22 Dec 2022 6:30 AM
മെട്രോ എജിയുടെ ഇന്ത്യയിലെ ബിസ്സിനസ്സ് 2,850 കോടി രൂപക്ക് റിലയന്‍സ് ഏറ്റെടുക്കുന്നു
MyFin Desk
ഇന്ത്യയിലെ റീട്ടെയില്‍ മേഖലയില്‍ കൂടുതല്‍ കരുത്താർജിക്കാൻ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ജര്‍മ്മന്‍ കമ്പനി മെട്രോ എജി യുടെ ഇന്ത്യയിലെ ബിസിനസിനെ ഏറ്റെടുക്കുന്നു. മെട്രോ എജി ഇന്ത്യയിലെ 'മെട്രോ ക്യാഷ് ആന്‍ഡ് കാരി ഇന്ത്യയുടെ 100 ശതമാനം ഓഹരികളും 2850 കോടി രൂപയ്ക്കാണ് സ്വന്തമാക്കുന്നത്.
ഈ ഏറ്റെടുകളിലൂടെ രാജ്യത്തിന്റെ പ്രധാന നഗരങ്ങളില്‍ സ്ഥിതി ചെയുന്ന മെട്രോ ഇന്ത്യ സ്റ്റോറുകളുടെ നിയന്ത്രണം റിലയന്‍സിന്റെ കൈകളിലാകും. ഇത് ഗ്രൂപ്പിന്റെ റീട്ടെയ്ല്‍ മേഖലയിലെ സാനിധ്യം വികസിക്കുന്നതിനും, ചെറുകിട വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും കാര്യക്ഷമമായ സേവനം നല്‍കുന്നതിനും സഹായിക്കും.
2023 മാര്‍ച്ച് മാസത്തില്‍ ഇടപാട് പൂര്‍ത്തിയാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ മികച്ച ഉപഭോക്തൃ സേവനം നല്‍കുന്ന മള്‍ട്ടി ചാനല്‍ പ്ലാറ്റ്‌ഫോമുള്ള കമ്പനിയാണ് മെട്രോ ഇന്ത്യ. മൊത്ത വ്യാപാരത്തിലും ഭക്ഷ്യോത്പന്നങ്ങളുടെ റീട്ടെയില്‍ മേഖലയിലും 34 രാജ്യങ്ങളില്‍ മെട്രോ എജിക്ക് സാന്നിധ്യമുണ്ട്. പഴങ്ങള്‍ പച്ചക്കറികള്‍, സാധാരണ പലചരക്ക് സാധനങ്ങള്‍, ഇലക്ട്രോണിക്‌സ്, വീട്ടുപകരണങ്ങള്‍, വസ്ത്രങ്ങള്‍ മുതലായ ഉത്പന്നങ്ങള്‍ കമ്പനി വില്‍ക്കുന്നുണ്ട്. ഒപ്പം ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ഓഫീസുകള്‍, കമ്പനികള്‍, ചെറുകിട കച്ചവടക്കാര്‍, കിരാന സ്റ്റോറുകള്‍ തുടങ്ങിയക്ക് സേവനങ്ങള്‍ നല്‍കുന്നുണ്ട്.
മെട്രോയ്ക്ക് ബാംഗ്ലൂര്‍ ഹൈദരാബാദ് , മുംബൈ, ഡെല്‍ഹി, കൊല്‍ക്കത്ത, ജയ്പൂര്‍, ജലന്ധര്‍, സിരാക്പൂര്‍, അമൃത്സര്‍, അഹമ്മദാബാദ്, സൂറത്ത്, ഇന്‍ഡോര്‍, ലഖ്നൗ, മീററ്റ്, നാസിക്, ഗാസിയാബാദ്, തുംകുരു വിജയവാഡ, വിശാഖപട്ടണം, ഗുണ്ടൂര്‍, ഹുബ്ബള്ളി എന്നിവിടങ്ങളില്‍ സാന്നിധ്യമുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ റീട്ടെയ്ല്‍ കമ്പനിയായ റിലയന്‍സ് റീട്ടെയ്ലിന് 16,600 ഓളം സ്റ്റോറുകളാണ് നിലവിലുള്ളത്. റിലയന്‍സ് ഗ്രൂപ്പിന്റെ റീട്ടെയില്‍ കമ്പനികള്‍ ഉള്‍പ്പെടുന്ന ആര്‍ആര്‍വിഎല്ലിന്റെ ഉപസ്ഥാപനമാണ് റിലയന്‍സ് റീട്ടെയില്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആര്‍ആര്‍വിഎല്ലിന്റെ കണ്‍സോളിഡേറ്റഡ് വിറ്റുവരവ് 2 ലക്ഷം കോടി രൂപയായിരുന്നു.