18 Jun 2023 6:14 AM GMT
Summary
- കാര്‍ബണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട് യുകെ സര്‍ക്കാരുമായി ചര്‍ച്ച
- 2000 കോടി രൂപയുടെ ചെലവിടല്‍ ഇന്ത്യയിലെ ഉപകമ്പനികള്‍ക്ക്
- കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കാപെക്സ് പദ്ധതി 12,000 കോടി രൂപയുടേത്
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ടാറ്റ സ്റ്റീൽ തങ്ങളുടെ ആഭ്യന്തര, ആഗോള പ്രവർത്തനങ്ങൾക്കായി 16,000 കോടി രൂപയുടെ സംയോജിത മൂലധന ചെലവിടലിനാണ് (കാപെക്‌സ്) പദ്ധതിയിടുന്നത്. ഇതില്‍ 10,000 കോടി രൂപ തങ്ങളുടെ സ്റ്റാന്‍റ് എലോണ്‍ പ്രവര്‍ത്തങ്ങള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. 2,000 കോടി രൂപ ഇന്ത്യയിലെ അനുബന്ധ കമ്പനികള്‍ക്കുള്ളതാണെന്ന് സിഇഒയും എംഡിയുമായ ടി വി നരേന്ദ്രനും എക്സിക്യൂട്ടീവ് ഡയറക്ടറും സിഎഫ്ഒയുമായ കൗശിക് ചാറ്റർജിയും അറിയിച്ചു.
2022-23 സാമ്പത്തിക വര്‍ഷത്തിനായുള്ള വാർഷിക റിപ്പോർട്ടിലാണ് കമ്പനിയുടെ ഉന്നത എക്സിക്യൂട്ടീവുകൾ ഇക്കാര്യം വിശദീകരിക്കുന്നത്. സ്റ്റാൻഡലോൺ പ്രവർത്തനങ്ങൾക്കായി നീക്കിവച്ചിട്ടുള്ള 10000 കോടി രൂപയുടെ 70 ശതമാനത്തോളം കലിംഗനഗർ പദ്ധതിക്കായാണ് നല്‍കുക. ഒഡീഷയിലെ കലിംഗനഗറിലുള്ള പ്ലാന്‍റിന്‍റെ ശേഷി 3 എംടി-യില്‍ നിന്ന് 8 മില്ല്യൺ ടണ്ണായി വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.
യൂറോപ്പിൽ, ടാറ്റ സ്റ്റീൽ നെതർലാൻഡിനായി 1,100 കോടി രൂപയുടെ മൂലധന ചെലവിടല്‍ നടത്തും. ഇത് പ്രധാനമായും സജ്ജമാകുന്ന ബ്ലാസ്റ്റ് ഫര്‍ണസുമായി ബന്ധപ്പെട്ടാകും. കാപ്പെക്‌സിന്റെ ശേഷിക്കുന്ന ഭാഗം പരിസ്ഥിതി സംരംഭങ്ങൾ, അറ്റകുറ്റപ്പണികള്‍ എന്നിവയ്ക്കായി ചെലവഴിക്കുമെന്നും നേതാക്കൾ പറഞ്ഞു.
ടാറ്റ സ്റ്റീൽ 2022-23ൽ ഇന്ത്യയിലും യൂറോപ്പിലുമുള്ള പ്രവർത്തനങ്ങള്‍ക്കായി മൊത്തം 12,000 കോടി രൂപയുടെ മൂലധന ചെലവിടലാണ് (കാപെക്‌സ്) കമ്പനി ആസൂത്രണം ചെയ്തിരുന്നത്. ഇന്ത്യയ്ക്ക് 8,500 കോടിയും യൂറോപ്പിലെ പ്രവർത്തനങ്ങൾക്ക് 3,500 കോടിയും നൽകുമെന്നും ടി വി നരേന്ദ്രൻ 2022 ജൂലൈയിൽ പറഞ്ഞിരുന്നു.
യുകെയിൽ, തങ്ങളുടെ ബിസിനസ്സിന്റെ ഭാവിയുമായി ബന്ധപ്പെട്ട് യുകെ സർക്കാരുമായി ടാറ്റ സ്റ്റീൽ സജീവവും വിശദവുമായ ചർച്ചകൾ നടത്തുകയാണ്. കാര്‍ബണ്‍ പുറംതള്ളല്‍ ഇല്ലാതാക്കുന്നതിനുള്ള യുകെ-യുടെ നടപടികളും അതിന്‍റെ ഭാഗമായി വര്‍ധിച്ചു വരുന്ന ചെലവും കണക്കിലെടുക്കുമ്പോള്‍ സ്റ്റീല്‍ നിര്‍മാണത്തിന്‍റെ തുടര്‍ച്ചയ്ക്ക് ഹരിതോര്‍ജ്ജ സാങ്കേതിക വിദ്യകളിലേക്കുള്ള മാറ്റം അനിവാര്യമാണ്.