image

4 Aug 2023 8:49 AM GMT

Corporates

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പുതിയ സിഇഒ നിലവില്‍ ബാങ്കറല്ല?

C L Jose

south indian bank
X

Summary

  • മുരളി രാമകൃഷ്ണന്റെ കാലാവധി സെപ്റ്റംബര്‍ 30 ന് അവസാനിക്കും
  • പുതിയ സിഇഒ ബാങ്കിംഗ് മേഖലയില്‍ നിന്നല്ല എന്നാണ് സൂചന
  • ഓഗസ്റ്റ് പകുതിയോടെ പുതിയ സിഇഒയെ പ്രഖ്യാപിച്ചേക്കും


ആരായിരിക്കും സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അടുത്ത മേധാവി? കേരളത്തിലെ ബാങ്കിംഗ് മേഖലയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന ചോദ്യം ഇതാകും. ബാങ്കിന്റെ നിലവിലെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ മുരളി രാമകൃഷ്ണന്റെ കാലാവധി സെപ്റ്റംബര്‍ 30 ന് അവസാനിക്കും. രണ്ടാം തവണയും മേധാവിയായി തുടരാന്‍ താല്‍പര്യമില്ലെന്ന് അദ്ദേഹം ഇതിനകം മാനേജ്‌മെന്റിനെ അറിയിച്ചിട്ടുണ്ട്. അതിനാല്‍, പുതിയ മേധാവിയെ ഓഗസ്റ്റില്‍ തന്നെ നിയമിക്കണം.

എസ്‌ഐബിയുടെ തലപ്പത്തേക്ക് രാജ്യത്തെ വിവിധ ബാങ്കുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ പേരുകള്‍ സംസ്ഥാനത്തെ ബാങ്കിംഗ് മേഖലയിൽ പ്രചരിക്കുന്നുണ്ട്. എന്നാല്‍, സിഇഒയാകാന്‍ സാധ്യതയുള്ള ആൾ നിലവിൽ ഒരു ബാങ്കിന്റെയും ഭാഗമല്ലെന്നാണ് മൈഫിന്‍പോയിന്റിന് മുംബൈയിലെ വൃത്തങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.

രണ്ട് പേരുകളാണ് അന്തിമപരിശോധനയ്ക്കായി ആര്‍ബിഐക്ക് നല്‍കിയിട്ടുള്ളത്. അതില്‍ ഒന്ന് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നുള്ളതാണ്. എന്നാല്‍, സി ഇ ഓആകാൻ സാധ്യത കൂടുതലുള്ള രണ്ടാമത്തെ പേര് എസ്‌ഐബിക്ക് പുറത്തുള്ളതാണ്. അദ്ദേഹം സാമ്പത്തിക സേവന വ്യവസായ രംഗത്തുനിന്നുള്ള വ്യക്തിയാണെന്നും ഇതുമായി ബന്ധപ്പെട്ട മുംബയിലെ ഉന്നത വൃത്തങ്ങൾ സൂചിപ്പിച്ചു. എന്നാല്‍, പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ പോലെ അദ്ദേഹം നിലവില്‍ ഒരു ബാങ്കിന്റെയും ഭാഗമല്ലെന്നും ബന്ധപ്പെട്ടവര്‍ മൈഫിന്‍പോയിന്റിനോട് പറഞ്ഞു. എസ്‌ഐബിയുടെ നേതൃത്വം ഏറ്റെടുക്കാന്‍ ഏറ്റവും സാധ്യതയുള്ള ഈ വ്യക്തി വിദേശ സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പുതിയ സിഇഒയെ തെരഞ്ഞെടുക്കുന്ന വിഷയത്തില്‍ എസ്‌ഐബിയിലെ ഉദ്യോഗസ്ഥരെല്ലാം എപ്പോഴും മൗനം പാലിക്കുകയാണുണ്ടായത്. കാര്യങ്ങള്‍ പ്രതീക്ഷിച്ചതുപോലെ നടന്നില്ലെങ്കില്‍ അതിനുള്ള ബാക്കപ്പാണ് എസ്‌ഐബിയില്‍ നിന്നുള്ള വ്യക്തിയുടെ പേരെന്നാണ് അഭിപ്രായം.

ആര്‍ബിഐ അനുുമതി ലഭിച്ചു കഴിഞ്ഞാല്‍ ഓഗസ്റ്റ് പകുതിയോടെ പുതിയ സിഇഒയുടെ പേര് ബാങ്ക് മാനേജ്‌മെന്റ് പ്രഖ്യാപിച്ചേക്കുമെന്ന് മുരളി രാമകൃഷ്ണന്‍ അടുത്തിടെ പറഞ്ഞിരുന്നു. ഈ വര്‍ഷം സെപ്റ്റംബര്‍ 30 ന് മൂന്ന് വര്‍ഷത്തെ കാലാവധി അവസാനിക്കുന്ന മുരളി രാമകൃഷ്ണന്‍ അടുത്ത ഘട്ടത്തിലേക്ക് കരാര്‍ പുതുക്കേണ്ടെന്ന് വ്യക്തമാക്കിയതോടെയാണ് പുതിയ മേധാവിയെ കണ്ടെത്തേണ്ടി വന്നത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ എക്കാലത്തെയും ഉയര്‍ന്ന അറ്റാദായമായ 775.09 കോടി രൂപ നേടിയ ബാങ്ക് നടപ്പ് സാമ്പത്തിക വര്‍ഷം 1,000 കോടി രൂപയുടെ അറ്റാദായമാണ് ലക്ഷ്യമിടുന്നതെന്നും രാമകൃഷ്ണന്‍ അടുത്തിടെ പറഞ്ഞിരുന്നു. മൊത്തം ബിസിനസ്, പ്രവര്‍ത്തന ലാഭം, പ്രൊവിഷന്‍ കവറേജ് അനുപാതം (പിസിആര്‍), മൂലധന പര്യാപ്തത അനുപാതം (കാപിറ്റല്‍ അഡിക്വസി റേഷ്യോ) തുടങ്ങിയവയിലും സൗത്ത് ഇന്ത്യന്‍ ബാങ്ക് 2023 സാമ്പത്തിക വര്‍ഷത്തില്‍ പുതയ നേട്ടങ്ങള്‍ കൈവരിച്ചിരുന്നു.

രണ്ട് ഘട്ടങ്ങളിലായി ആറ് വര്‍ഷം ബാങ്കിന്റെ സിഇഒയും എംഡിയുമായിരുന്ന വി.ജി മാത്യുവിന്റെ പിന്‍ഗാമിയായി 2020 സെപ്റ്റംബര്‍ 30 നാണ് മുരളി രാമകൃഷ്ണന്‍ ചുമതലയേറ്റത്. വലിയ കിട്ടാക്കടങ്ങളുടെ പ്രശ്‌നം നേരിട്ടിരുന്ന ബാങ്കിനെ തിരികെ ട്രാക്കിലേക്ക് കൊണ്ടുവരുന്നതില്‍ രാമകൃഷ്ണന്‍ വിജയിച്ചുവെന്നാണ് എസ്‌ഐബിയിലെ ഉന്നത ഉദ്യോഗസ്ഥരുടെയും ചില പ്രധാന ഓഹരി ഉടമകളുടെയും അഭിപ്രായം. എന്നിരുന്നാലും ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തിയുടെ വലിയൊരു ഭാഗം ഇപ്പോഴും പരിഹരിക്കപ്പെടാനുണ്ട്.