29 Sept 2023 12:12 PM IST
ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡ് ടിസിഎസ്; മറ്റ് ബ്രാന്‍ഡുകളുടെ മൂല്യം അറിയാം
MyFin Desk
Summary
- എല്‍ഐസിയെ പിന്തള്ളി എച്ച്സിഎല്‍ ടെക് ടോപ് 10 പട്ടികയില്‍
- 75 ബ്രാന്‍ഡുകളുടെ മൊത്തം മൂല്യത്തില്‍ 4% ഇടിവ്
കാന്‍ററിന്‍റെ ബ്രാൻഡ് ഇസഡ് ഇന്ത്യ റാങ്കിംഗ് അനുസരിച്ച് ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ ബ്രാൻഡ് എന്ന പദവി നേടി. 4300 കോടി ഡോളർ മൂല്യമാണ് ടിസിഎസിന് റിപ്പോര്‍ട്ട് കണക്കാക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള 75 ബ്രാന്‍ഡുകളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവയുടെ മൊത്തം ബ്രാൻഡ് മൂല്യം 37900 കോടി ഡോളറായാണ് കണക്കാക്കുന്നത്, 2022ൽ കണക്കാക്കിയിരുന്നതില്‍ നിന്ന് 4 ശതമാനം ഇടിവ്. എങ്കിലും ആഗോള തലത്തില്‍ 20 ശതമാനം വരെ ഇടിവ് ബ്രാന്‍ഡുകളുടെ മൂല്യത്തില്‍ ഇക്കാലയളവില്‍ ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ടിസിഎസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഇൻഫോസിസ്, എയർടെൽ എന്നിവ ആദ്യ നാല് സ്ഥാനങ്ങൾ നിലനിർത്തി.അതേസമയം, എല്‍ഐസി-യെ 11-ാം സ്ഥാനത്തേക്ക് തള്ളിക്കൊണ്ട് എച്ച്സിഎൽ ടെക്, ടോപ് 10 ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഇടം നേടി.
"വളരെ ശക്തമായ കോർപ്പറേറ്റ് ബഹുമാന്യതയും വിശ്വസ്ഥതയും ടിസിഎസിന് കല്‍പ്പിക്കപ്പെടുന്നു, ഇത് തുടര്‍ച്ചയായ ബിസിനസ്സ് നേടാൻ അവരെ സഹായിക്കുന്നു. ശക്തമായ പ്രതിഭകളെ ആകർഷിക്കാനുള്ള അവരുടെ കഴിവും ബ്രാന്‍ഡ് മൂല്യത്തില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്, ”കാന്‍ററിലെ ഇൻസൈറ്റ്സ് ഡിവിഷൻ ദക്ഷിണേഷ്യ എക്സിക്യൂട്ടീവ് മാനേജിംഗ് ഡയറക്ടർ ദീപേന്ദർ റാണ പറഞ്ഞു.
ഫോണ്‍പേ (21-ാം റാങ്ക്), ക്രെഡ് (48), ഷെയര്‍ചാറ്റ് (67), സ്‍റ്റാര്‍ എന്നിവയാണ് മൊത്തം പട്ടികയില്‍ പുതുതായി എത്തിയ ബ്രാന്‍ഡുകള്‍