image

23 Nov 2023 10:30 AM GMT

Corporates

ബാങ്ക് ഓഫ് ബറോഡയിൽ ഓഹരി പങ്കാളിത്തം ഉയ‍ർത്തി എൽഐസി

MyFin Desk

lic increased stake in bank of baroda
X

Summary

ഓഹരി ഒന്നിന് ഏകദേശം 197.99 രൂപയ്ക്കാണ് ഓഹരികൾ ഏറ്റെടുത്തത്‌


ഓപ്പൺ മാർക്കറ്റ് ഇടപാടുകൾ വഴി ബാങ്ക് ഓഫ് ബറോഡയിലെ ഓഹരി പങ്കാളിത്തം ഉയർത്തിഎൽഐസി. നേരത്തെ ബാങ്ക് ഓഫ് ബറോഡയുടെ 25.78 കോടി ഓഹരികളാണ് എൽഐസിയുടെ കൈവശം ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ 24.39 ലക്ഷം ഓഹരികൾ വിപണിയിൽ നിന്ന് വാങ്ങിയതോടെ അതിന്റെ ബാങ്ക് ഓഫ് ബറോഡയിൽ ഓഹരി പങ്കാളിത്തം 26.02 കോടി ഓഹരികളായി വർധിച്ചതായി എൽഐസി അറിയിച്ചു. ഇതോടെ മൊത്തം ഓഹരി പങ്കാളിത്തം കമ്പനിയുടെ പെയ്ഡ്-അപ്പ് മൂലധനത്തിന്റെ 5 ശതമാനം കടന്ന് 5.031 ശതമാനത്തിലെത്തി. ഓഹരി ഒന്നിന് ഏകദേശം 197.99 രൂപയ്ക്കാണ് ഓഹരികൾ വാങ്ങിയത്. ഏകദേശം 48.3 കോടി രൂപയോളം ചെലവഴിച്ചാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. നവംബർ 20- നാണ് ഇടപാടുകൾ പൂർത്തിയാക്കിയത്.

നവംബർ 21 ന് ബാങ്ക് ഓഫ് ബറോഡ സ്റ്റോക്ക് എൻഎസ്ഐയിൽ 1.09 ശതമാനം ഇടിഞ്ഞ് 195.5 രൂപയായി. എൽഐസിയുടെ ഓഹരികൾ അന്നേദിവസം 0.21 ശതമാനം നഷ്ടത്തിലാണ് അവസാനിച്ചത്. ഈ മാസം, ബാങ്ക് ഓഫ് ബറോഡ ഒരു എക്‌സ്‌ചേഞ്ച് ഫയലിംഗിൽ, കമ്പനി തങ്ങളുടെ ബിസിനസ്സ് വളർച്ചക്കായി ടയർ-2, ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകൾ എന്നിവയിലൂടെ 15,000 കോടി രൂപ വരെ സമാഹരിക്കാൻ പദ്ധതിയുള്ളതായി അറിയിച്ചിരുന്നു. ടയർ-2 ബോണ്ടുകൾ വഴി 5,000 കോടി രൂപയും ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകൾ വഴി 10,000 കോടി രൂപയും സമാഹരിക്കാൻ തീരുമാനിച്ചതായി ബാങ്ക് അറിയിച്ചിരുന്നു.

നവംബർ നാലിനു കമ്പനി പുറത്തുവിട്ട റിപ്പോ‍ർട്ട് പ്രകാരം 2023-24 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 4,252.89 കോടി രൂപ അറ്റാദായം നേടി ബാങ്ക് മെച്ചപ്പെട്ട വരുമാന വളർച്ചയും നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഓഹരി വില 28 ശതമാനം ഉയർന്നു. ബാങ്കിന്റെ മൊത്തം പലിശ വരുമാനം വാർഷികാടിസ്ഥാനത്തിൽ 6.4 ശതമാനം വർധിച്ച് 10,831 കോടി രൂപയായി ഉയ‍‍ർന്നു.