29 Jun 2023 5:14 PM IST
ഓഹരി വില്‍പ്പനയിലൂടെ ഫണ്ട് കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ ആസ്തി വില്‍ക്കും: ബൈജു രവീന്ദ്രന്‍
MyFin Desk
Summary
- കമ്പനിയുടെ നില മോശമല്ലെന്നു ബൈജു രവീന്ദ്രന്‍
- പ്രതികൂല സാഹചര്യങ്ങളെ നേരിടുന്ന ഘട്ടത്തിലാണ് വിശദീകരണവുമായി രംഗത്തുവന്നത്
- ഇക്വിറ്റി ഫണ്ട് ശേഖരണത്തിനായി കമ്പനി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്
എഡ്ടെക് ഭീമനായ ബൈജൂസിന്റെ സഹസ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന്‍ വ്യാഴാഴ്ച (ജൂണ്‍ 28) വെര്‍ച്വല്‍ മീറ്റിംഗിലൂടെ ജീവനക്കാരെ അഭിസംബോധന ചെയ്തു. കമ്പനി ശക്തമായി തിരിച്ചുവരുമെന്ന് ഉറപ്പുനല്‍കിയ അദ്ദേഹം ബൈജൂസിന്റെ ഏറ്റവും മികച്ചത് വരാനിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സമീപകാലത്ത് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതു പോലെ കമ്പനിയുടെ നില മോശമല്ലെന്നും അദ്ദേഹം പറഞ്ഞു.
പിരിച്ചുവിടല്‍, ബോര്‍ഡംഗങ്ങളുടെ രാജി, മൂല്യനിര്‍ണ്ണയം വെട്ടിക്കുറച്ചത്, 1.2 ബില്യന്‍ ടേം ലോണിനെച്ചൊല്ലി നടന്നുകൊണ്ടിരിക്കുന്ന നിയമപോരാട്ടം എന്നിവ ഉള്‍പ്പെടുന്ന പ്രതികൂല സാഹചര്യങ്ങളെ നേരിടുന്ന ഘട്ടത്തിലാണ് ജീവനക്കാര്‍ക്ക് മുന്‍പില്‍ അദ്ദേഹം വിശദീകരണവുമായി രംഗത്തുവന്നത്.
ഒരു പുതിയ റൗണ്ട് ഇക്വിറ്റി ഫണ്ട് ശേഖരണത്തിനായി കമ്പനി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനു വേണ്ടി നിക്ഷേപകരുമായി ചര്‍ച്ച നടത്തുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിലൂടെ ധനസമാഹരണം സാധ്യമായില്ലെങ്കില്‍ നിലവിലുള്ള ആസ്തികള്‍ വില്‍ക്കുന്നതടക്കമുള്ള ബദല്‍ മാര്‍ഗങ്ങള്‍ കമ്പനി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം ആദ്യം ബൈജൂസ് അതിന്റെ അനുബന്ധ സ്ഥാപനമായ ആകാശ് എജ്യുക്കേഷന്‍ സര്‍വീസസിന്റെ (AESL) പ്രാരംഭ പബ്ലിക് ഓഫറിംഗ് (IPO) ആരംഭിക്കാനുള്ള പദ്ധതികള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. 2021 ഏപ്രിലില്‍ 950 മില്യണ്‍ ഡോളറിന്റെ ഇടപാടില്‍ ഏറ്റെടുത്ത ഓഫ്ലൈന്‍ കോച്ചിംഗ് ശൃംഖലയായ ആകാശിനെ അടുത്ത വര്‍ഷം പകുതിയോടെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുമെന്നാണ് കമ്പനി അറിയിച്ചത്.
പരസ്പരം യോജിച്ച തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിലോയിറ്റിന്റെ രാജിയെന്ന് അദ്ദേഹം പറഞ്ഞു. ബോര്‍ഡ് അംഗങ്ങളുടെ രാജിക്ക് ഡിലോയിറ്റുമായി യാതൊരു ബന്ധവുമില്ല. ചില അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലാണ് ബോര്‍ഡംഗങ്ങളുടെ രാജി. ബോര്‍ഡ് രൂപീകരിക്കാന്‍ പുതിയ അംഗങ്ങള്‍ ഉടനെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജിവെച്ച അംഗങ്ങള്‍ ബൈജൂസുമായി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു, കാരണം അവര്‍ ഇപ്പോഴും കമ്പനിയുടെ നല്ലൊരു പങ്ക് വഹിക്കുന്നു-ബൈജു രവീന്ദ്രന്‍ പറഞ്ഞു.
ബൈജൂസിന്റെ ഭാഗമായ അഞ്ച്-ആറ് സ്ഥാപനങ്ങളില്‍ മൂന്നെണ്ണം ലാഭകരവും ഒന്നോ രണ്ടോ എണ്ണം ബ്രേക്ക്ഈവനുമാണെന്ന് ബൈജു രവീന്ദ്രന്‍ പറഞ്ഞു. ബൈജൂസിന്റെ ട്യൂഷന്‍ സെന്റര്‍ ഭാവിയിലെ ഒരു പ്രതീക്ഷയാണ്. അത് ഇപ്പോഴും നിക്ഷേപ ഘട്ടത്തിലാണ്, അത് ലാഭകരമല്ല. പക്ഷേ അതിനെക്കുറിച്ച് വളരെ പോസിറ്റീവ് ആണ്. വൈറ്റ്ഹാറ്റ് ജൂനിയര്‍ ലാഭമുണ്ടാക്കുന്നില്ലെങ്കിലും അതിനുള്ള പദ്ധതികള്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആകാശ് ലാഭകരമാണ്, കൂടാതെ ആപ്പ് അധിഷ്ഠിത പഠനം ബ്രേക്ക്-ഇവനുമാണെന്ന് ബൈജു രവീന്ദ്രന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ബൈജൂസിന്റെ ഏറ്റവും വലിയ നിക്ഷേപകരായ പ്രോസസ് ബൈജൂസിന്റെ മൂല്യം വെട്ടിക്കുറച്ചിരുന്നു. ഇത് രണ്ടാം തവണയായിരുന്നു അവര്‍ മൂല്യം വെട്ടിക്കുറച്ചത്. കഴിഞ്ഞയാഴ്ച ബൈജൂസിന്റെ ബോര്‍ഡില്‍ നിന്നും മൂന്ന് ബോര്‍ഡംഗങ്ങള്‍ പടിയിറങ്ങുകയും ചെയ്തിരുന്നു.
ഇന്ത്യയിലെ എഡ്ടെക് ഭീമന്‍ ബൈജൂസ് പ്രതിസന്ധിയിലാണെന്ന് ചൂണ്ടിക്കാണിക്കുന്ന നിരവധി റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ ഒട്ടുമിക്ക ജീവനക്കാരുടെയും പിഎഫ് പേമെന്റ് കമ്പനി നടത്തിയിട്ടില്ലെന്ന് ഇപിഎഫ്ഒ ഡാറ്റ ഉള്‍പ്പടെയുള്ള സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദി ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബൈജൂസിന്റെ നിരവധി മുന്‍ ജീവനക്കാര്‍ കമ്പനി പിഎഫ് അടച്ചിട്ടില്ലെന്ന ആരോപണവുമായി സമൂഹ മാധ്യമങ്ങളില്‍ എത്തിയിട്ടുണ്ട്. ചില മുന്‍ ജീവനക്കാര്‍ ഇപിഎഫ് അക്കൗണ്ട് പാസ്ബുക്കിന്റെയും സാലറി സ്ലിപ്പുകളുടെയും സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കിട്ടും തെളിവുനിരത്തി.
ഇപിഎഫ്ഒ പോര്‍ട്ടലില്‍ നിന്നുള്ള ഡാറ്റയും, ജീവനക്കാര്‍ക്കായി കമ്പനി പ്രതിമാസം നടത്തേണ്ട നിക്ഷേപങ്ങള്‍ നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്നു. ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് പിഎഫ് അടവില്‍ വീഴ്ച വരുത്തിയിട്ടുണ്ടെന്നാണ് ഇപിഎഫ്ഒ ഡാറ്റ കാണിക്കുന്നത്.