13 Feb 2023 11:46 AM IST
Summary
- 2021ലെ കണക്കുകള്‍ നോക്കിയാല്‍ ആപ്പിളിലെ ജീവനക്കാരുടെ എണ്ണം 1.54 ലക്ഷമാണ്.
ആഗോളതലത്തില്‍ ടെക്ക് കമ്പനികളിലുള്‍പ്പടെ കൂട്ടപ്പിരിച്ചുവിടലുകള്‍ ശക്തമാകുമ്പോള്‍ ആപ്പിളിന് 'ഫയറിംഗ്' നടപടികളെ കാര്യമായി ആശ്രയിക്കേണ്ടി വരുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റടക്കം ആയിരക്കണക്കിനാളുകളെ പിരിച്ചുവിടുമ്പോഴാണ് ആപ്പിളിലെ നല്ലൊരു വിഭാഗം ആളുകള്‍ക്കും 'തൊഴില്‍ സുരക്ഷ' ഉറപ്പാകുന്നത്. 2021ലെ കണക്കുകള്‍ നോക്കിയാല്‍ ആപ്പിളിലെ ജീവനക്കാരുടെ എണ്ണം 1.54 ലക്ഷമാണ്. ഗൂഗിളില്‍ ഇത് 1.50 ലക്ഷവും.
കോവിഡ് കാലത്ത് പോലും വന്‍ റിക്രൂട്ട്‌മെന്റ് നടത്തിയ കമ്പനിയാണ് ആല്‍ഫബെറ്റ്. എന്നാല്‍ ആപ്പിളില്‍ താരതമ്യേന കുറഞ്ഞ അളവില്‍ മാത്രമാണ് ജീവനക്കാരെ എടുത്തത്. മാത്രമല്ല ലോക്ക് ഡൗണിന്റെ സമയം മുതല്‍ തന്നെ പരമാവധി ചെലവ് ചുരുക്കി മുന്നോട്ട് പോകുകയായിരുന്നു ആപ്പിള്‍. എന്നാല്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മാറിയ ഘട്ടത്തില്‍ കൂടുതല്‍ വില്‍പന എന്ന ചിന്തയോടെ വമ്പന്‍ ഹയറിംഗ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങിയ കോര്‍പ്പറേറ്റുകള്‍ക്ക് പണപ്പെരുപ്പം ഉള്‍പ്പടെയുള്ളവ തിരിച്ചടിയായി.
ഓവര്‍ കോണ്‍ഫിഡന്‍സ് 'പണിയായി'
കോവിഡ് കാലത്തിനു ശേഷം ആളുകളുടെ ജീവിത രീതി തന്നെ മാറുമെന്നും, ടെക്‌നോളജിയില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കും എന്ന കമ്പനികളുടെ കണക്ക് കൂട്ടല്‍ ഇപ്പോള്‍ പിഴച്ചിരിക്കുകയാണ്. ആഗോളതലത്തില്‍ മികച്ച വില്‍പന തുടര്‍ക്കഥയായിട്ടും ആപ്പിളിന് വരും നാളുകളെ പറ്റി അമിത പ്രതീക്ഷയ്ക്ക് പകരം ജാഗ്രതയാണുണ്ടായിരുന്നത് എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2020 മുതല്‍ 2022 വരെയുള്ള കാലയളവില്‍ ആകെ ജീവനക്കാരില്‍ കഷ്ടിച്ച് 20 ശതമാനത്തിന്റെ വര്‍ധനയാണ് ആപ്പിളിലുണ്ടായത്.
ആല്‍ഫബെറ്റിലും ആമസോണിലും ഉള്‍പ്പടെ ഇത് 60 ശതമാനത്തിന് മുകളിലായിരുന്നുവെന്നും ഓര്‍ക്കണം. ഇപ്പോള്‍ ഇരു കമ്പനികളില്‍ നിന്നും ആകെ 30,000 പേരെ പിരിച്ചുവിടാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കോവിഡ് കാലത്ത് ശതകോടികള്‍ വാരിയ സൂം ആപ്പിന് പോലും അടുത്തിടെ 15 ശതമാനം ജീവനക്കാരെ വെട്ടിക്കുറയ്‌ക്കേണ്ടി വന്നു. ആപ്പിളിന് ഇപ്പോഴും സുഗമമായി മുന്നോട്ട് പോകാന്‍ സാധിക്കുന്നത് മികച്ച ദീര്‍ഘവീക്ഷണം മൂലമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.