image

1 Jan 2023 5:03 AM GMT

Corporates

എന്‍ഡിടിവി ഓഹരി വില്‍പന: പ്രണോയ് റോയിയ്ക്കും ഭാര്യയ്ക്കും ലഭിച്ചത് 602 കോടി രൂപ

MyFin Desk

prannoy roy and wife resigns from ndtv
X

Summary

  • ഇടപാട് പൂര്‍ത്തിയായതോടെ എന്‍ഡിടിവിയിലെ അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ നിലവിലെ 37.44 ശതമാനത്തില്‍ നിന്നും 69.71 ശതമാനമായി ഉയര്‍ന്നു.


മുംബൈ: എന്‍ഡിടിവിയിലെ ഓഹരികള്‍ അദാനി ഗ്രിപ്പിന് വിറ്റത് വഴി ചാനലിന്റെ സ്ഥാപകരായ പ്രണോയ് റോയിയും രാധികാ റോയിയും ഇതിനോടകം നേടിയത് 602 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. ഇരുവരുടേയും ഉടമസ്ഥതയിലുള്ള 32.26 ശതമാനം ഓഹരികളില്‍ 27.26 ശതമാനം ഓഹരികളാണ് ഇവര്‍ വിറ്റത്. ഒരു ഓഹരിയ്ക്ക് 342.65 രൂപ എന്ന നിരക്കിലായിരുന്നു വില്‍പന.

ഇടപാട് പൂര്‍ത്തിയായതോടെ എന്‍ഡിടിവിയിലെ അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ നിലവിലെ 37.44 ശതമാനത്തില്‍ നിന്നും 69.71 ശതമാനമായി ഉയര്‍ന്നു. ഇനി പ്രണോയ്, രാധിക എന്നിവരുടെ കൈവശം അഞ്ച് ശതമാനം ഓഹരികളുമാണ് അവശേഷിക്കുന്നത്. നേരത്തേ അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ രാജ്യത്തെ പ്രമുഖ മാധ്യമമായ എന്‍ഡിടിവിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പ്രണോയ് റോയിയും ഭാര്യ രാധികാ റോയിയും രാജി വെച്ചിരുന്നു.

ഇരുവരും എന്‍ഡിടിവിയുടെ സ്ഥാപകരും പ്രമോട്ടര്‍മാരുമായിരുന്നു. എന്‍ഡിടിവിയുടെ പ്രൊമോട്ടര്‍ ഗ്രൂപ്പ് കമ്പനിയായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ഇരുവരും രാജിവെക്കുകയായിരുന്നു. രണ്ട് പേരുടേയും രാജി സ്വീകരിച്ചുവെന്ന് റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കിയതിന് പിന്നാലെ രാജിവെച്ച ഒഴിവിലേക്ക് സുദീപ്ത ഭട്ടാചാര്യ, സഞ്ജയ് പുഗാലിയ, സെന്തില്‍ സിന്നയ്യ ചെങ്കല്‍വരയന്‍ എന്നിവരെ നിയമിക്കുമെന്നും എന്‍ഡിടിവി അധികൃതര്‍ വ്യക്തമാക്കി.

എന്‍ഡിടിവിയുടെ 29.18 ശതമാനം ഓഹരികള്‍ കൈവശമുള്ള പ്രൊമോട്ടര്‍ കമ്പനിയാണ് ആര്‍ആര്‍പിആര്‍ ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡ്. ഇതാണ് നേരത്തെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്. ഓഗസ്റ്റ് അവസാന ആഴ്ച്ചയായിരുന്നു എന്‍ഡിടിവിയുടെ 29.2 ശതമാനം ഓഹരികള്‍ അദാനി ഗ്രൂപ്പ് വാങ്ങിയതായി റിപ്പോര്‍ട്ട് പുറത്തുവന്നത്.