25 July 2023 10:53 AM GMT
Summary
- നിലവിലെ ക്രെഡിറ്റ് ഫണ്ടുകളിലൂടെ തന്നെയാകും നിക്ഷേപങ്ങളുടെ വിന്യാസം
- ക്രെഡിറ്റ് ഫണ്ടുകളില്‍ നിന്നുള്ള വരുമാനം 20 ശതമാനത്തിന് മുകളിലെത്തി
ഇന്ത്യയിലെ ഉയർന്ന വരുമാനമുള്ള കമ്പനികളില്‍ നിക്ഷേപം നടത്തുന്നതിനായി സ്വകാര്യ വായ്പ വഴി 1.5 ബില്യൺ ഡോളർ സമാഹരിക്കാൻ പിരാമൽ ആൾട്ടർനേറ്റീവ്സ് പദ്ധതിയിടുന്നു. ശതകോടീശ്വരൻ അജയ് പിരാമൽ നേതൃത്വം നല്‍കുന്ന പിരാമൽ ഗ്രൂപ്പിനു കീഴില്‍ വരുന്ന കമ്പനി നിലവിലുള്ള നാല് സ്വകാര്യ ക്രെഡിറ്റ് ഫണ്ടുകളിലൂടെ മൊത്തം 4 ബില്യൺ ഡോളർ സമാഹരിച്ചിട്ടുണ്ടെന്നും പിരാമൽ ആൾട്ടർനേറ്റീവ്‌സിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ കൽപേഷ് കികാനി പറഞ്ഞു.
ബെയ്ൻ ക്യാപിറ്റലുമായി സഹകരിച്ചുള്ള ഇന്ത്യ റീസർജൻസ് ഫണ്ടും പെർഫോമിംഗ് ക്രെഡിറ്റ് ഫണ്ടും ഈ 4 ഫണ്ടുകളില്‍ ഉള്‍പ്പെടുന്നുണ്ട്. വാർഷികാടിസ്ഥാനത്തിൽ ക്രെഡിറ്റ് ഫണ്ടുകളില്‍ നിന്നുള്ള വരുമാനം 20 ശതമാനത്തിന് മുകളിലെത്തിയെന്നും അദ്ദേഹം വിശദീകരിച്ചു.
“ സ്വകാര്യ മൂലധന സ്രോതസ്സ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ നിലവിലുള്ള നാല് ഫണ്ടുകളിലൂടെ തന്നെയായിരിക്കും പുതിയ നിക്ഷേപങ്ങളുടെയും വിന്യാസം,” കികാനി പറഞ്ഞു. പരിവർത്തനം, വഴിത്തിരിവ്, വളർച്ച മൂലധനം അല്ലെങ്കിൽ പ്രത്യേക സാഹചര്യങ്ങൾ എന്നിവയ്ക്കായെല്ലാമുള്ള ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിന് കമ്പനി അന്താരാഷ്ട്ര നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നു.
ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഈ വർഷം 5.9% വളരുമെന്നാണ് പ്രതീക്ഷിക്കപ്പെടുത് ഇത് ചൈനയെയും ഏഷ്യയിലെ മറ്റ് വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളുടെ ശരാശരിക്ക് മുകളിലാണ്. സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്നത് സ്വകാര്യ മൂലധനത്തിന്‍റെ ആവശ്യകത ഉയര്‍ത്തുമെന്ന് കൽപേഷ് കികാനി ചൂണ്ടിക്കാണിക്കുന്നു.
പിരമല്‍ എന്‍റര്‍പ്രൈസസിന്‍റെ ഓഹരി വില ഇന്ന് വിപണികള്‍ വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 1.33% ഉയര്‍ച്ചയോടെ 1,005 രൂപയിലായിരുന്നു.