image

22 July 2023 7:49 PM IST

Corporates

1,000 കോടി രൂപയുടെ ലാഭം ലക്ഷ്യമിട്ട് എസ്‌ഐബി

C L Jose

SIB CEO
X

Summary

  • പുതിയ സിഇഒ സ്ഥാനത്തിന് ആർബിഐക്ക് പേരുകൾ സമർപ്പിച്ചു
  • വായ്പകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നു
  • നിഷ്ക്രിയ അനുപാതങ്ങളിൽ ഇടിവ്


സ്ഥാപിതമായിട്ട് 100 വര്‍ഷം പൂര്‍ത്തിയാക്കാന്‍ പോകുന്ന സൗത്ത് ഇന്ത്യന്‍ ബാങ്ക് (എസ്‌ഐബി) നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ (2023-24) ലക്ഷ്യമിടുന്നത് 1000 കോടി രൂപയുടെ അറ്റാദായം.

ഈ വര്‍ഷം 1,000 കോടി രൂപയാണ് അറ്റാദായമായി ബാങ്ക് ലക്ഷ്യമിടുന്നതെന്ന് ബാങ്ക് സിഇഒയും എംഡിയുമായ മുരളി രാമകൃഷ്ണന്‍ പറഞ്ഞു. രണ്ട് ദിവസം മുന്‍പ് അനലിസ്റ്റുകളുമായി സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സിഇഒയും എംഡിയുമായ മുരളി രാമകൃഷ്ണന്റെ കാലാവധി 2023 സെപ്റ്റംബര്‍ 30-ന് അവസാനിക്കും.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് അതിന്റെ എക്കാലത്തെയും ഉയര്‍ന്ന അറ്റാദായമാണ് കൈവരിച്ചത്. 775.09 കോടി രൂപയായിരുന്നു അറ്റാദായം. ഇതോടൊപ്പം മൊത്തം ബിസിനസ്സ്, പ്രവര്‍ത്തന ലാഭം, പ്രൊവിഷന്‍ കവറേജ് റേഷ്യോ (പിസിആര്‍), ക്യാപിറ്റല്‍ അഡീക്വസി റേഷ്യോ (സിഎആര്‍) എന്നിവയിൽ ഉള്‍പ്പെടെ മറ്റ് ചില പുതിയ റെക്കോര്‍ഡുകളും ബാങ്കിനു സ്ഥാപിക്കാന്‍ കഴിഞ്ഞു.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് ലക്ഷ്യമിടുന്ന 1,000 കോടി രൂപയുടെ അറ്റാദായം വലിയ വെല്ലുവിളിയായി തോന്നാം.

കാരണം, 2020-21, 2021-22 സാമ്പത്തിക വര്‍ഷങ്ങളില്‍ ബാങ്കിന് യഥാക്രമം 61.09 കോടി രൂപയും, 44.98 കോടി രൂപയുമാണ് ലാഭം നേടാനായത്.

"ബാങ്കിന് വളരാന്‍ വലിയ സാധ്യതയുണ്ട്. ഞങ്ങള്‍ക്ക് ഇപ്പോള്‍ ശക്തമായ ഒരു രണ്ടാം നിര നേതൃത്വമുണ്ട്; ഡിജിറ്റലൈസേഷന്‍ പൂര്‍ത്തീകരിക്കുകയും സാങ്കേതിക മേഖലയെ നവീകരിക്കാന്‍ ആവശ്യമായ നിക്ഷേപം നടത്തുകയും ചെയ്യുന്ന അടിസ്ഥാനപരമായ മാറ്റത്തിന്റെ നടുവിലാണ് ഞങ്ങള്‍, അതിനാല്‍ വളര്‍ച്ചയ്ക്കുള്ള അടിസ്ഥാനശില പാകിയിട്ടുണ്ടെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും, '' ബാങ്കിന്റെ നേതൃത്വം ഏറ്റെടുത്തതിനു ശേഷം കഴിഞ്ഞ മൂന്ന് വര്‍ഷമായി ബാങ്കിനായി രൂപപ്പെടുത്തിയ തന്ത്രം വിശദീകരിക്കവെ രാമകൃഷ്ണന്‍ പറഞ്ഞു.

പുതിയ സിഇഒ ഓഗസ്റ്റ് മധ്യത്തോടെ

പുതിയ ബാങ്ക് മേധാവിയെ (സിഇഒ & എംഡി) നിയമിക്കുന്ന കാര്യത്തെക്കുറിച്ച് സംസാരിച്ച രാമകൃഷ്ണന്‍, ബാങ്കിന്റെ ബോര്‍ഡ് ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത രണ്ട് പേരുകള്‍ അന്തിമ തീരുമാനത്തിനായി ആര്‍ബിഐക്ക് അയച്ചിട്ടുണ്ടെന്നും ഓഗസ്റ്റ് പകുതിയോടെ ഇതുസംബന്ധിച്ച ആര്‍ബിഐയുടെ കത്ത് ബാങ്ക് പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞു.

ആരോഗ്യകരമായ വീണ്ടെടുക്കല്‍

കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ബാങ്കിന്റെ വളര്‍ച്ചയ്ക്ക് തടസ്സമായത് കിട്ടാക്കടമാണ്. എങ്കിലും കാര്യങ്ങള്‍ അനുകൂലമായി മാറുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.

മൊത്തം നിഷ്‌ക്രിയ ആസ്തിയായി (Gross NPA) കണക്കാക്കിയിരുന്നതിൽ നിന്നും എഴുതി തള്ളിയവയിൽ നിന്നുമായി ബാങ്ക് 4,160 കോടി രൂപ വീണ്ടെടുത്തു.

വര്‍ഷാടിസ്ഥാനത്തില്‍ (Year-on-Year) മൊത്തം നിഷ്‌ക്രിയ ആസ്തി 5.87 ശതമാനത്തില്‍ നിന്ന് 5.13 ശതമാനമായി കുറഞ്ഞപ്പോള്‍ അറ്റ നിഷ്‌ക്രിയ ആസ്തി 2.87 ശതമാനത്തില്‍ നിന്ന് 2023 ജൂണ്‍ അവസാനത്തോടെ 1.85 ശതമാനത്തിലേക്ക് കുറഞ്ഞു

ബാങ്ക് കണക്കനുസരിച്ച്, കഴിഞ്ഞ കുറച്ച് പാദങ്ങളില്‍ കിട്ടാക്കടങ്ങളുടെ ഒരു നല്ല അളവ് വീണ്ടെടുക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ്. സിന്‍ടെക്സ് മാത്രം സമീപകാലത്ത് ബാങ്കിലേക്ക് തിരിച്ചടച്ചത് 130 കോടി രൂപയാണ്.

വരും പാദങ്ങളിലും കൂടുതല്‍ വീണ്ടെടുക്കല്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി എസ്‌ഐബി ബാങ്ക് സിഇഒ പറഞ്ഞു. ലോണ്‍ ബുക്കില്‍ എണ്ണം കൂട്ടുന്നതിനു പകരം പുതിയ വായ്പകളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിലാണു സിഇഒ രാമകൃഷ്ണന്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

45,268 കോടി രൂപ മൂല്യമുള്ള പുതിയ ലോണിന് A+ അല്ലെങ്കില്‍ അതിന് മുകളിലുള്ള റേറ്റിംഗ് ഉണ്ട് എന്നതും അതിന്റെ GNPA അനുപാതം 0.16 ശതമാനത്തില്‍ താഴെയാണെന്നതും ഇതിന് തെളിവാണ്.

കൂടാതെ, ബാങ്കിന്റെ മൂലധനം 2023 ജൂണ്‍ 30 വരെ 16.49 ശതമാനം മൂലധന പര്യാപ്തതയിൽ തുടരുകയും ചെയ്തു.