28 Dec 2022 10:31 AM IST
ട്വിറ്ററിലെ ഡാറ്റ ചോര്‍ച്ച തമാശയല്ല, ഹാക്കര്‍മാര്‍ 'പണി' തരാതിരിക്കാന്‍ മസ്‌ക് കോടികളിറക്കിയേക്കും
MyFin Desk
Summary
- വരും ദിവസങ്ങളില്‍ ഡാറ്റാ ചോര്‍ച്ചയെ പറ്റിയുള്ള കൃത്യമായ വിവരങ്ങള്‍ പങ്കുവെക്കാത്ത പക്ഷം ഒട്ടേറെ പേര്‍ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യാനും സാധ്യതയുണ്ട്.
കമ്പനിയില്‍ വരുത്തിയ പരിഷ്‌ക്കാരങ്ങളും കൂട്ടപ്പിരിച്ചുവിടലുകളും മൂലം ആഗോളതലത്തില്‍ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റ ട്വിറ്ററിന് ഡാറ്റാ സുരക്ഷ ശക്തമായ ഭീഷണിയാകുന്നു. മുന്‍പ് സന്ദേശങ്ങള്‍ പങ്കുവെക്കുന്നതിനുള്‍പ്പടെ സുരക്ഷിതത്വം ഇല്ലെന്ന 'ചീത്തപ്പേര്' കേട്ട ട്വിറ്ററില്‍ നിന്നും കോടിക്കണക്കിന് ആളുകളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്ന് ദിവസങ്ങളേ ആകുന്നുള്ളൂ.
ഈ വിഷയത്തില്‍ ഇപ്പോഴും ഉപഭോക്താക്കള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാന്‍ കമ്പനിയ്ക്ക് സാധിച്ചിട്ടില്ല എന്നതാണ് സത്യം. വരും ദിവസങ്ങളില്‍ ഡാറ്റാ ചോര്‍ച്ചയെ പറ്റിയുള്ള കൃത്യമായ വിവരങ്ങള്‍ പങ്കുവെക്കാത്ത പക്ഷം ഒട്ടേറെ പേര്‍ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യാനും സാധ്യതയുണ്ട്.
എന്താണ് സംഭവിച്ചത് ?
40 കോടി ട്വിറ്റര്‍ ഉപയോക്താക്കളുടെ സ്വകാര്യ ഇമെയിലുകളും, ലിങ്ക് ചെയ്ത ഫോണ്‍ നമ്പറുകളും അടങ്ങിയ ഡാറ്റ കരിഞ്ചന്തയില്‍ വില്‍പ്പനയ്‌ക്കെത്തി എന്നായിരുന്നു ഏതാനും ദിവസം മുന്‍പ് വന്ന റിപ്പോര്‍ട്ട്. സൈബര്‍ ക്രൈം ഇന്റലിജന്‍സ് സ്ഥാപനമായ ഹഡ്‌സണ്‍ റോക്കാണ് ഡിസംബര്‍ 24 ന് ട്വിറ്ററിലൂടെ ഈ ക്രെഡിബിള്‍ ത്രെഡ് (വിശ്വസനീയമായ ഭീഷണി)' ഉയര്‍ത്തിക്കാട്ടിയത്.
അതില്‍ 40 കോടി ട്വിറ്റര്‍ അക്കൗണ്ടുകളുടെ കോണ്‍ടാക്റ്റ് വിവരങ്ങള്‍ അടങ്ങിയ ഒരു സ്വകാര്യ ഡാറ്റാബേസ് ആരോ വില്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 'എഒസി, കെവിന്‍ ഒ'ലിയറി, വിറ്റാലിക് ബ്യൂട്ടറിന്‍ തുടങ്ങിയ ഹൈ പ്രൊഫൈല്‍ ഉപഭോക്താക്കളുടെ ഇ-മെയിലുകളും ഫോണ്‍ നമ്പറുകളും ഉള്‍പ്പെടെയുള്ള സ്വകാര്യവിവരങ്ങള്‍ ഈ ഡാറ്റബേസില്‍ അടങ്ങിയിരിക്കുന്നുവെന്നാണ് ഹഡ്സണ്‍ റോക്ക് വ്യക്തമാക്കുന്നു.
വെബ്3 സെക്യൂരിറ്റി സ്ഥാപനമായ ഡെഫീല്‍ഡും ചില ഹാക്കര്‍മാരുമായി സംസാരിച്ചുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ടെലഗ്രാം വഴിയാണ് ഈ ഡാറ്റ അവര്‍ക്ക് ലഭ്യമായതെന്നും, ഇവവില്‍ക്കാനുള്ള തയാറെടുപ്പിലാണ് അവരെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഹാക്കര്‍മാരുടെ പക്കല്‍ ഡാറ്റ ഉണ്ടെന്ന വാദം ശരിയാണെന്ന് കണ്ടെത്തിയാല്‍ ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക്, ഇത് ഒരു പ്രധാന വെല്ലുവിളിയായേക്കാം.
എന്നിരുന്നാലും, ഇത്തരമൊരു വലിയ തോതിലുള്ള നിയമ ലംഘനം വിശ്വസിക്കാന്‍ പ്രയാസമാണെന്നാണ് ചില ഉപഭോക്താക്കള്‍ വ്യക്തമാക്കുന്നത്. നിലവിലെ പ്രതിമാസ ഉപഭോക്താക്കളുടെ എണ്ണം ഏകദേശം 45,000 കോടിയാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഡാറ്റ വില്‍ക്കുന്നത് ഒഴിവാക്കാനും, ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ ഏജന്‍സിയില്‍ നിന്ന് പിഴ ലഭിക്കുന്നതില്‍ നിന്നും രക്ഷനേടാനും ഇലോണ്‍ മസ്‌ക് 276 മില്യണ്‍ ഡോളര്‍ നല്‍കാനുള്ള ശ്രമം നടത്തുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. മസ്‌ക് ഈ ഫീസ് അടച്ചാല്‍, ഡാറ്റ നശിപ്പിക്കുമെന്നും അത് മറ്റാര്‍ക്കും വില്‍ക്കില്ലെന്നും 'ഫിഷിംഗ്, ക്രിപ്‌റ്റോ അഴിമതികള്‍, സിം സ്വാപ്പിംഗ്, ഡോക്‌സിംഗ് എന്നിവയില്‍ നിന്നും മറ്റ് കാര്യങ്ങളില്‍ നിന്നും ധാരാളം സെലിബ്രിറ്റികളെയും രാഷ്ട്രീയക്കാരെയും രക്ഷിക്കാന്‍ കഴിയുമെന്നുമാണ് ഹാക്കര്‍ വ്യക്തമാക്കുന്നത്.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് വിവിധ അക്കൗണ്ടുകള്‍ക്ക് ടു-ഫാക്ടര്‍ ഓതന്റിഫിക്കേഷന്‍ ഓണാക്കി വെയ്ക്കണം, പാസ് വേഡുകള്‍ മാറ്റണം, അവ സുരക്ഷിതമായി സൂക്ഷിക്കണം എന്നീ മുന്‍കരുതലുകള്‍ ആളുകള്‍ എടുക്കേണ്ടതുണ്ട്.