11 July 2023 10:09 AM
Summary
- എസ്എഫ്ഐഒ അന്വേഷണത്തിന് സാധുത പരിശോധിക്കുന്നു
- റിപ്പോര്‍ട്ട് ആറ് ആഴ്ചയ്ക്കകം സമര്‍പ്പിക്കണം
- തുടര്‍ പ്രതിസന്ധികളില്‍ വലഞ്ഞ് എഡ്ടെക് വമ്പന്‍
പ്രതിസന്ധിയില്‍ അകപ്പെട്ട എഡ്‌ടെക് സ്റ്റാർട്ടപ്പ് ബൈജൂസിന്റെ അക്കൗണ്ട് ബുക്കുകൾ പരിശോധിക്കാൻ കോർപ്പറേറ്റ് കാര്യ മന്ത്രാലയം ഉത്തരവിട്ടു. ആറാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നല്‍കാനാണ് ഉദ്യോഗസ്ഥരോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുള്ളതെന്നാണ് ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. 2019-20, 2020-21 എന്നീ രണ്ട് സാമ്പത്തിക വർഷങ്ങളിലെ ബൈജുസിന്‍റെ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‍മെന്‍റുകള്‍ സിഎ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫിനാൻഷ്യൽ റിപ്പോർട്ടിംഗ് റിവ്യൂ ബോർഡ് (എഫ്ആർആർബി) അവലോകനം ചെയ്തതിന് ശേഷമാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഈ നീക്കം ഉണ്ടായിട്ടുള്ളത്.
ബൈജൂസിനെതിരേ എസ്എഫ്ഐഒ അന്വേഷണം നടത്തുന്നതായി നേരത്തേ ദി ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കമ്പനി ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. ഗുരുതര സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കായി, കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് എസ്എഫ്ഐഒ. ഇത്തരമൊരു അന്വേഷണം നടക്കുന്നില്ലെന്നും യാതൊരു ആശയവിനിമയവും എസ്എഫ്ഐഒ-യുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നുമാണ് കമ്പനി വിശദീകരിച്ചിട്ടുള്ളത്. എന്നാല്‍ ബൈജൂസിലെ സാഹചര്യം പരിശോധിക്കാന്‍ എസ്എഫ്ഐഒ-യെ നിയോഗിക്കുന്നതിനുള്ള നിയമസാധുതകളും നടപടിക്രമങ്ങളും മന്ത്രാലയം ഇതിനകം പരിശോധിച്ചിട്ടുണ്ടെന്നാണ് വിവിധ സ്രോതസുകള്‍ ബ്ലൂംബെര്‍ഗിനോട് വെളിപ്പെടുത്തിയിട്ടുള്ളത്.
ബൈജൂസില്‍ ഭരണതലത്തില്‍ വീഴ്ചകള്‍ സംഭവിച്ചുവെന്നും അക്കൌണ്ട് വിവരങ്ങള്‍ സുതാര്യമല്ലെന്നും സൂചിപ്പിക്കുന്ന പല റിപ്പോര്‍ട്ടുകളും അടുത്തിടെ പുറത്തുവന്നിരുന്നു. മൂന്ന് പ്രധാന അംഗങ്ങള്‍ അടുത്തിടെ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും രാജിവച്ചു. അതേ സമയത്ത് തന്നെ ബൈജൂസിന്റെ ഓഡിറ്റര്‍ സ്ഥാനത്തു നിന്ന് ഡിലോയിറ്റും പിന്‍മാറിയിരുന്നു. തങ്ങള്‍ക്ക് സ്‍റ്റേറ്റ്മെന്‍റുകള്‍ ലഭ്യമാക്കുന്നതില്‍ ബൈജൂസ് കാലതാമസം വരുത്തുന്നുവെന്നും ഇത് തങ്ങളുടെ പ്രവര്‍ത്തനത്തിന്‍റെ ഗുണമേന്മയെ ബാധിക്കുന്നതാണെന്നും കാണിച്ചായിരുന്നു ഡിലോയിറ്റിന്‍റെ രാജി.
ജുലൈ നാലിന് വിളിച്ചുചേര്‍ത്ത എക്‌സ്ട്രാ ഓര്‍ഡിനറി ജനറല്‍ മീറ്റിംഗില്‍ കമ്പനിയുടെ വീഴ്ചകള്‍ പരിഹരിക്കാന്‍ ബോര്‍ഡ് അഡൈ്വസറി കമ്മിറ്റിക്ക് രൂപം കൊടുക്കുമെന്ന് ബൈജൂസിന്റെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന്‍ പറഞ്ഞിരുന്നു. വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും കമ്പനിയുടെ സാമ്പത്തിക സ്ഥിതി ഭദ്രമാണെന്ന് ആവര്‍ത്തിക്കുകയാണ് ബൈജൂസ് മാനേജ്മെന്‍റ്. അധികം താമസിയാതെ ലാഭത്തിലേക്ക് എത്താനാകുമെന്നും കമ്പനിയുടെ നേതൃത്വം വിശദീകരിക്കുന്നു
ഇതിനിടെ ബോളിവുഡ് സൂപ്പര്‍താരം ഷാറൂഖ് ഖാനും ബൈജൂസുമായുള്ള കരാര്‍ പുതുക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. കമ്പനിയുടെ ചെലവ് ചുരുക്കല്‍ നടപടികള്‍ തുടരുന്നതിന്റെ ഭാഗമായാണ് ഇത്. ബൈജൂസുമായി ബന്ധപ്പെട്ട നെഗറ്റിവ് വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ കരാറുമായി മുന്നോട്ടുപോകുന്നതിന് ഷാറൂഖിനും താല്‍പ്പര്യമില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ സ്പോണ്‍സര്‍ എന്ന സ്ഥാനവും അടുത്തിടെ ബൈജൂസ് നഷ്ടപ്പെടുത്തിയിരുന്നു.
കൊറോണ മഹാമാരി ഒഴിഞ്ഞതിനു പിന്നാലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ വിപണിക്ക് ഉണ്ടായ മാന്ദ്യത്തെ തുടര്‍ന്ന്, ബൈജൂസ് പ്രതിസന്ധിയിലേക്ക് നീങ്ങുകയായിരുന്നു. വന്‍ വിപൂലീകരണ പദ്ധതികള്‍ ആസൂത്രണം ചെയ്ത് വലിയ വായ്പകളെടുത്തതും വന്‍തോതില്‍ നിയമനങ്ങളും ശാഖകളും തുടങ്ങിയതും തിരിച്ചടിയായി. 2 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ടേം ലോണാണ് നിലവിലെ പ്രതിസന്ധിയുടെ ആണിക്കല്ലായി കണക്കാക്കാവുന്നത്. വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്നുള്ള നിയമ വ്യവഹാരങ്ങള്‍ അമേരിക്കയിലെ രണ്ടു കോടതികളിലായി തുടരുകയാണ്. അതിനിടെ ഒത്തുതീര്‍പ്പുണ്ടാക്കുന്നതിനും വായ്പയില്‍ പുനഃക്രമീകരണം നടത്തുന്നതിനുമായി ചില വായ്പാദാതാക്കളും ബൈജൂസും തമ്മില്‍ വീണ്ടും ചര്‍ച്ചകള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2500ഓളം ജീവനക്കാരെ പിരിച്ചുവിട്ട ബൈജൂസ് ഈ വര്‍ഷം 1000 ജീവനക്കാരെയാണ് ഒഴിവാക്കിയത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ ഒട്ടുമിക്ക ജീവനക്കാരുടെയും പിഎഫ് പേമെന്റ് കമ്പനി നടത്തിയിട്ടില്ലെന്ന് ഇപിഎഫ്ഒ ഡാറ്റ ഉള്‍പ്പടെയുള്ള സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.