16 Jan 2024 8:48 AM GMT
Summary
- അദാനി ഗ്രൂപ്പിലെ ഏറ്റവും വലിയ സ്ഥാപന നിക്ഷേപകരിലൊരാളാണ് എൽഐസി
- അംബുജ സിമന്റ്സിന്റെ 4,500 ഓഹരികൾ വാങ്ങി
- അദാനി പോർട്ട്‌സിലെ ഓഹരി പങ്കാളിത്തം മൂന്നാം പാദത്തിൽ 7.86% കുറച്ചു
കേന്ദ്ര പൊതു മേഖല സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) അദാനി ഗ്രൂപ്പിലെ ഏറ്റവും വലിയ സ്ഥാപന നിക്ഷേപകരിലൊരാളാണ്. ഡിസംബറിൽ അവസാനിച്ച പാദത്തിലെ കമ്പനിയുടെ ഓഹരി പങ്കാളിത്തം നോക്കുകയാണെങ്കിൽ, മൂന്ന് അദാനി കമ്പനികളുടെ 3.72 കോടി ഓഹരികൾ വിറ്റഴിക്കുകയും അംബുജ സിമന്റ്സിന്റെ 4,500 ഓഹരികൾ വാങ്ങുകയും ചെയ്തു.
അദാനി എനർജി സൊല്യൂഷൻസ്, അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്സ് എന്നിവയിലെ ഓഹരികളാണ് എൽഐസി വിറ്റോരിച്ചത്. വിദഗ്ധരുടെ അഭിപ്രായത്തിൽ അദാനി കമ്പനികളിൽ ഈയിടെയുണ്ടായ ഉയർച്ച ലാഭം ബുക്ക് ചെയ്യാൻ പൊതുമേഖലാ സ്ഥാപനത്തെ സഹായിച്ചു.
2023 ജനുവരി 27ന് അദാനി ഗ്രൂപ്പ് ഓഹരികളിലെ തങ്ങളുടെ എല്ലാ നിക്ഷേപങ്ങളുടെയും വിപണി മൂല്യം 56,142 കോടി രൂപയാണെന്ന് എൽഐസി അറിയിച്ചിരുന്നു. അദാനി ഗ്രൂപ്പിലെ എൽഐസിയുടെ ഓഹരി പങ്കാളിത്തം 2023 സ്പെറ്റംബറിൽ അവസാനിച്ച പാദത്തിൽ 45,025 കോടി രൂപയായിരുന്നു. ഇത് 2023 ഡിസംബർ പാദത്തിന്റെ അവസാനത്തിൽ 58,374 കോടി രൂപയായി ഉയർന്നു.
അദാനി എനർജി സൊല്യൂഷൻസ്
നടപ്പ് വർഷത്തെ രണ്ടാം പാദത്തിലെ 3.68 ശതമാനമുണ്ടായ അദാനി എനർജി സൊല്യൂഷൻസിലെ ഓഹരി പങ്കാളിത്തം മൂന്നാം പാദത്തിൽ 3 ശതമാനമായി കുറച്ചു. ഡിസംബർ പാദത്തിൽ ഓഹരികൾ 42 ശതമാനം നേട്ടം നല്കിയിട്ടുണ്ട്.
അദാനി എന്റർപ്രൈസസ്
രണ്ടാം പാദത്തിലെ അദാനി എന്റർപ്രൈസിലുണ്ടായിരുന്ന 4.23 ശതമാനം ഓഹരി പങ്കാളിത്തം മൂന്നാം പാദത്തിൽ 3.93 ശതമാനമായി കുറഞ്ഞു.
അദാനി പോർട്സ്
അദാനി പോർട്ട്‌സിലെ ഓഹരികൾ മൂന്നാം പാദത്തിൽ മാത്രം ഉയർന്നത് 46 ശതമാനത്തിലധികമാണ്. കമ്പനിയിൽ എൽഐസിക്ക് രണ്ടാം പാദത്തിലുണ്ടായിരുന്ന 9.07 ശതമാനം ഓഹരി പങ്കാളിത്തം മൂന്നാം പാദത്തിൽ 7.86 ശതമാനമാക്കി കുറച്ചു. ഗ്രൂപ്പിലെ എൽഐസിയുടെ ഏറ്റവും വലിയ നിക്ഷേപം കൂടിയാണ് അദാനി പോർട്‌സ്, ഓഹരി മൂല്യം 20,000 കോടി രൂപയിലധികം വരും.
മറ്റ് അദാനി ഓഹരികൾ
അവസാന പാദത്തിൽ എസിസി, അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ് എന്നിവയിലെ എൽഐസിയുടെ ഓഹരി പങ്കാളിത്തത്തിൽ മാറ്റമില്ല. മൂന്നാം പാദത്തിൽ, എൽഐസിയുടെ അദാനി ഓഹരികളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് അദാനി ഗ്രീൻ ആയിരുന്നു.