ തന്റേതല്ലാത്ത കാരണത്താല്‍ പിരിച്ചു വിട്ടാല്‍ നല്‍കേണ്ട തുകയാണിത്. ട്വിറ്റര്‍ മേധാവിയായി ഇലോണ്‍ മസ്‌ക് ചുമതലയേറ്റയുടനെ കമ്പനിയിലെ 50 ശതമാനത്തോളം (ഏകദേശം 7,000 ത്തോളം) ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഇതില്‍ 1,000 ത്തോളം പേര്‍ കാലിഫോര്‍ണിയയിലെ താമസക്കാരാണ്.