image

24 Nov 2023 5:10 AM GMT

Corporates

താജ് ഹോട്ടല്‍സില്‍ 15 ലക്ഷം പേരുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്നു

MyFin Desk

Personal information of 15 lakh people was leaked in Taj Hotels
X

Summary

  • 2014 മുതല്‍ 2020 വരെയുള്ള വിവരങ്ങളാണ് ചോര്‍ന്നത്
  • അന്വേഷണം നടത്തുകയാണെന്ന് ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ്


താജ് ഹോട്ടൽ ഗ്രൂപ്പിന്‍റെ ഉപഭോക്തൃ ഡാറ്റ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഏകദേശം 15 ലക്ഷം പേരുടെ സ്വകാര്യ വിവരങ്ങൾ ചോര്‍ന്നതായാണ് വിവിധ സ്രോതസ്സുകളില്‍ നിന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതു സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്നാണ് ടാറ്റയുടെ ഉടമസ്ഥതയിലുള്ള താജ് ഹോട്ടല്‍സ് പ്രതികരിച്ചു. നിലിവിലെ ഉപഭോക്താക്കളുടെ ഒരു ഡാറ്റയും സുരക്ഷാ പ്രശ്നം നേരിടുന്നില്ലെന്നും കമ്പനി വിശദീകരിക്കുന്നു.

ഡിഎന്‍എകുക്കീസ് (Dnacookies) എന്ന പേരിലുള്ള ഹാക്കറാണ് തട്ടിയെടുത്ത വിവരങ്ങള്‍ മറ്റാര്‍ക്കും നല്‍കാതെ തിരികെ നല്‍കുന്നതിനായി പണം ആവശ്യപ്പെട്ടിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. താജ് ഹോട്ടൽ ഗ്രൂപ്പ് ഉപഭോക്താക്കളുടെ വിലാസങ്ങൾ, അംഗത്വ ഐഡികൾ, മൊബൈൽ നമ്പര്‍ എന്നിങ്ങനെ നിരവധി വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുന്ന മുഴുവൻ ഡാറ്റാസെറ്റിനായി 5,000 ഡോളറാണ് ആവശ്യപ്പെട്ടിട്ടുള്ളത്. 2014 മുതൽ 2020 വരെയുള്ള ഡാറ്റയാണ് ചോര്‍ത്തിയത്.

ഉപഭോക്തൃ ഡാറ്റ ഇതുവരെ ആരോടും വെളിപ്പെടുത്തിയിട്ടില്ലെന്നും ഇടപാടുകള്‍ക്കായി ഒരു മധ്യസ്ഥന്‍ ആവശ്യമാണെന്നും ഡിഎന്‍എകുക്കീസ് പറയുന്നു. ഡാറ്റ പൂര്‍ണമായി അല്ലാതെ സാംപിള്‍ എന്ന നിലയിലോ ഭാഗികമായോ കൈമാറില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കമ്പനിയുടെ പ്രതികരണം

സെൻസിറ്റീവ് സ്വഭാവമില്ലാത്ത പരിമിത അളവിലുള്ള ഉപഭോക്തൃ ഡാറ്റ കൈവശമുണ്ടെന്ന് ചിലര്‍ അവകാശപ്പെടുന്നതായി ഞങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് (ഐഎച്ച്സിഎൽ) വക്താവ് പ്രസ്താവനയിൽ പറഞ്ഞു. സൈബർ സെക്യൂരിറ്റി അധികൃതര്‍ക്കും ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിനും (സിഇആർടി-ഇൻ) ഇതിനെ കുറിച്ച് അറിയാമെന്നും ഹോട്ടൽ ഗ്രൂപ്പ് സമ്മതിച്ചു.

“ഞങ്ങൾ ഈ ക്ലെയിം അന്വേഷിക്കുകയാണ്, ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ട്,” വക്താവ് പറഞ്ഞു, ഉപഭോക്താക്കളുടെ സുരക്ഷയും ഡാറ്റയുടെ സുരക്ഷയും കമ്പനിക്ക് പരമപ്രധാനമാണെന്നും കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു