15 Dec 2023 12:53 PM IST
Summary
- 64,958 കോടി രൂപയുടെ കടബാധ്യതയാണ് ആര്‍കോമിനുള്ളത്
- കാംപിയന്‍ പ്രോപ്പര്‍ട്ടീസിലെയും റിലയന്‍സ് റിയല്‍റ്റിയിലെയും ഓഹരി നിക്ഷേപവും വില്‍ക്കാം
- ആര്‍കോമിന്‍റെ ഓഹരികള്‍ക്ക് വിപണിയില്‍ മുന്നേറ്റം
കടക്കെണിയിലായ ടെലികോം കമ്പനി റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ ചില റിയൽ എസ്റ്റേറ്റ് ആസ്തികൾ വിൽക്കാൻ മുംബൈയിലെ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ അനുമതി നൽകി. കമ്പനി ബുധനാഴ്ച നടത്തിയ റെഗുലേറ്ററി ഫയലിംഗിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാപ്പരത്ത പരിഹാര നടപടികള്‍ നേരിടുന്ന കമ്പനിക്കും അനില്‍ അംബാനിക്കും തങ്ങളുടെ ബാധ്യതകള്‍ വീട്ടുന്നതില്‍ ആശ്വാസം നല്‍കുന്നതാണ് വിധി.
റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ (ആർകോം) റെസല്യൂഷൻ പ്രൊഫഷണൽ കമ്പനിയുടെ ചിലആസ്തികൾ വിൽക്കുന്നതിന് എൻസിഎൽടിയുടെ അംഗീകാരം തേടി സമർപ്പിച്ച അപേക്ഷയിൽ ലഭിച്ച അനുകൂല ഉത്തരവിന്‍റെ പകര്‍പ്പും ഫയലിംഗില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ട്രൈബ്യൂണലിന്റെ അംഗീകാരത്തിനായി റെസല്യൂഷൻ പ്ലാൻ സമർപ്പിച്ച ശേഷം റെസല്യൂഷൻ പ്രൊഫഷണലിന് കമ്പനിയുടെ ആസ്തികൾ വിൽക്കാൻ കഴിയും. ചെന്നൈയിലെ ഹാഡോ ഓഫീസും അനുബന്ധ ഭൂമിയും, ചെന്നൈ അമ്പട്ടൂരിലെ 3.44 എക്കര്‍ സ്ഥലം, പൂനെയിലെ 871.1 ചതുരശ്ര മീറ്റര്‍ സ്ഥലം, ഭൂവനേശ്വറിലെ ഓഫീസ്, കാംപിയന്‍ പ്രോപ്പര്‍ട്ടീസിലെയും റിലയന്‍സ് റിയല്‍റ്റിയിലെയും ഓഹരി നിക്ഷേപം എന്നിവ വിറ്റഴിക്കുന്നതിനാണ് ട്രൈബ്യൂണല്‍ അനുമതി നല്‍കിയിട്ടുള്ളത്.
ഇന്ത്യയില്‍ മൊബെല്‍ ഫോണുകള്‍ പ്രചാരത്തിലേക്ക് വന്ന പ്രാരംഭ കാലത്ത് പ്രമുഖ കമ്പനിയായി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് അഥവാ ആര്‍കോം ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് കടക്കെണിയിലേക്ക് നീങ്ങിയ കമ്പനി മുകേഷ് അംബാനിയുടെ ജിയോ കൂടി വന്നതോടെ തകര്‍ച്ചയിലായി.
64,958 കോടി രൂപയുടെ കടബാധ്യതയാണ് കമ്പനിക്കുള്ളത്. കമ്പനിക്ക് ആകെയുള്ള ആസ്തി 23,300 കോടി രൂപ മാത്രമാണെന്നാണ് വിലയിരുത്തല്‍. ഇതിനു പുറമേ അനില്‍ അംബാനിക്ക് വ്യക്തിഗതമായി ഇപ്പോഴും 14 ,000 കോടി രൂപയുടെ ആസ്തി ഉണ്ടെന്നാണ് കണക്കാക്കുന്നത്.
എന്‍സിഎല്‍ടി ഉത്തരവിനെ തുടര്‍ന്ന് ആര്‍കോമിന്‍റെ ഓഹരികള്‍ ഇന്നലെ ഓഹരി വിപണിയില്‍ 4 ശതമാനത്തിലധികം മുന്നേറി 2.30 രൂപയില്‍ എത്തിയിരുന്നു. 2008 ല്‍ 793 രൂപ വരെ വിലയുണ്ടായിരുന്ന ഈ ഓഹരി പിന്നീട് തകര്‍ന്ന് 2019ല്‍ 65 പൈസയിലേക്ക് വരെ എത്തിയിരുന്നു.