image

27 Feb 2023 6:50 AM

Corporates

ഉറങ്ങാതെ പണിയെടുത്ത് 'പ്രശസ്തയായ' ജീവനക്കാരിയും പുറത്ത്, ട്വിറ്റര്‍ 200 പേരെ കൂടി ഫയര്‍ ചെയ്തു

MyFin Desk

twitter layoff
X

Summary

  • വെള്ളി നിറമുള്ള സ്ലീപ്പിംഗ് ബാഗില്‍ എസ്‌തേര്‍ കിടന്നുറങ്ങുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
  • കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ഏകദേശം 50 പേരെയാണ് ട്വിറ്ററില്‍ നിന്നും പിരിച്ചുവിട്ടത്.


ട്വിറ്ററില്‍ കൂട്ടപ്പിരിച്ചുവിടല്‍ തുടരുന്നതിനൊപ്പം, അസ്വാഭാവികമായ 'ഫയറിംഗ്' സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്ത്. മൂന്നാഴ്ച്ചയ്ക്കിടെ ഏകദേശം 200 ജീവനക്കാരെ കമ്പനിയില്‍ നിന്നും പിരിച്ചുവിട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ കമ്പനിയ്ക്കായി പുലരുവോളം ജോലി ചെയ്യുകയും ഓഫീസില്‍ തന്നെ കിടന്നുറങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്ത ട്വിറ്റര്‍ ബ്ലൂ വിഭാഗം മേധാവി എസ്‌തേര്‍ ക്രോഫോര്‍ഡിനേയും ഇക്കൂട്ടത്തില്‍ പിരിച്ചുവിട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വെള്ളി നിറമുള്ള സ്ലീപ്പിംഗ് ബാഗില്‍ എസ്‌തേര്‍ കിടന്നുറങ്ങുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ഏകദേശം 50 പേരെയാണ് ട്വിറ്ററില്‍ നിന്നും പിരിച്ചുവിട്ടത്. ട്വിറ്റര്‍ പേയ്‌മെന്റുകളുടെയടക്കം മേധാവി കൂടിയായിരുന്നു എസ്‌തേറെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. തൊഴിലില്‍ മികവ് പുലര്‍ത്തിയിരുന്ന എസ്‌തേറിനെ പിരിച്ചുവിട്ടത് എന്തിനാണെന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.

വാര്‍ഷികാടിസ്ഥാനത്തില്‍ ട്വിറ്ററിന്റെ വരുമാനം 40 ശതമാനം ഇടിഞ്ഞുവെന്ന് കഴിഞ്ഞ മാസം അവസാന വാരം പ്ലാറ്റ്ഫോര്‍മര്‍ മീഡിയയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. ട്വിറ്ററില്‍ നിന്നും പിരിച്ചുവിട്ട തൊഴിലാളികള്‍ക്ക് ആഴ്ച്ചകളേറെ പിന്നിട്ടിട്ടും പിരിച്ചുവിടല്‍ വേതനം (സെവറന്‍സ് പേ) നല്‍കിയിട്ടില്ലെന്ന റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയായിരുന്നു ഇത്.

ഒരു തൊഴിലിടത്തില്‍ നിന്നും ഒരു തൊഴിലാളിയെ തന്റേതല്ലാത്ത കാരണത്താല്‍ പിരിച്ചു വിട്ടാല്‍ നല്‍കേണ്ട തുകയാണിത്. ട്വിറ്റര്‍ മേധാവിയായി ഇലോണ്‍ മസ്‌ക് ചുമതലയേറ്റയുടനെ കമ്പനിയിലെ 50 ശതമാനത്തോളം (ഏകദേശം 7,000 ത്തോളം) ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഇതില്‍ 1,000 ത്തോളം പേര്‍ കാലിഫോര്‍ണിയയിലെ താമസക്കാരാണ്.

സംസ്ഥാന, ഫെഡറല്‍ നിയമങ്ങള്‍ പ്രകാരം പിരിച്ചുവിട്ട ഈ തൊഴിലാളികള്‍ക്ക് കഴിഞ്ഞ രണ്ട് മാസമായി സ്ഥിരമായി വേതനം ലഭിക്കേണ്ടതാണ്. പിരിച്ചുവിടല്‍ നടത്തിയിട്ട് 60 ദിവസം പൂര്‍ത്തിയായെങ്കിലും ഈ ജീവനക്കാര്‍ക്കൊന്നും സെവറന്‍സ് പേയ്മെന്റോ, കോബ്ര എന്നറിയപ്പെടുന്ന ഹെല്‍ത്ത് കവറേജോ ലഭിക്കുകയോ, അതിനെക്കുറിച്ച് കമ്പനിയില്‍ നിന്നും എന്തെങ്കിലും അറിയിപ്പോ ലഭിച്ചില്ലെന്ന് തൊഴില്‍ നഷ്ടപ്പെട്ട ജീവനക്കാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

പിരിച്ചുവിടല്‍ പ്രഖ്യാപിച്ച സമയത്ത് മസ്‌ക് മൂന്ന് മാസത്തെ സെവറന്‍സ് പേയാണ് വാഗ്ദാനം ചെയ്തത്. പക്ഷേ, 44 ബില്യണ്‍ ഡോളറിന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ഏറ്റെടുത്തതിനുശേഷം, മസ്‌ക് കമ്പനിയില്‍ ചെലവ് ചുരുക്കല്‍ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. കമ്പനി പാപ്പരത്വ നടപടികളെ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും നല്‍കി.

യാത്ര, ഭക്ഷണ അലവന്‍സുകള്‍ ഉള്‍പ്പെടെയുള്ള ആനൂകൂല്യങ്ങളും റദ്ദാക്കിയിരുന്നു. പ്രൈവറ്റ് ചാര്‍ട്ടേഡ് വിമാനങ്ങള്‍, സോഫ്റ്റ് വെയര്‍ സേവനങ്ങള്‍, വാടക എന്നിങ്ങനെ ട്വിറ്റര്‍ കുടിശ്ശിക വരുത്തിയ ബില്ലുകള്‍ നിരവധിയാണെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ബ്ലൂംബര്‍ഗ് ഇന്‍ഡക്സ് റിപ്പോര്‍ട്ട് പ്രകാരം 2022 അവസാനിക്കുമ്പോള്‍ മസ്‌കിനുണ്ടായ നഷ്ടം എന്നത് ഏകദേശം 20,000 കോടി (200 ബില്യണ്‍) യുഎസ് ഡോളറാണ്. കൃത്യമായി പറഞ്ഞാല്‍ ഏകദേശം 16.55 ലക്ഷം കോടി ഇന്ത്യന്‍ രൂപ.