8 Nov 2023 4:55 AM GMT
Summary
- 1500 കോടി രൂപ മുതൽ 2000 കോടി രൂപ നിക്ഷേപം സ്വീകരിക്കുx
- വെയർഹൌസുകള്‍ മൊത്തം 7.5 മുതൽ 8 ദശലക്ഷ ചതുരശ്രയടി വിസ്തീർണ്ണം ഉള്‍ക്കൊള്ളുന്നു
- സിഡബ്ല്യൂസി യുടെ കീഴിൽ രാജവ്യാപകമായി 458 വെയർഹൌസുകളുണ്ട്
കേന്ദ്ര, ഭക്ഷ്യപൊതുവിതരണ മന്ത്രാലയത്തിന്‍റെ കീഴിലുള്ള സെൻട്രൽ വേർഹൌസിംഗ് കോർപ്പറേഷൻ (സിഡബ്ല്യൂസി) സ്വകാര്യ ഡെവലപ്പർമാരുമായി ചേർന്ന് രാജ്യത്തെ 80 പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ വേർഹൌസിംഗ് സൌകര്യങ്ങള്‍ നവീകരിക്കും. ഇതിന് 1500 - 2000 കോടി രൂപ നിക്ഷേപം കണക്കാക്കുന്നു. നൈറ്റ് ഫ്രാങ്ക് ഇന്ത്യയാണ് കോർപറേഷന്‍റെ ഉപദേശകരും പങ്കാളിയും.
ഡിസൈന്‍ ബില്‍ഡ് ഫിനാന്‍സ് ഓപ്പറേറ്റ് ആന്‍ഡ് ട്രാന്‍സ്ഫർ (ഡിബിഫോട്) മാതൃകയിലാണ് പൊതു,സ്വകാര്യ പങ്കാളിത്തം (പിപിപി) രൂപീകരിക്കുക. നാല്പത്തിയഞ്ചു വർഷത്തേക്കാണ് കാലാവധി.
"തുടക്കത്തില്‍ 54 സ്ഥലങ്ങളിലും അടുത്ത ഘട്ടത്തില്‍ 20 സ്ഥലങ്ങളിലേക്കുകൂടി വ്യാപിപ്പിക്കും. ഇതിന് കുറഞ്ഞത് 1500 കോടി രൂപയുടെയെങ്കിലും നിക്ഷേപം വേണ്ടി വരും. ഇതിലൂടെ കാര്യക്ഷമത, സാങ്കേതികവിദ്യ, നവീകരണം, സമ്പൂർണ ഡിജിറ്റൈസേഷന്‍ തുടങ്ങിയവ നേടാനാകും."സെൻട്രൽ വേർ ഹൌസിംഗ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ അമിത് കുമാർ സിംഗ് പറഞ്ഞു.
സിഡബ്ല്യൂസി യുടെ കീഴിൽ രാജവ്യാപകമായി 458 വെയർഹൌസുകളുണ്ട്. ഇവയ്ക്ക് 10.4 ദശലക്ഷം ടൺ സംഭരണ ശേഷിയുണ്ടെങ്കിലും, ശരാശരി ശേഷി ഉപയോഗം ഏകദേശം 87 ശതമാനമാണ്.
ഇതില്‍ 54 സ്ഥലങ്ങളിലേക്കാണ് തുടക്കത്തില്‍ ടെൻഡറുകള്‍ ആരംഭിക്കുന്നത്. ഈ വെയർഹൌസുകള്‍ മൊത്തം 7.5 മുതൽ 8 ദശലക്ഷ ചതുരശ്രയടി വിസ്തീർണ്ണം ഉള്‍ക്കൊള്ളുന്നു. ഇതിൽ 15 വേർഹൌസുകള്‍ ഒന്നാം നിര നഗരത്തിലും 13 എണ്ണം രണ്ടാം നിര നഗരത്തിലും മൂന്നെണ്ണം മൂന്നാനിര നഗരത്തിലുമാണ്. ഒരെണ്ണം നാലാം നിര നഗരത്തിലാണ്. ഈ വേർഹൌസുകളുടെ നവീകരണം സ്വകാര്യ പങ്കാളിത്തത്തോടെ ഡിസംബറില്‍ ആരംഭിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിഡബ്ല്യൂസി യുടെ നിയന്ത്രണത്തിലുള്ള ഭൂമിയുടെ ഒരു പ്രധാന ഭാഗം മികച്ച രീതിയിൽ വിനിയോഗിക്കുന്നില്ല. സ്വകാര്യ പങ്കാളിത്തം ഈ പ്രശ്നം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സിംഗ് പറഞ്ഞു. ഏതാണ്ട് 200 ഏക്കറോളം സ്ഥലമാണ് വേർഹൌസിംഗ് കോർപ്പറേഷന്‍ വികസനത്തിനായി നല്കുന്നത്.
പോർട്ട്, എയർപോർട്ട്, റെയില്‍വേ, മെട്രോ റെയില്‍, വ്യവസായ പാർക്ക്, ലോജിസ്റ്റിക് പാർക്ക്, റിയല്‍ എസ്റ്റേറ്റ് പദ്ധതി തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു. കാതല്‍ മേഖല പദ്ധതികളാണ് മറ്റൊന്ന്. കല്ക്കരി, ക്രൂഡോയില്‍, പ്രകൃതിവാതകം, സിമന്‍റ്, വളം, സ്റ്റീല്‍, റിഫൈനറി, വൈദ്യുതി തുടങ്ങിയ കാതല്‍മേഖലയിലെ പദ്ധതികളും അനുവദിക്കും. എന്നാല്‍ ഭവന നിർമാണ് പദ്ധതി അനുവദിക്കില്ല.
സിഡബ്ല്യൂസി യുടെ മാർക്കറ്റിംഗ് പങ്കാളിയായ നൈറ്റ് ഫ്രാങ്ക് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, 2024 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ ആറ് മാസങ്ങളിൽ വെയർഹൗസിംഗ് പ്രവർത്തനം കുറഞ്ഞെങ്കിലും, പ്രധാന നഗരങ്ങളിലെ വാടക വളർച്ച ആരോഗ്യകരമായി 1-4 ശതമാനമായിത്തുടർന്നു. പൂനെയും ചെന്നൈയുമാണ് ഏറ്റവും കൂടുതൽ വളർച്ച നേടിയത്. ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ, വെയർഹൗസിംഗ് ലീസിംഗ് 23 ദശലക്ഷം ചതുരശ്ര അടിയിൽ വ്യാപിച്ചു, മുൻവർഷത്തെ അപേക്ഷിച്ച് 10 ശതമാനം കുറവുണ്ടായി.