7 March 2023 5:10 AM
വീക്ഷണമില്ലാതെ സുക്കര്‍ബര്‍ഗ് 'കാശെറിഞ്ഞത്' ജീവനക്കാര്‍ക്ക് വിന, ഫയറിംഗ് കടുക്കുമെന്ന് റിപ്പോര്‍ട്ട്
MyFin Desk
Summary
- വെര്‍ച്വല്‍ റിയാലിറ്റിലടക്കം നിക്ഷേപം നടത്തി ശതകോടികളുടെ നഷ്ടമുണ്ടായതിന്റെ പിന്നാലെയാണ് മെറ്റയില്‍ കൂട്ടപ്പിരിച്ചുവിടല്‍ ശക്തമാക്കിയത്.
സാന്‍ഫ്രാന്‍സിസ്‌കോ: വരുന്ന രണ്ടാഴ്ച്ചയ്ക്കകം ആയിരക്കണക്കിന് പേരെ മെറ്റ പിരിച്ചുവിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ നവംബറില്‍ ആദ്യഘട്ട കൂട്ടപ്പിരിച്ചുവിടല്‍ പ്രഖ്യാപിച്ചപ്പോള്‍ ഏകദേശം 11,000 പേര്‍ക്കാണ് മെറ്റയില്‍ നിന്നും തൊഴില്‍ നഷ്ടമായത്. ഇതില്‍ മിക്കവരും ഫേസ്ബുക്കില്‍ ജോലി ചെയ്യുന്നവരാണ്. ഇന്‍സ്റ്റാഗ്രാമിലും വാട്‌സാപ്പിലും ജോലി ചെയ്യുന്നരേയും ഇത്തരത്തില്‍ പിരിച്ചുവിട്ടെങ്കിലും എണ്ണം താരതമ്യേന കുറവായിരുന്നു.
മൂന്നാമത്തെ കുഞ്ഞിന് വേണ്ടിയുള്ള തയാറെടുപ്പിനായതിനാല്‍ മെറ്റ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അവധിയില്‍ പോയിരിക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ കൂട്ടപ്പിരിച്ചുവിടല്‍ തുടരുന്നതിനിടയില്‍ അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സുരക്ഷാ അലവന്‍സ് വര്‍ധിപ്പിച്ച സംഭവം വിവാദമായിരിക്കവേയാണ് അദ്ദേഹം അധിയില്‍ പ്രവേശിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. വെര്‍ച്വല്‍ റിയാലിറ്റിലടക്കം നിക്ഷേപം നടത്തി ശതകോടികളുടെ നഷ്ടമുണ്ടായതിന്റെ പിന്നാലെയാണ് മെറ്റയില്‍ കൂട്ടപ്പിരിച്ചുവിടല്‍ ശക്തമാക്കിയത്.
സുരക്ഷാ അലവന്‍സ് 14 ദശലക്ഷം യുഎസ് ഡോളര്‍
മാര്‍ക്ക് സുക്കര്‍ബര്‍ഗിനും കുടുംബത്തിനുമായുള്ള സുരക്ഷാ അലവന്‍സ് 14 ദശലക്ഷം യുഎസ് ഡോളറായി ഉയര്‍ത്തിയെന്ന് ഏതാനും ആഴ്ച്ച മുന്‍പ് റിപ്പോര്‍ട്ട് വന്നിരുന്നു. ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയില്‍ നിന്നും ആയിരക്കണക്കിന് പേരെ കൂട്ടപ്പിരിച്ചുവിടല്‍ നടത്തിയതിന് പിന്നാലെയാണ് സുക്കര്‍ബര്‍ഗിന്റെ സുരക്ഷാ അലവന്‍സ് വര്‍ധിപ്പിച്ചത്. നേരത്തെ ഇത് 4 മില്യണ്‍ യുഎസ് ഡോളറായിരുന്നു.
സുക്കര്‍ബര്‍ഗിന്റെ സുരക്ഷ സംബന്ധിച്ച സംവിധാനങ്ങളില്‍ അടിമുടി മാറ്റം വരുത്തുകയാണെന്നും കമ്പനി പുറത്ത് വിട്ട റിപ്പോര്‍ട്ടിലുണ്ട്. 38 കാരനായ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഫോബ്സ് ബില്യണയര്‍ പട്ടികയില്‍ 16ാം സ്ഥാനത്താണ്. 2021ല്‍ മാത്രം സുക്കര്‍ബര്‍ഗിന്റെ പ്രതിഫലം 27 മില്യണ്‍ യുഎസ് ഡോളറായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ആഗോള കോര്‍പ്പറേറ്റ് ലോകത്ത് കൂട്ടപ്പിരിച്ചുവിടലുകള്‍ ശക്തമാകുമ്പോഴാണ് ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയില്‍ നിന്നും ഇക്കഴിഞ്ഞ നവംബര്‍-ഡിസംബര്‍ കാലയളവിലായി 11,000 പേരെ പിരിച്ചുവിട്ടത്. കമ്പനിയിപ്പോള്‍ ശക്തമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും, നിലവിലുള്ളതില്‍ 13 ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. ടെക്‌നോളജി മേഖലയിലെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലാണിത്.
മെറ്റയുടെ ചരിത്രത്തിലെ ഏറ്റവും പ്രയാസകരമായ മാറ്റത്തെ പറ്റി പങ്കുവെക്കുകയാണ് എന്ന് ആമുഖത്തോടെയാണ് പിരിച്ചുവിടലിനെ പറ്റി മെറ്റ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ലോകത്തെ അറിയിച്ചത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ 87,314 ജീവനക്കാരാണ് മെറ്റയിലുള്ളത്.
ഇതിന് തൊട്ടു മുന്‍പുള്ള മാസങ്ങളിലെല്ലാം മെറ്റയുടെ വരുമാനത്തില്‍ വന്‍ ഇടിവാണുണ്ടായത്. മെറ്റാവേഴ്‌സിനായി കമ്പനി നടത്തിയ നിക്ഷേപങ്ങളെല്ലാം പാഴായിപ്പോയതോടെ കമ്പനിയുടെ ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞിരുന്നു. പരസ്യ വരുമാനത്തില്‍ ഉള്‍പ്പടെ ഇടിവ് വന്നതോടെ കമ്പനിയുടെ പല ഭാഗങ്ങളിലേയും ഓഫീസുകള്‍ക്ക് താഴിടേണ്ട അവസ്ഥ വരെയുണ്ടായി.