18 Dec 2023 2:05 PM IST
Summary
- സ്റ്റാർ ഹെൽത്ത് സ്ഥാപകന്‍ വി ജഗന്നാഥനുമായി ചര്‍ച്ച പുരോഗമിക്കുന്നു
- ടിവിഎസ് ഗ്രൂപ്പിന് ഇൻഷുറൻസ് മേഖലയില്‍ നേരത്തേ സാന്നിധ്യം ഉണ്ടായിരുന്നു
- ചര്‍ച്ചകളുടെ പുരോഗതി വ്യക്തമല്ല
സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസിന്റെ സ്ഥാപകനായ വി. ജഗന്നാഥൻ തന്‍റെ പുതിയ ആരോഗ്യ ഇൻഷുറൻസ് സംരംഭത്തിലെ ഇക്വിറ്റി പങ്കാളിത്തത്തിനായി ടിവിഎസ് ഗ്രൂപ്പുമായി ചർച്ച നടത്തുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്റ്റാർ ഹെൽത്തിൽ നിന്ന് പുറത്തുകടന്ന ജഗന്നാഥൻ, സ്റ്റാർ ഹെൽത്തിന്‍റെ മുൻ സിഇഒ ഡോ എസ് പ്രകാശിനൊപ്പമാണ് പുതിയ കമ്പനി ആരംഭിക്കാൻ തീരുമാനിച്ചിട്ടുള്ളത്.
നേരത്തേ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിന്റെ ചെയർമാനായി വിരമിച്ചതിന് ശേഷമാണ് ജഗന്നാഥൻ സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് സ്ഥാപിച്ചത്. സ്‍റ്റാര്‍ ഹെല്‍ത്തിനെ ഒരു ബ്രാന്‍ഡായി വളര്‍ത്തിയെടുക്കുന്നതിലും ലാഭകരമാക്കുന്നതിലും വലിയ പങ്കാണ് അദ്ദേഹം വഹിച്ചത്. ഈ വര്‍ഷം ഏപ്രിലില്‍ കമ്പനിയുടെ സിഇഒ പദവി ഒഴിഞ്ഞ വി ജഗന്നാഥന്‍ ജൂണില്‍ ഡയറക്റ്റര്‍ ബോര്‍ഡില്‍ നിന്നും പടിയിറങ്ങി. സ്‍റ്റാര്‍ ഹെല്‍ത്തില്‍ നിന്ന് അദ്ദേഹം പൊടുന്നനെ പടിയിറങ്ങാനുള്ള കാരണങ്ങള്‍ വ്യക്തമല്ല.
ചെന്നൈ ആസ്ഥാനമായുള്ള ടിവിഎസ് ഗ്രൂപ്പിന് ഇൻഷുറൻസ് മേഖലയില്‍ നേരത്തേ സാന്നിധ്യം ഉണ്ടായിരുന്നു. ഇന്‍ഷുറന്‍സ് വ്യവസായത്തിന്റെ ദേശസാൽക്കരണത്തിന് മുമ്പ് മുമ്പ് മദ്രാസ് മോട്ടോര്‍ ആന്‍ഡ് ജനറൽ ഇൻഷുറൻസിന്‍റെ ഉടമകളായിരുന്നു ടിവിഎസ് ഗ്രൂപ്പ്. ദേശസാൽക്കരണത്തിനു ശേഷം യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസില്‍ മദ്രാസ് മോട്ടോർ ലയിച്ചു.
മുമ്പ് മുന്നിലായിരുന്ന വാഹന ഇൻഷുറൻസ് വിഭാഗത്തെ മറികടക്കുന്ന വളര്‍ച്ചയാണ് ആരോഗ്യ ഇൻഷുറൻസ് മേഖല സമീപ കാലയളവില്‍ നേടിയിട്ടുള്ളത്. 30 ശതമാനത്തിന് മുകളിലുള്ള വളര്‍ച്ചാ നിരക്കോടെ ഇന്‍ഷുറന്‍സ് വ്യവസായത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വിഭാഗമായി ആരോഗ്യ ഇൻഷുറൻസ് മാറി. ഈ സാമ്പത്തിക വർഷത്തിൽ മൊത്തം ആരോഗ്യ ഇൻഷുറൻസ് പ്രീമിയം ഒരു ലക്ഷം കോടി കവിയുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ 90,667 കോടി രൂപയിൽ നിന്ന് ഗണ്യമായ വര്‍ധനയാണ് ഇത്.
നടപ്പ് സാമ്പത്തിക വർഷം നവംബർ വരെയുള്ള കണക്കനുസരിച്ച് ആരോഗ്യ ഇൻഷുറൻസ് പ്രീമിയം ഇതിനകം 70,479 കോടി രൂപ കവിഞ്ഞു. സ്റ്റാൻഡ് എലോൺ ഹെൽത്ത് ഇന്‍ഷുറന്‍സ് കമ്പനികൾ മൊത്തമായി ഇതില്‍ 19,118 കോടി രൂപയുടെ പങ്കുവഹിച്ചു. 8,825 കോടി രൂപയുടെ പങ്കാളിത്തവുമായി സ്റ്റാർ ഹെൽത്ത് ഈ കമ്പനികളിൽ മുന്നിൽ നിൽക്കുന്നു.