19 May 2023 11:30 AM
അദാനിക്ക് എതിരായ റിപ്പോര്‍ട്ട്; സെബി പരാജയപ്പെട്ടതിന് തെളിവില്ലെന്ന് സുപ്രിംകോടതി
MyFin Desk
Summary
- വാഷ് ട്രേഡിന് തെളിവില്ലെന്ന് സെബി
- നിയന്ത്രണത്തില്‍ വീഴ്ചയില്ല
- അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണം
അദാനി -ഹിഡന്‍ബര്‍ഗ് കേസില്‍ സെബിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് കരുതുന്നതായി സുപ്രിംകോടതി. ഒറ്റനോട്ടത്തില്‍ നിയന്ത്രണത്തില്‍ സെബി പരാജയപ്പെട്ടിട്ടില്ലെന്നാണ് മനസിലാകുന്നതെന്ന് കേസ് ഇന്ന് പരിഗണിച്ച സുപ്രിംകോടതിയുടെ ആറംഗ ബെഞ്ച് പറഞ്ഞു. എന്നാല്‍ ഈ വിഷയത്തില്‍ അന്വേഷണങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. അദാനി കേസിലെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സെബിയുടെ റഗുലേറ്ററി സംബന്ധിച്ച് പരിശോധന നടത്താന്‍ രൂപീകരിച്ച വിദഗ്ധ സമിതി മെയ് ആറിന് സുപ്രിംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ഇത് പരിഗണിച്ചാണ് സുപ്രിംകോടതിയുടെ പരാമര്‍ശം. അദാനി ഗ്രൂപ്പിന്റെ ഓഹരിയുടെ വിലക്കയറ്റം ന്യായമായ വിധത്തിലാണോ എന്നതല്ല നിയന്ത്രിക്കുന്നതില്‍ സെബി പരാജയപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാനായിരുന്നു കമ്മിറ്റിയെ നിയോഗിച്ചത്. കമ്മിറ്റിക്ക് മുമ്പാകെ അദാനി ഗ്രൂപ്പിന്റെ ഓഹരികളില്‍ വാഷ് ട്രേഡ് നടന്നതിന് തെളിവുകളൊന്നും നിലവില്‍ കണ്ടെത്തിയിട്ടില്ലെന്നാണ് സെബി അറിയിച്ചത്.
ഹിഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് മുമ്പ് തന്നെ ഷോര്‍ട്ട് പൊസിഷനുകള്‍ എടുത്ത ചില സ്ഥാപനങ്ങളുണ്ടെന്നും വില ഇടിയുമ്പോള്‍ അവര്‍ പൊസിഷന്‍ മാറ്റിപിടിച്ച് ലാഭം നേടിയിട്ടുണ്ടെന്നും സെബി കണ്ടെത്തിയിട്ടുണ്ട്. ഓഹരികളുടെ വില വീണ്ടും വിലയിരുത്തിയതായും സെബി കമ്മിറ്റിയെ അറിയിച്ചു. ജനുവരി 24ന് മുമ്പുള്ള നിലയിലേക്ക് അവര്‍ തിരിച്ചെത്തിയില്ലെങ്കിലും പുതുതായി വീണ്ടും വില നിശ്ചയിക്കുന്ന വിധത്തില്‍ സ്ഥിരത പുലര്‍ത്തുന്നുവെന്ന് കോടതി പറഞ്ഞു.