image

7 Jan 2023 6:16 AM

Corporates

ജാക്ക് മാ ആന്റ് ഗ്രൂപ്പിലെ നിയന്ത്രണാധികാരങ്ങള്‍ ഉപേക്ഷിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

MyFin Desk

jack ma
X

Summary

  • 2020 ല്‍ കമ്പനി 37 ബില്യണ്‍ ഡോളറിന്റെ ഐപിഒ അവതരിപ്പിക്കാന്‍ ഒരുങ്ങിയിരുന്നു.


ചൈന: ചൈനയിലെ സാങ്കേതിക മേഖല മുന്‍പെങ്ങുമില്ലാത്ത വിധം പ്രതിസന്ധി നേരിടുന്നതിനാല്‍ ആന്റ് ഗ്രൂപ്പ് മേധാവി ജാക് മാ തന്റെ നിയന്ത്രണാധികാരങ്ങള്‍ ഉപേക്ഷിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. കമ്പനി സ്ഥാപകന്‍, മാനേജ്മെന്റ്, സ്റ്റാഫ് എന്നിവരുള്‍പ്പെടെ 10 പേര്‍ക്കാണ് സ്വതന്ത്ര വോട്ടവകാശം നല്‍കുന്നത്.

ആന്റ് ഗ്രൂപ്പിലെ ജാക് മായുടെ വോട്ടവകാശം നീക്കം ചെയ്യുമെന്നും ശനിയാഴ്ച്ചത്തെ പ്രഖ്യാപനത്തില്‍ കമ്പനി വ്യക്തമാക്കുന്നു. ഈ മാറ്റങ്ങള്‍ കമ്പനിയിലെ ഓഹരിയുടമകളുടെ സാമ്പത്തിക താല്‍പര്യങ്ങളെ ഒരിക്കലും ബാധിക്കില്ലെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.

2020 ല്‍ കമ്പനി 37 ബില്യണ്‍ ഡോളറിന്റെ ഐപിഒ അവതരിപ്പിക്കാന്‍ ഒരുങ്ങിയിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ തുകയുടെ ഐപിഒയായിരുന്നു ഇത്. എന്നാല്‍, അവസാന നിമിഷം ഐപിഒ റദ്ദാക്കി. അതിനുശേഷം ജാക് മായെ പൊതു വേദികളില്‍ കണ്ടിരുന്നില്ല. റെഗുലേറ്റര്‍മാരെ പ്രീതിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളിലായിരുന്നു പിന്നീട് കമ്പനിയുടെ ശ്രദ്ധ.

മൂലധന അടിത്തറ വര്‍ധിപ്പിക്കുകയും, ഒരു ബില്യണ്‍ ഉപഭോക്താക്കളുള്ള പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ അലിപേയില്‍ നിന്ന് വെല്‍ത്ത് മാനേജ്‌മെന്റ്, കണ്‍സ്യൂമര്‍ ലെന്‍ഡിംഗ് തുടങ്ങിയ സേവനങ്ങളിലേക്ക് ബിസിനസിനെ തിരിച്ചു വിടുന്നതിലേക്കും നീങ്ങി. ആന്റ് ഗ്രൂപ്പ് ഫണ്ട് ശേഖരണത്തിന് ഹോങ്കോംഗ് സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ അംഗീകാരവും നേടി.

ഇപ്പോള്‍ കമ്പനിയുടെ നിയന്ത്രണത്തില്‍ വരുന്ന മാറ്റം അര്‍ത്ഥമാക്കുന്നത് ഐപിഒയ്ക്കായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ്. മൂന്നു വര്‍ഷത്തിനിടയില്‍ കമ്പനിയിലെ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തിയാല്‍ ചൈനയിലെ എ-ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ സാധിക്കില്ല. ഷാങ്ഹായ് സ്റ്റാര്‍ വിപണി, ഹോങ്കോംഗ് വിപണി എന്നിവിടങ്ങളില്‍ ഒരു വര്‍ഷമാണ് വെയിറ്റിംഗ് പിരീഡ്.