9 Jan 2024 5:13 AM GMT
Summary
- ജനുവരി 20ന് മുമ്പ് സോണി പിന്‍മാറ്റം ഫയല്‍ ചെയ്തേക്കും
- ലക്ഷ്യമിട്ടിരുന്നത് 10 ബില്യണ്‍ ഡോളറിന്‍റെ മാധ്യമ ഭീമന്‍
- ഇരു കമ്പനികള്‍ക്കും ഇടയില്‍ ഇപ്പോഴും ചർച്ചകൾ നടക്കുന്നുണ്ട്
തങ്ങളുടെ ഇന്ത്യന്‍ ബിസിനസ് സീ (Zee) എന്റർടൈൻമെന്റുമായി ലയിപ്പിക്കാനുള്ള ധാരണയില്‍ നിന്ന് സോണി ഗ്രൂപ്പ് പിന്‍മാറുമെന്ന് റിപ്പോര്‍ട്ട്. രണ്ട് വർഷത്തിലേറെ നീണ്ട നാടകീയ സംഭവങ്ങള്‍ക്കു ശേഷമാണ് 10 ബില്യണ്‍ ഡോളറിന്‍ വമ്പന്‍ മാധ്യമ സംരംഭം സൃഷ്ടിക്കാനുള്ള ശ്രമത്തില്‍ നിന്ന് സോണി പിന്‍വാങ്ങുന്നത്. ഇതേ തുടര്‍ന്ന് സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡിന്റെ (ZEEL) ഓഹരികൾ ഇന്ന് ബിഎസ്ഇയിൽ 10% വരെ ഇടിഞ്ഞ് 249.75 രൂപയിലെത്തി.
സീ-യുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും അതിന്റെ സ്ഥാപകന്റെ മകനുമായ പുനിത് ഗോയങ്കയെ ലയന സംരംഭത്തിന്‍റെ സിഇഒ ആക്കുന്നതിലുള്ള വിയോജിപ്പാണ് കരാറില്‍ നിന്നു പുറത്തുകടക്കാന്‍ സോണിയെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. പുതിയ കമ്പനിയെ ഗോയങ്ക നയിക്കുമെന്നായിരുന്നു 2021ൽ ഒപ്പുവച്ച കരാറിലെ ധാരണ. എന്നാല്‍ വിവിധ ആരോപണങ്ങളെ അടിസ്ഥാനമാക്കി ഗോയങ്കക്കെതിരേ സെബി അന്വേഷണം നടത്തുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ സിഇഒ ആക്കാനാകില്ലെന്ന് സോണി വാദിക്കുന്നു.
ലയനത്തിന് ആവശ്യമായ ചില വ്യവസ്ഥകൾ പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ജനുവരി 20-ന് മുമ്പ് പിന്‍മാറ്റത്തിനുള്ള നോട്ടീസ് ഫയൽ ചെയ്യാൻ സോണി പദ്ധതിയിടുന്നു. കരാർ പൂര്‍ത്തീകരിക്കുന്നതിനുള്ള അധിക സമയപരിധി ജനുവരി 20നാണ് അവസാനിക്കുന്നത്. ലയനം സാധ്യമാക്കുന്നതിനായി കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ സജീവമായ ചര്‍ച്ചകള്‍ ഇരു കമ്പനികള്‍ക്കുമിടയില്‍ നടന്നു. സിഇഒ ആകാന്‍ തനിക്ക് അവകാശമുണ്ടെന്ന നിലപാടില്‍ ഗോയങ്ക ഉറച്ചുനില്‍ക്കുകയായിരുന്നു.
ഇരു കക്ഷികള്‍ക്കും ഇടയില്‍ ഇപ്പോഴും ചർച്ചകൾ നടക്കുന്നുണ്ട്. സമയപരിധി അവസാനിക്കുന്നതിന് മുന്നോടിയായി ഒരു പരിഹാരം ഉരുത്തിരിഞ്ഞേക്കാമെന്നും ചിലര്‍ പ്രതീക്ഷിക്കുന്നുണ്ട്. പുതിയ റിപ്പോര്‍ട്ടുകളോട് ഇരു കമ്പനികളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വാള്‍ട്ട് ഡിസ്നി കമ്പനിയുടെ ഇന്ത്യന്‍ ബിസിനസും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ മാധ്യമ ബിസിനസും ചേര്‍ന്ന് വലിയൊരു മാധ്യമ ഭീമനെ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കവെയാണ് സീ-സോണി ലയനം അലസുന്നതായുള്ള വാര്‍ത്തകള്‍ വരുന്നത് എന്നതും ശ്രദ്ധേയമാണ്.