6 Jun 2023 4:37 AM
Summary
- കരാര്‍ നിബന്ധനകള്‍ മാനിച്ചാല്‍ തിരിച്ചടവിന് സജ്ജമെന്നും കമ്പനി
- റെഡ്‍വുഡ് 'ഇരപിടിക്കല്‍ തന്ത്രം' പയറ്റിയെന്ന് ആരോപണം
- സാമ്പത്തിക നില ഭദ്രമെന്ന് ബൈജൂസിന്‍റെ വിശദീകരണം
1.2 ബില്യൺ ഡോളറിന്‍റെ വായ്പയിലെ തിരിച്ചടവില്‍ പ്രതിസന്ധി നേരിടുന്ന ഇന്ത്യൻ എഡ്‌ടെക് വമ്പന്‍ ബൈജൂസ് ന്യൂയോർക്ക് സുപ്രീം കോടതിയെ സമീപിച്ചു. ടേം ലോൺ ബി-യിലെ തിരിച്ചടവ് വേഗത്തിലാക്കണമെന്ന ആവശ്യത്തിനെതിരേയാണ് കമ്പനി നിയമപോരാട്ടം തുടങ്ങിയത്. വായ്പാ ദാതാക്കളില്‍ ഒരാളായ റെഡ്‌വുഡിനെ അയോഗ്യമാക്കാനും ബൈജൂസ് ആവശ്യപ്പെടുന്നു.
പ്രാഥമികമായി സമ്മര്‍ദത്തിലായ വായ്പയുടെ ട്രേഡിംഗിനിടെ റെഡ്‍വുഡ് വായ്പയുടെ ഒരു പ്രധാന ഭാഗം സ്വന്തമാക്കിയെന്നും 'ഇരപിടിക്കല്‍' സ്വഭാവത്തിലുള്ള നിരവധി തന്ത്രങ്ങള്‍ പയറ്റിയെന്നുമാണ് ബൈജൂസ് ആരോപിക്കുന്നത്. തർക്കം പരിഹരിക്കുന്നതുവരെ ടേം ലോൺ ബി വായ്പാദാതാക്കള്‍ക്ക് യാതൊരു വിധത്തിലുള്ള തിരിച്ചടവും നടത്തില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ സ്റ്റാർട്ടപ്പായ ബൈജൂസ് തങ്ങള്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി കഴിഞ്ഞ ആറുമാസക്കാലമായി വായ്പാദാതാക്കളുമായി ചര്‍ച്ച നടത്തിവരികയായിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച വായ്പാദാതാക്കള്‍ ചര്‍ച്ചകള്‍ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയും തിരിച്ചടവ് വേഗത്തിലാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പലിശയിനത്തില്‍ നല്‍കേണ്ട 40 മില്യണ്‍ ഡോളറിന്‍റെ തിരിച്ചടവിന് നല്‍കിയിരുന്ന അവസാന തീയതി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് ബൈജൂസ് കോടതിയെ സമീപിച്ചത്.
ബൈജൂസിന്‍റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ബൈജൂസ് ആൽഫ ഇൻക് എന്ന ഉപകമ്പനി 2021 നവംബറില്‍ ടേം ലോണ്‍ ബി സമാഹരിച്ചിരുന്നു. വായ്പാദാതാക്കള്‍ ബൈജൂസ് ആൽഫക്കെതിരേ ഡെലവെർ കോടതിയിൽ കേസ് നൽകിയ സാഹചര്യത്തില്‍ കൂടിയാണ് കമ്പനി ന്യൂയോർക്ക് സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. ബൈജൂസ് ആൽഫ തങ്ങളിൽ നിന്ന് 500 മില്യൺ ഡോളർ മറച്ചുപിടിക്കുന്നതായാണ് വായ്പാദാതാക്കളുടെ ആരോപണം. എന്നാല്‍ ബൈജൂസ് ഇത് നിഷേധിക്കുകയാണ്.
ഇപ്പോൾ ഡെലവെറിലും ന്യൂയോർക്കിലും നിയമനടപടികൾ നടക്കുന്നതിനാൽ, മുഴുവൻ ടേം ലോണ്‍ ബി-യും തർക്കത്തിലാണെന്നും ഇക്കാര്യത്തില്‍ കോടതി തീരുമാനിക്കുന്നത് വരെ, പലിശയുൾപ്പെടെ യാതൊരു വിധത്തിലുള്ള തിരിച്ചടവും കമ്പനി നടത്തില്ലെന്നുമാണ് കമ്പനി വിശദീകരിക്കുന്നത്.
ഗണ്യമായ ക്യാഷ് റിസർവുകളോടെ സാമ്പത്തികമായി ശക്തമായ നിലയിലാണ് കമ്പനി മുന്നോട്ടു പോകുന്നതെന്നും ടിഎല്‍ബി വായ്പാദാതാക്കളുമായി ചർച്ചകൾക്ക് തയ്യാറാണെന്നും ബൈജൂസ് വ്യക്തമാക്കുന്നു. . വായ്പദാതാക്കൾ അവരുടെ തെറ്റായ നടപടികൾ പിൻവലിക്കുകയും കരാറിന്റെ നിബന്ധനകൾ പാലിക്കുകയും ചെയ്താൽ, ടിഎല്‍ബി-ക്ക് കീഴിൽ പേയ്‌മെന്റുകൾ തുടരാൻ തയ്യാറാണെന്നും, തങ്ങള്‍ അതിന് സജ്ജമാണെന്നും കമ്പനി പറയുന്നു.