27 Jan 2023 6:17 AM GMT
തുടര്‍ച്ചയായ രണ്ടാം ദിനത്തിലും വിപണിയില്‍ അദാനിയുടെ ഏഴു കമ്പനികളുടെ ഓഹരികള്‍ കുത്തനെ ഇടിയുന്ന കാഴ്ചയാണ് കാണുന്നത്. അദാനി ഗ്രൂപ്പ് സ്റ്റോക്ക് കൃത്രിമത്വത്തിലും, അക്കൗണ്ടിംഗ് തട്ടിപ്പിലും ഏര്‍പ്പെട്ടിട്ടുണ്ടെന്ന ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെയാണ് ഓഹരികള്‍ക്ക് ഇടിയുന്നത്.
അദാനി ട്രാന്‍സ്മിഷന്റെ ഓഹരികള്‍ 19 ശതമാനവും, അദാനി ടോട്ടല്‍ ഗ്യാസിന്റെ ഓഹരികള്‍ 19 .1 ശതമാനവും ഇടിഞ്ഞു. 2020 മാര്‍ച്ചിന് ശേഷം ആദ്യമായാണ് ഇത്രയും വലിയ ഇടിവ് ഓഹരികള്‍ക്ക് സംഭവിക്കുന്നത്. പ്രാരംഭ ഘട്ട വ്യാപാരത്തില്‍ അദാനി ഗ്രീന്‍ എനര്‍ജിയുടെ ഓഹരികള്‍ 16 ശതമാനവും ഇടിഞ്ഞു.
20,000 കോടി രൂപയുടെ എഫ് പിഒ (ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍) ഇന്ന് ആരംഭിക്കാനിരിക്കെ അദാനി എന്റര്‍പ്രൈസിന്റെ ഓഹരികള്‍ 2 ശതമാനം ഇടിഞ്ഞാണ് വ്യപാരം ചെയ്തിരുന്നത്. എഫ് പിഒയിലുടെ ഓഹരി ഒന്നിന് 3,112 -3,276 രൂപ നിരക്കിലാണ് ഓഹരികള്‍ ഇഷ്യൂ ചെയുന്നത്. ജനുവരി 31 നാണ് എഫ് പിഒ അവസാനിക്കുക. ഓഫറിന് മുന്‍പായി ആങ്കര്‍ നിക്ഷേപകരില്‍ നിന്നും 5,985 കോടി രൂപ സമാഹരിച്ചുവെന്ന് കമ്പനി അറിയിച്ചിരുന്നു. അദാനി ഗ്രൂപ്പിന്റെ ഏത് നിയമ നടപടികളെ നേരിടാനും തങ്ങള്‍ തയാറാണെന്നും, റിപ്പോര്‍ട്ടില്‍ തന്നെ പൂര്‍ണമായും ഉറച്ചു നില്‍ക്കുന്നുവെന്നും ഹിന്‍ഡന്‍ബെര്‍ഗ് പ്രസ്താവിച്ചു.