11 Aug 2023 5:35 AM
Summary
- ടിയാഗോയുടെ ഉല്‍പ്പാദനത്തിനാണ് സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുള്ളത്.
- ഈ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്ന രണ്ടാമത്തെ വാഹന നിര്‍മാതാവ്
ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡിന് ആഭ്യന്തര മൂല്യവർദ്ധനവിനുള്ള (ഡിവിഎ) ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (എആർഎഐ) സർട്ടിഫിക്കറ്റ് ലഭിച്ചു. കേന്ദ്ര സര്‍ക്കാരിന്‍റെ പിഎൽഐ സ്കീമിന് കീഴിൽ ഇൻസെന്റീവുകൾ ലഭിക്കുന്നതിന് യോഗ്യത നല്‍കുന്നതാണ് ഈ സര്‍ട്ടിഫിക്കറ്റുകള്‍. നൂതന ഓട്ടോമോട്ടീവ് സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള ഉൽപ്പാദന ശേഷി വർധിപ്പിക്കുന്നതിന് 25,938 കോടി രൂപയുടെ സ്‍കീമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന് ശേഷം ഉല്‍പ്പാദന അധിഷ്ഠിത ആനൂകൂല്യ (പിഎൽഐ) പദ്ധതിക്കുള്ള യോഗ്യതാ സർട്ടിഫിക്കറ്റ് ലഭിക്കുന്ന രണ്ടാമത്തെ വാഹന നിർമ്മാതാവാണ് ടാറ്റ മോട്ടോഴ്സ്. ഇലക്ട്രിക് ഹാച്ച്ബാക്ക് ടിയാഗോയുടെ ഉല്‍പ്പാദനത്തിനാണ് ടാറ്റ മോട്ടോഴ്‌സിന് സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുള്ളത്.
ടാറ്റ മോട്ടോഴ്‌സിന്റെ ചെറിയ ഇലക്ട്രിക് ട്രക്ക് എയ്‌സ് ഇവി, മുൻനിര ഇലക്ട്രിക് എസ്‌യുവിയായ നെക്‌സോൺ ഇവി, ടൈഗര്‍ ഇവി എന്നിവയ്‌ക്കും അടുത്ത മാസം ഈ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയാണെങ്കിൽ, ഈ സാമ്പത്തിക വർഷം 600-700 കോടി രൂപയുടെ ഇൻസെന്റീവ് ഉണ്ടാകുമെന്ന് ടാറ്റ മോട്ടോഴ്‌സ് കണക്കാക്കുന്നു.
ടാറ്റ മോട്ടോഴ്‌സിന് ഇവി സാങ്കേതികവിദ്യയിലും ഉൽപ്പാദനത്തിലും നടത്തിയിട്ടുള്ള നിക്ഷേപങ്ങൾക്ക് ഘനവ്യവസായ മന്ത്രാലയത്തിൽ നിന്ന് അനുമതി നേടേണ്ടതുണ്ട്, നിശ്ചിത നിക്ഷേപ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് അനുസൃതമായി കമ്പനിക്ക് ഇൻസെന്റീവുകൾ ലഭിക്കും