29 July 2023 6:19 AM
Summary
- ഇന്ത്യയില്‍ പ്ലാന്‍റ് നിര്‍മാണത്തിന് പദ്ധതി
- നിലവിലെ എന്‍ട്രി മോഡലിനേക്കാള്‍ കുറഞ്ഞ വിലയിലെ കാര്‍ ഇന്ത്യയില്‍ നിര്‍മിക്കും
- ഇന്ത്യയില്‍ നിന്ന് കയറ്റുമതിയും ലക്ഷ്യം
ഇലക്ട്രിക് വാഹന രംഗത്തെ ആഗോള വമ്പനായ ടെസ്‍ല തങ്ങളുടെ ഇന്ത്യന്‍ വിപണി പ്രവേശനത്തിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കുകയാണ്. ടെസ്‍ലയുടെ രണ്ട് മുതിർന്ന എക്‌സിക്യൂട്ടീവുകൾ കമ്പനിയുടെ ഇന്ത്യയിലേക്ക് പ്രവേശിക്കാനുള്ള പദ്ധതികളെക്കുറിച്ച് രാജ്യത്തിന്‍റെ നിക്ഷേപ പ്രമോഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥരുമായിചർച്ച ചെയ്തു. കമ്പനി രാജ്യത്ത് നടത്തുന്ന ഉന്നത തല ചര്‍ച്ചകളുടെ പരമ്പരയിലെ ഏറ്റവും പുതിയതാണിത്.
ഇലക്ട്രിക് വാഹനം (EV) നിർമ്മിക്കാൻ ഇന്ത്യയിൽ ഒരു ഫാക്ടറി നിർമ്മിക്കുന്നതിനും യുഎസ് ആസ്ഥാനമായി പ്രവര്‍ക്കുന്ന കാർ നിർമ്മാണ കമ്പനി താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ടെസ്‌ലയുടെ നിലവിലെ എൻട്രി മോഡലിനേക്കാൾ ഏകദേശം 25% വിലകുറഞ്ഞ, അതായത് 24,000 ഡോളര്‍ വിലയുള്ള മോഡലുകള്‍ ഇവിടെ നിര്‍മിക്കുന്നതിനാണ് പദ്ധതി. ആഭ്യന്തര വില്‍പ്പനയ്ക്കും കയറ്റുമതിക്കുമുള്ള ഉല്‍പ്പാദനം ഇവിടെ നടക്കും.
പല സംസ്ഥാന സര്‍ക്കാരുകളും പ്ലാന്റ് സ്ഥാപിക്കാൻ ടെസ്‌ലയെ തങ്ങളുടെ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ നിലവിൽ ന്യൂഡെല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ നടത്തുന്നതിലാണ് ടെസ്‍ല ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യയിലേക്ക് കയറ്റിവിടുന്ന ഇ- വാഹനങ്ങളുടെ ഇറക്കുമതി നികുതി കുറയ്ക്കാനുള്ള ശ്രമങ്ങൾ കഴിഞ്ഞ വര്‍ഷം ടെസ്‍ല നടത്തിയിരുന്നു. എന്നാല്‍ പ്രാദേശികമായി കാറുകൾ നിർമ്മിക്കാൻ ടെസ്‍ലയ്ക്ക് പിന്തുണ നല്‍കാം എന്നാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
ഇ- വാഹന സ്വീകാര്യത ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ രാജ്യത്ത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തു നിന്ന് പുരോഗമിക്കുകയാണ്. 2030 -ഓടെ രാജ്യത്ത് വില്‍പ്പന നടത്തുന്ന വാഹനങ്ങളുടെ ഭൂരിഭാഗവും ഇ - വാഹനങ്ങളാക്കി മാറ്റുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കുന്നതിന്‍റെ ഭാഗമായ ആഗോള സമ്മര്‍ദ്ദവും ഈ മാറ്റത്തിന് ചാലക ശക്തിയാകുന്നുണ്ട്.