24 Jan 2024 12:46 PM IST
Summary
- സോഫ്റ്റ്ബാങ്കിന്റെ ഓഹരി പങ്കാളിത്തം 5 ശതമാനത്തിലേക്ക് താഴും
- വില്‍പ്പനയിലൂടെ ജാപ്പനീസ് നിക്ഷേപകര്‍ക്ക് ലഭിക്കുന്നത് വന്‍ നേട്ടം
- ആഭ്യന്തര റീട്ടെയില്‍ നിക്ഷേപകരുടെ വിഹിതത്തില്‍ വര്‍ധന
പേടിഎം മാതൃകമ്പനിയായ വൺ നയന്‍റിസെവന്‍ കമ്മ്യൂണിക്കേഷനിലെ 2 ശതമാനം ഓഹരി കൂടി വിറ്റഴിച്ചതായി സോഫ്റ്റ്‍ബാങ്ക് പ്രഖ്യാപിച്ചു. ഇതോടെ കമ്പനിയിലെ സോഫ്‍റ്റ്ബാങ്കിന്‍റെ ഓഹരി പങ്കാളിത്തം 5 ശതമാനത്തിലേക്ക് താഴും. 2023 ഡിസംബര്‍ 19നും 2024 ജനുവരി 20നും ഇടയില്‍ നടന്ന വിവിധ ഇടപാടുകളിലൂടെയാണ് സോഫ്റ്റ്‍ബാങ്ക് വിഷന്‍ ഫണ്ട് ഇന്ത്യ ഓഹരികള്‍ വിറ്റഴിച്ചിട്ടുള്ളത്.
ഈ ഇടപാടുകള്‍ക്ക് മുമ്പ് എസ്‍വിഎഫ് ഇന്ത്യ വഴി 7.01 ശതമാനം ഓഹരി പങ്കാളിത്തമാണ് സോഫ്റ്റ്ബാങ്കിന് കമ്പനിയില്‍ ഉണ്ടായിരുന്നത്. ഇപ്പോഴത് 5.06 ശതമാനമായി കുറഞ്ഞു. ഈ ഒഹരി വില്‍പ്പനയിലൂടെ ഏകദേശം 950 കോടി രൂപയുടെ സമാഹരണമാണ് സോഫ്റ്റ് ബാങ്കിന് സാധ്യമായത്. കഴിഞ്ഞ ഒരു മാസത്തിനിടെ 20 ശതമാനം വളര്‍ച്ച പേടിഎം ഓഹരികള്‍ കരസ്ഥമാക്കിയിരുന്നു. അതേസമയം, ആഭ്യന്തര റീട്ടെയിൽ നിക്ഷേപകർ പേടിഎമ്മിലെ തങ്ങളുടെ ഓഹരി പങ്കാളിത്തം ഉയര്‍ത്തിയിട്ടുണ്ട്.
നടപ്പുസാമ്പത്തിക വര്‍ഷം രണ്ടാം പാദത്തിന്‍റെ അവസാനത്തില്‍ 8.28 ശതമാനമായിരുന്നു കമ്പനിയിലെ ആഭ്യന്തര റീട്ടെയില്‍ നിക്ഷേപകരുടെ വിഹിതം എങ്കില്‍ മൂന്നാം പാദത്തിന്‍റെ അവസാനത്തില്‍ അത് 12.85 ശതമാനമായി വർധിച്ചു. ആഭ്യന്തര സ്ഥാപന നിക്ഷേപകരുടെ പങ്ക് 4.06 ശതമാനത്തില്‍ നിന്ന് 6.06 ശതമാനത്തിലേക്ക് ഉയര്‍ന്നു. സോഫ്റ്റ് ബാങ്ക് ഓഹരികളില്‍ ഏറെയും ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ വാങ്ങിയെന്നാണ് കണക്കാക്കുന്നത്.
കഴിഞ്ഞ ഏതാനും പാദങ്ങളിൽ പേടിഎമ്മിന്റെ പ്രവർത്തന പ്രകടനം മെച്ചപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഈ ഓഹരിയില്‍ ബുള്ളിഷ് വികാരം നിലനില്‍ക്കുന്നത്. ഡിസംബറിൽ അവസാനിച്ച പാദത്തിൽ ഫിൻടെക് കമ്പനിയുടെ ഏകീകൃത വരുമാനം 38 ശതമാനം വർധന രേഖപ്പെടുത്തി 2,850 കോടി രൂപയായി, നഷ്ടം 222 കോടി രൂപയായി ചുരുങ്ങുകയും ചെയ്തു.