22 Jan 2024 10:32 AM IST
സീയുമായി ലയനമില്ലെന്ന് പ്രഖ്യാപിച്ച് സോണി; അന്ത്യമാകുന്നത് രണ്ട് വര്‍ഷത്തെ കോലാഹലങ്ങള്‍ക്ക്
MyFin Desk
Summary
- പുനീത് ഗോയങ്കക്കെതിരായ അന്വേഷണം ലയനത്തിന് വിലങ്ങുതടിയായി
- സീയ്ക്ക് ടെര്‍മിനേഷന്‍ ലെറ്റര്‍ അയച്ചതായി സോണി വൃത്തങ്ങള്‍
- ലയനത്തിലൂടെ സ്വപ്‍നം കണ്ടത് 10 ബില്യണ്‍ ഡോളറിന്‍റെ വമ്പന്‍ കമ്പനി
തങ്ങളുടെ ഇന്ത്യന്‍ ബിസിനസിനെ സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡുമായി (ZEEL) ലയിപ്പിക്കുന്നതിനുള്ള തീരുമാനത്തില്‍ നിന്നു പിന്‍മാറുന്നതായി സോണി ഗ്രൂപ്പ് കോർപ്പറേഷൻ ഔദ്യോഗികമായി അറിയിച്ചു. ലയന നടപടികളില്‍ നിന്ന് പുറത്തുകടക്കുന്നതായി വ്യക്തമാക്കുന്ന ടെര്‍മിനേഷന്‍ ലെറ്റര്‍ ഇന്ന് രാവിലെ സീ-യ്ക്ക് അയച്ചുവെന്നാണ് സോണി ഗ്രൂപ്പ് വൃത്തങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചിട്ടുള്ളത്. ഓഹരിവിപണികളിലെ ഫയലിംഗുകള്‍ക്ക് പിന്നാലെ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
10 ബില്യണ്‍ ഡോളര്‍ മൂല്യത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ വമ്പനെ സൃഷ്ടിക്കുന്നതിനുള്ള രണ്ട് വര്‍ഷത്തോളം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ ദുരന്തമായി പര്യവസാനിക്കുന്നത്. ലയന കരാറിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ സീ തയാറാകാത്തതാണ് പിന്‍മാറ്റത്തിനു കാരണമെന്നാണ് ടെര്‍മിനേഷന്‍ ലെറ്ററില്‍ സോണി പറയുന്നതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സീയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പുനിത് ഗോയങ്കക്കെതിതേ ഇന്ത്യയുടെ ഓഹരി വിപണി നിയന്ത്രണ സ്ഥാപനമായ സെബി നടത്തുന്ന അന്വേഷണമാണ് കരാര്‍ അവസാനിപ്പിക്കാന്‍ ജാപ്പനീസ് എന്‍റര്‍ടെയ്മെന്‍റ് വമ്പനെ പ്രേരിപ്പിച്ച പ്രധാന ഘടകം. ലയന കമ്പനിയുടെ സിഇഒ സ്ഥാനത്തേക്ക് ഗോയങ്കയെ ആണ് ലയനകരാര്‍ ഒപ്പിടുന്ന ഘട്ടത്തില്‍ പരിഗണിച്ചിരുന്നത്. എന്നാല്‍ അദ്ദേഹത്തിനെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ സോണി ഇതിന് വിസമ്മതിക്കുകയായിരുന്നു.
കരാര്‍ പ്രകാരം ലയനം നടപ്പാക്കുന്നതിനുള്ള സമയപരിധി 2023 ഡിസംബറിലാണ് അവസാനിച്ചത്. ഏതെങ്കിലും ഒരുകക്ഷി കൂടുതല്‍ സമയം ആവശ്യപ്പെട്ടാല്‍ ഒരു മാസം കൂടി അനുവദിക്കാമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. 2024 ജനുവരി 21ന് അതും പൂര്‍ത്തിയായതോടൊണ് സോണി ടെർമിനേഷൻ ലെറ്റർ അയച്ചത്.