image

4 Feb 2024 6:42 AM GMT

Corporates

പേടിഎം കള്ളപ്പണം വെളുപ്പിച്ചു? ആര്‍ബിഐ സംശയിക്കുന്നത് ഗുരുതര കുറ്റകൃത്യങ്ങള്‍

MyFin Desk

paytm laundered black money, rbi suspects serious crimes
X

Summary

  • നൂറുകണക്കിന് കോടി രൂപയുടെ ഇടപാടുകള്‍ സംശയത്തില്‍
  • പ്രവര്‍ത്തന രഹിതമായ അക്കൗണ്ടുകളുടെ എണ്ണം ഗുരുതമായ ഉയരത്തില്‍
  • ഒറ്റ പാന്‍ ഉപയോഗിച്ച് നിരവധി അക്കൗണ്ടുകള്‍


പേടിഎമ്മിനെതിരേ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നടപടിയിലേക്ക് നീങ്ങിയത് ഗുരുതര കുറ്റകൃത്യങ്ങളെ കുറിച്ചുള്ള സംശയത്തെ തുടര്‍ന്ന്. പേടിഎം പേമെന്‍റ് പ്ലാറ്റ്‍ഫോം അതിന്‍റെ പേമെന്‍റ് ബാങ്ക് വിഭാഗവും തമ്മില്‍ നടന്ന നൂറുകണക്കിന് കോടി രൂപയുടെ ഇടപാടുകള്‍ സംശയാസ്പദമാണെന്നും ഇതിലൂടെ കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പടെ നടന്നെന്നാണ് സംശയിക്കുന്നത്.

ഫാസ്‍ടാഗ് നിക്ഷേപങ്ങൾ എടുക്കൽ, ക്രെഡിറ്റ് ഇടപാടുകൾ നടത്തല്‍, ഏല്ലാവിധത്തിലുമുള്ള ഉപഭോക്തൃ അക്കൗണ്ടുകൾ തുറക്കല്‍, പ്രീപെയ്ഡ് സേവനങ്ങള്‍- വാലറ്റുകൾ- കാർഡുകൾ എന്നിവയുടെ ടോപ്പ്-അപ്പ് എന്നിങ്ങനെ ഒട്ടുമിക്ക ബിസിനസുകളും നിർത്തിവെക്കാനാണ് പേടിഎം പേയ്‌മെൻ്റ് ബാങ്ക് ലിമിറ്റഡിന് (പിപിബിഎൽ) സെൻട്രൽ ബാങ്ക് ഉത്തരവിലൂടെ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

ഫെബ്രുവരി 29 വരെ ഉപഭോക്താക്കൾക്ക് അവരുടെ നിലവിലുള്ള നിക്ഷേപങ്ങൾ ആക്‌സസ് ചെയ്യാനും അവരുടെ വാലറ്റിൽ സൂക്ഷിച്ചിരിക്കുന്ന പണം ഉപയോഗിച്ച് സേവനങ്ങൾക്കായി പണമടയ്‌ക്കാനും കഴിയും. ആർബിഐ വഴങ്ങിയില്ലെങ്കിൽ, പേടിഎം വാലറ്റ് വഴിയുള്ള ഇടപാടുകള്‍ തുടര്‍ന്ന് സാധ്യമാകില്ല.

കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാത്ത ലക്ഷക്കണക്കിന് ഇടപാടുകള്‍ വിജയ് ശേഖര്‍ വര്‍മ നേതൃത്വം നല്‍കുന്ന പേമെന്‍റ് ബാങ്കില്‍ കണ്ടെത്തിയിട്ടുണ്ട്. ആയിരക്കണക്കിന് കേസുകളിൽ ഒന്നിലധികം അക്കൗണ്ടുകൾ തുറക്കുന്നതിന് ഒറ്റ പാൻ ഉപയോഗിച്ചിട്ടുണ്ടെന്നും ആര്‍ബിഐ വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.

പിപിബിഎലിന് ഏകദേശം 35 കോടി ഇ-വാലറ്റുകൾ ഉണ്ട്. ഇതിൽ 31 കോടിയും പ്രവർത്തനരഹിതമാണെന്ന് ചില അനലിസ്‍റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഏകദേശം 4 കോടി അക്കൗണ്ടുകൾ പ്രവര്‍ത്തനക്ഷമമായിരിക്കുന്നത് ചെറിയ ബാലൻസോടെയോ ബാലൻസില്ലാതെയോ ആണ്. പ്രവർത്തനരഹിതമായ അക്കൗണ്ടുകളുടെ എണ്ണം അസാധാരണമാംവിധം ഉയർന്നിരിക്കുന്നത് വന്‍തട്ടിപ്പിന്‍റെ സൂചനയായാണ് കണക്കാക്കപ്പെടുന്നത്.

2021ലും ക്രമക്കേട് കണ്ടെത്തി

2021-ലും ആർബിഐ ഗുരുതരമായ കെവൈസി ലംഘനങ്ങളും കള്ളപ്പണം വെളുപ്പിക്കലും കണ്ടെത്തിയിരുന്നു. ഈ പോരായ്മകൾ പരിഹരിക്കാൻ ബാങ്കിന് നിർദ്ദേശം നൽകിയിരുന്നെങ്കിലും ഇത് നടപ്പായില്ലെന്നും തുടര്‍ന്നും നിയമലംഘനങ്ങള്‍ മുന്നോട്ടുപോയെന്നുമാണ് ആര്‍ബിഐ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്.

ബാങ്ക് സമർപ്പിച്ച രേഖകള്‍ അപൂർണ്ണവും വ്യാജവുമാണെന്ന് പല അവസരങ്ങളിലും കണ്ടെത്തി. അതനുസരിച്ച്, 2022 മാർച്ചിൽ, പേടിഎം പേമെന്‍റ് ബാങ്ക് ലിമിറ്റഡിനു മേല്‍ ആര്‍ബിഐ മേൽനോട്ട നിയന്ത്രണം ഏർപ്പെടുത്തി. പുതിയ ഉപഭോക്താക്കളെ ഉടനടി പ്രാബല്യത്തിൽ കൊണ്ടുവരുന്നത് നിർത്തുകയും സമഗ്രമായ സിസ്റ്റം ഓഡിറ്റ് നടത്താൻ ഒരു ബാഹ്യ ഓഡിറ്റ് സ്ഥാപനത്തെ നിയമിക്കുകയും ചെയ്തിരുന്നു.

ഡിജിറ്റൽ തട്ടിപ്പുകൾ നടത്താൻ ഇത്തരം അക്കൗണ്ടുകൾ ഉപയോഗിച്ചതിനാൽ രാജ്യത്തുടനീളമുള്ള വിവിധ നിയമ നിർവ്വഹണ ഏജൻസികൾ അക്കൗണ്ടുകളും വാലറ്റുകളും മരവിപ്പിച്ച നിരവധി കേസുകളുണ്ട്. 2022 സെപ്റ്റംബറിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് പിപിബിഎലിന്‍റെയും അതിൻ്റെ മാതൃ സ്ഥാപനമായ വണ്‍97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിൻ്റെയും മറ്റ് പേയ്‌മെൻ്റ് പ്ലാറ്റ്‍ഫോമുകളുടെയും ഓഫിസുകളില്‍ റെയ്ഡുകൾ നടത്തിയിരുന്നു.

വിശദീകരണവുമായി പേടിഎം

ഞങ്ങളോ വണ്‍97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിൻ്റെ സ്ഥാപക-സിഇഒയോ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ അന്വേഷണ വിഷയമായിട്ടില്ലെന്നാണ് പിപിബിഎൽ വക്താവ് പറയുന്നു. ഇടയ്‌ക്കിടെ, പ്ലാറ്റ്‌ഫോമുകളിലെ ചില വ്യാപാരികൾ അന്വേഷണത്തിന് വിധേയരായിട്ടുണ്ട്, അത്തരം സന്ദർഭങ്ങളിൽ കമ്പനി അധികാരികളുമായി പൂർണ്ണമായി സഹകരിക്കുന്നുവെന്നും വക്താവ് പറഞ്ഞു.

ആർബിഐയുടെ നിർദ്ദേശത്തെത്തുടർന്ന്, വൺ97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിൻ്റെ ഓഹരികൾ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 40 ശതമാനം ഇടിഞ്ഞു. വെള്ളിയാഴ്ച ബിഎസ്ഇയിൽ ഈ ഓഹരി 20 ശതമാനം ഇടിഞ്ഞ് 487.05 രൂപയിലെത്തി. രണ്ട് ദിവസത്തിനുള്ളിൽ കമ്പനിയുടെ വിപണി മൂലധനം (എംക്യാപ്) 17,378.41 കോടി രൂപ ഇടിഞ്ഞ് 30,931.59 കോടി രൂപയായി.